പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 91 – വി. സഖറിയാസ് (679-752)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ബൈസന്റൈൻ ചക്രവർത്തിയെ തന്റെ തിരഞ്ഞെടുപ്പ് അറിയിച്ച അവസാന മാർപാപ്പയാണ് ക്രിസ്തുവർഷം 741 ഡിസംബർ 10 മുതൽ 752 മാർച്ച് 15 വരെ സഭയ്ക്ക് നേതൃത്വം നല്‍കിയ വി. സഖറിയാസ്. ഇറ്റലിയിലെ തെക്കുഭാഗത്തുള്ള കലാബ്രിയ പട്ടണത്തിലെ സെവെറിന പ്രദേശത്ത് എ.ഡി. 679-ലാണ് അദ്ദേഹത്തിന്റെ ജനനം. റോമൻ സഭയിലെ ഡീക്കനായി അദ്ദേഹം കുറേനാൾ ജോലി ചെയ്തതിനു ശേഷമാണ് ഗ്രിഗറി മൂന്നാമൻ മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കലുഷിതമായ ഒരു കാലഘട്ടത്തിലെ പേരുകേട്ട നയതന്ത്രജ്ഞനും സമാധാന സംരക്ഷകനുമായിട്ടാണ് സഖറിയാസ് മാർപാപ്പ അറിയപ്പെടുന്നത്. മാർപാപ്പയുടെ അനുനയം വഴി ലൊംബാർഡുകൾ പിടിച്ചെടുത്ത സഭാസ്വത്തുക്കൾ തിരികെ ലഭിക്കുകയും യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. റെവെന്ന ആക്രമിക്കാനുള്ള ലൊംബാർഡുകളുടെ ഉദ്യമത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചതിനുള്ള പ്രതിനന്ദിയായി “ഐക്കണോക്ലാസ്” വിഷയത്തിൽ മാർപാപ്പയോട് അനുഭാവപൂർണ്ണമായ സമീപനം ചക്രവർത്തി സ്വീകരിച്ചു.

മൈൻസിലെ ആർച്ചുബിഷപ്പായ ബോനിഫാസിയൂസിന്റെ അഭ്യർത്ഥനയാൽ സഖറിയാസ് മാർപാപ്പ ജർമ്മനിയിൽ മൂന്ന് രൂപതകൾ സ്ഥാപിക്കുകയും അവിടെ ബിഷപ്പുമാരെ നിയമിക്കുകയും ചെയ്തു. അതുപോലെ തന്നെ ബോനിഫാസിയൂസ് നിയമിച്ച മറ്റ് മൂന്ന് മെത്രാന്മാർക്ക് മാർപാപ്പ അംഗീകാരം നല്‍കുകയും ചെയ്തു. ഇതു കൂടാതെ യൂറോപ്പിലെ പല ഭരണാധികാരികളും മാർപാപ്പയുടെ ഉപദേശം തേടുകയും അവർക്ക് ശരിയായ ഉപദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തു. ക്രിസ്തീയമാർഗ്ഗത്തിലൂടെ സഞ്ചരിച്ച ഈ അധികാരികളിലൂടെ വിശ്വാസം അനേകരിൽ എത്തിച്ചേരുന്നതിന് ഇടയായി.

റോമിലെ മിനർവ ദേവിയുടെ നാമത്തിലുള്ള പ്രസിദ്ധ അമ്പലം സാന്താ മരിയ ദേവാലയമായി മാർപാപ്പ പരിവർത്തനപ്പെടുത്തി. തന്റെ മുൻഗാമികൾ താമസിച്ച പാലത്തീന കുന്നിലുള്ള ഭവനത്തിൽ നിന്നും ലാറ്ററൻ ബസിലിക്കയിലേക്ക് മാറുകയും അവിടം നവീകരിക്കുകയും ചെയ്തു. എന്നാൽ ക്രിസ്തീയ സഭാചരിത്രത്തിൽ ഒരു പ്രമുഖസ്ഥാനം അദ്ദേഹത്തിന് ലഭിക്കുന്നതിനിടയാക്കിയത് അദ്ദേഹത്തിന്റെ അഭയാർത്ഥികളോടുള്ള സമീപനമാണ്. വെനീസിൽ നിന്നും വന്ന വ്യാപാരികളിൽ നിന്നും ധാരാളം അടിമകളെ മോചനദ്രവ്യം നല്‍കി മോചിപ്പിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന സഖറിയാസ് മാർപാപ്പയുടെ തിരുനാൾ മാർച്ച് 15-ന് സഭ കൊണ്ടാടുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ മൂന്ന് ദിവസത്തിനു ശേഷം സ്ഥാനാരോഹണത്തിനു മുൻപ് മരിച്ചതിനാൽ മാർപാപ്പാമാരുടെ ഔദ്യോഗിക ഗണത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല (ഇന്ന് മാർപാപ്പ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിക്കുന്ന സമയം മുതൽ കാനോനികമായി ഒരാൾ മാർപാപ്പയായി തീരുന്നു).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.