പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 92 – സ്റ്റീഫൻ II (714-757)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 752 മാർച്ച് 26 മുതൽ 757 ഏപ്രിൽ 26 വരെ സഭയുടെ നേതൃത്വം കൈയ്യാളിയ മാർപാപ്പയാണ് സ്റ്റീഫൻ രണ്ടാമൻ. എ.ഡി. 714 -ൽ റോമിലെ ഒരു ഉന്നത കുടുംബത്തിൽ ജനിച്ച സ്റ്റീഫൻ മാർപാപ്പയാകുന്നതിന് മുൻപ് സഭയിലെ ഡീക്കനായി ജോലി ചെയ്യുകയായിരുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ മൂന്നാം ദിവസം അന്തരിച്ച സ്റ്റീഫൻ (രണ്ടാമൻ) കുറേക്കാലം ഔദ്യോഗിക പട്ടികയിൽ ഉണ്ടായിരുന്നതിനാൽ ചില രേഖകളിൽ സ്റ്റീഫൻ മൂന്നാമൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രപരമായ വലിയ മാറ്റം സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഇത്. ഇക്കാലയളവിൽ ബൈസന്റൈൻ സാമ്രാജ്യവുമായുള്ള റോമിന്റെ എല്ലാ ബന്ധങ്ങളും അവസാനിക്കുകയും ഫ്രാങ്കിഷ്‌ (ജർമ്മാനിക് വംശജർ) രാജാക്കന്മാരുമായുള്ള ബന്ധം ആരംഭിക്കുകയും ചെയ്യുന്നു. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അബ്ബാസൈദ് ഖാലിഫാത്തിന്റെ അക്രമണം ചെറുക്കേണ്ടതിനാൽ റോമിന്റെമേലുള്ള രാഷ്ട്രീയ സ്വാധീനം തുടർന്നുകൊണ്ടു പോവുക എന്നത് ബൈസന്റൈൻ ചക്രവർത്തിക്ക് പ്രയാസമേറിയ കാര്യമായിരുന്നു.

റോമിനെതിരായി ഇക്കാലയളവിലുണ്ടായ ലൊംബാർഡുകളുടെ അക്രമണത്തെ ചെറുക്കുന്നതിന് ഫ്രാങ്കിഷ്‌ രാജാവിന്റെ സഹായം അഭ്യർത്ഥിക്കുകയേ സ്റ്റീഫൻ മാർപാപ്പയ്ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കൂടാതെ പെപ്പിൻ രാജാവ് ഫ്രാൻസ് കീഴടക്കാൻ ശ്രമിച്ച മുസ്ലീങ്ങളെ തോൽപ്പിക്കുകയും ചെയ്തിരുന്ന സമയമായിരുന്നു ഇത്. മാർപാപ്പ പാരീസിലേക്ക് യാത്ര ചെയ്ത് ലൊംബാർഡുകളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും തങ്ങളെ സംരക്ഷിക്കണമെന്ന് പെപ്പിൻ രാജാവിനോട് ആവശ്യപ്പെടുന്നു. എ.ഡി. 754 ജനുവരി 6 -ന് പാരീസിനടുത്തുള്ള സൈന്റ് ഡെന്നിസ് കത്തീഡ്രലിൽ വച്ച് സ്റ്റീഫൻ മാർപാപ്പ പെപ്പിനെ ഫ്രാങ്കിഷ്‌ രാജാവായി അഭിഷേകം ചെയ്യുന്നു. ഇതേ തുടർന്ന് പാരീസിൽ വച്ച് ഫ്രഞ്ച് രാജാക്കന്മാരെ വാഴിക്കുന്ന ഈ പരമ്പര്യം 1789 -ലെ ഫ്രഞ്ച് വിപ്ലവം വരെയും നിലനിന്നിരുന്നു. കൂടാതെ, ആൽപ്സ് കടന്ന് യാത്ര ചെയ്യുന്ന ആദ്യ മാർപാപ്പ കൂടിയാണ് സ്റ്റീഫൻ രണ്ടാമൻ.

ഈ സംഭവത്തോടു കൂടി സഭയുടെ സംരക്ഷകനായി പെപ്പിൻ രാജാവ് മാറുന്ന കാഴ്ചയാണ് ചരിത്രത്തിൽ നാം കാണുന്നത്. ലൊംബാർഡുകളിൽ നിന്നും നേരിട്ട ഭീഷണി ഇല്ലാതാക്കുന്നതിന് പെപ്പിൻ രണ്ടു പ്രാവശ്യം ഇറ്റലി അക്രമിക്കുകയും അങ്ങനെ ലൊംബാർഡുകളുടെ പ്രദേശങ്ങൾ മാർപാപ്പയുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു. ഇതോടു കൂടിയാണ് “പേപ്പൽ സ്റ്റേറ്റ്സ്” എന്ന് പ്രസിദ്ധമായിത്തീർന്ന മാർപാപ്പയുടെ ഭരണമുള്ള പ്രദേശങ്ങൾ ഇറ്റലിയിൽ നിലവിൽ വരുന്നത്. “പെപ്പിന്റെ ദാനം” എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ സംഭവം എ.ഡി. 756 -ൽ രാജാവ് പുറപ്പെടുവിച്ച കല്പനയാണ്. എ.ഡി. 757 ഏപ്രിൽ 26 -ന് കാലം ചെയ്ത സ്റ്റീഫൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.