പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 98 – വി. പാസ്‌ക്കൽ (775-824)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 817 ജനുവരി 25 മുതൽ 824 ഫെബ്രുവരി 11 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. പാസ്ക്കൽ. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത് ബോനോസൂസിന്റെയും തിയഡോറയുടെയും മകനായി എ.ഡി. 775 -ൽ പാസ്കൽ മാർപാപ്പ റോമിൽ ജനിച്ചുവെന്നാണ്. ലിയോ മൂന്നാമൻ മാർപാപ്പ പാസ്‌ക്കലിനെ വി. സ്റ്റീഫന്റെ നാമത്തിലുള്ള, തീർത്ഥാടകരെ പരിചരിക്കുന്ന ആശ്രമത്തിന്റെ ചുമതലക്കാരനായി നിയമിച്ചു. പിന്നീട് അദ്ദേഹത്തെ സാന്താ പ്രസ്സേദെ ബസിലിക്കയിലെ കാർഡിനൽ പ്രീസ്റ്റായി നിയമിക്കുന്നു.

സ്റ്റീഫൻ നാലാമൻ മാർപാപ്പ മരിച്ചതിന്റെ പിറ്റേ ദിവസം പാസ്കലിനെ മാർപാപ്പയായി റോമാക്കാർ തിരഞ്ഞെടുത്തു. ഫ്രാങ്കിഷ്‌ ചക്രവർത്തിമാരുടെ ഇടപെടൽ ഉണ്ടാകാതിരിക്കുന്നതിനായിട്ടാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ സ്ഥാനം ഏറ്റെടുത്തയുടൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ലൂയിസ് ചക്രവർത്തിക്ക് മാർപാപ്പ കത്തെഴുതി. ഈ കത്തിന് മറുപടിയായി മാർപാപ്പയെ അഭിനന്ദിച്ചുകൊണ്ടും പേപ്പൽ സ്റ്റേറ്റിന്റെ കാര്യങ്ങളിൽ ഇടപെടില്ല എന്നും ഭാവിയിലും മാർപാപ്പ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നതിന് തന്റെ സഹായം ഉണ്ടാവുമെന്നും ചക്രവർത്തി ഉറപ്പു നൽകുന്നു. സഭാധികാരികളുടെ അനുവാദത്തോടെ മാത്രമേ സഭയുടെ പ്രശ്നങ്ങളിൽ ഭരണകൂടം ഇടപെടുകയുള്ളൂ എന്നും ഈ കത്തിൽ അദ്ദേഹം വ്യക്തമാക്കി. കൂടാതെ, രാജാവും ചക്രവർത്തിയും സംയുക്തമായി എ.ഡി. 822 -ൽ ആർച്ചുബിഷപ്പ് എബ്ബോയെ ഡെന്മാർക്ക് പ്രദേശങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി നിയോഗിക്കുന്നു.

എ.ഡി. 823 ഈസ്റ്റർ ഞായറാഴ്ച പാസ്‌ക്കൽ മാർപാപ്പ ലൂയിസിന്റെ മകൻ ലോത്തെയർ ഒന്നാമനെ രാജാവായി അഭിഷേകം ചെയ്യുന്നു. എന്നാൽ ഇദ്ദേഹം റോമുമായിട്ടുള്ള ബന്ധം തന്റെ പിതാവിൽ നിന്നും വ്യത്യസ്തമായിട്ടാണ് കൈകാര്യം ചെയ്തത്. ഇക്കാലയളവിൽ ബൈസന്റൈൻ സാമ്രാജ്യത്തിലെ “ഐക്കണോക്ലാസം” പ്രശ്നങ്ങൾ കാരണം അവിടെനിന്നും പലായനം ചെയ്യേണ്ടിവന്ന ധാരാളം സന്യാസികൾക്ക് പാസ്കൽ മാർപാപ്പ അഭയമരുളുകയും അവരിൽ ചിത്രകാരന്മാരായവരെ റോമിലെ ദേവാലയങ്ങളിൽ ചിത്രങ്ങൾ വരക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. പാസ്കൽ മാർപാപ്പയാണ് വി. സിസിലിയായുടെ തിരുശേഷിപ്പ് കാലിസ്റ്റസ് മാർപാപ്പയുടെ കാറ്റക്കൊമ്പിൽ കണ്ടെത്തുന്നതും റോമിലെ ട്രസ്‌തേവരയിലുള്ള സാന്താ സിസിലിയാ ദേവാലയത്തിലേക്ക് മാറ്റുന്നതും. ഇതു കൂടാതെ റോമിലെ പല പ്രധാന ബസിലിക്കകളുടെ നവീകരണത്തിനും പാസ്‌ക്കൽ മാർപാപ്പ മുൻകൈയെടുത്തു. 824 ഫെബ്രുവരി 11 -ന് കാലം ചെയ്ത പാസ്കൽ മാർപാപ്പയെ അദ്ദേഹത്തിന്റെ നയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന റോമൻ പ്രഭുക്കന്മാരുടെ എതിർപ്പ് കാരണം വി. പത്രോസിന്റെ ബസിലിക്കയ്ക്ക് പകരം സാന്താ പ്രസ്സേദെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. ഫെബ്രുവരി 11-ന് വി. പാസ്കലിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.