പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 89 – വി. ഗ്രിഗറി II (669-731)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 715 മെയ് 19 മുതൽ 731 ഫെബ്രുവരി 11 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. ഗ്രിഗറി രണ്ടാമൻ. റോമിലെ സവെല്ലി കുടുംബത്തിൽ എ.ഡി. 669 -ൽ മാർസെല്ലസിന്റെയും ഹൊനെസ്തായുടെയും മകനായി ഗ്രിഗറി ജനിച്ചു. വത്തിക്കാൻ ലൈബ്രറിയുടെ ചുമതലയുള്ള ഡീക്കനായി അദ്ദേഹം ജോലി ചെയ്തു. കോൺസ്റ്റന്റീൻ മാർപാപ്പയുടെ സെക്രട്ടറിയായി കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയ ഗ്രിഗറിയുടെ പ്രാഗത്ഭ്യം വെളിവാക്കുന്ന സംഭവമായിരുന്നു ജസ്റ്റീനിയൻ ചക്രവർത്തിയുമായുണ്ടാക്കിയ വിജയകരമായ കരാറുകൾ. എന്നാൽ മാർപാപ്പയായി തിരഞ്ഞടുക്കപ്പെട്ടതിനു ശേഷം ലിയോ മൂന്നാമൻ ചക്രവർത്തിയുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ സഭയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിമരുന്നിട്ടു.

ഈ സമയത്ത് പാത്രിയർക്കീസ് ജോൺ നാലാമൻ മോണൊതെലിത്തിസം ചക്രവർത്തിയുടെ പ്രേരണയാൽ അനുവർത്തിക്കുന്ന വിശ്വാസ സംഹിതയാണെന്നു വാദിച്ചപ്പോൾ അത് വേദവിപരീതമാണെന്ന മറുപടിയാണ് ഗ്രിഗറി നൽകിയത്. എ.ഡി. 716 -ൽ ജർമ്മനിയിലെ ബെവേറിയാ പ്രദേശത്തെ ഡ്യൂക്ക് തെയഡോയുടെ ആവശ്യപ്രകാരം മിഷനറിമാരെ അയക്കുകയും ഒരു ആർച്ചുബിഷപ്പിനെ നിയമിക്കുകയും ചെയ്യുന്നു. ജർമ്മനിയുടെ മദ്ധ്യസ്ഥനായ ബോനിഫാസിനെ അവിടെ മിഷൻ പ്രവർത്തനത്തിനായി അയക്കുന്നത് ഗ്രിഗറി മാർപാപ്പയാണ്. ഈ സമയം ബ്രിട്ടണിലെയും അയർലണ്ടിലെയും സഭയെ ശക്തിപ്പെടുത്തുന്നതിനും ഗ്രിഗറി മാർപാപ്പ പരിശ്രമിച്ചു. ഗ്രിഗറി സഭയിൽ പുതിയ സന്യാസാശ്രമങ്ങൾ തുടങ്ങുകയും പഴയവ നവീകരിക്കുകയും ചെയ്തു. തന്റെ കുടുംബ ബംഗ്ളാവ് ഒരു ആശ്രമമായി പരിവർത്തനപ്പെടുത്തി. നോമ്പ് കാലത്തിനായി പ്രത്യേക പ്രാർത്ഥനകൾ തയ്യാറാക്കുകയും ഉപവാസ നിയമങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്തു.

എ.ഡി. 722 -ൽ ലിയോ മൂന്നാമൻ ചക്രവർത്തി അറബികളുമായുള്ള യുദ്ധത്തിന് പണം കണ്ടെത്തുന്നതിന് റോമിന്റെ മേൽ വലിയ നികുതികൾ ചുമത്തി. എന്നാൽ ഇത് റോമൻ നിവാസികളുടെ ഭക്ഷണത്തിനുള്ള പണമായതിനാൽ നൽകാൻ സാധിക്കില്ല എന്ന് മാർപാപ്പ അറിയിക്കുന്നു. ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം പല പ്രാവശ്യം മാർപാപ്പയെ കൊല്ലാൻ ശ്രമിച്ചെങ്കിലും റോമിലെ ജനങ്ങൾ അതെല്ലാം പരാജയപ്പെടുത്തി. ഇതു കൂടാതെ എ.ഡി. 726 -ൽ ചക്രവർത്തി ദേവാലയങ്ങളിൽ രൂപങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഒരു കല്പന പുറപ്പെടുവിച്ചു. എന്നാൽ ഗ്രിഗറി മാർപാപ്പ ഇത് തള്ളിക്കളയുകയും ഇത് പാശ്ചാത്യ – പൗരസ്ത്യസഭകൾ തമ്മിൽ നീണ്ട കാലത്തെ പ്രശ്നമായി അവശേഷിക്കുകയും ചെയ്തു. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ചക്രവർത്തിക്ക് ഇടപെടാൻ യാതൊരു അവകാശവും ഇല്ലെന്ന് അറിയിച്ചുകൊണ്ട് മാർപാപ്പ ചക്രവർത്തിക്ക് രണ്ടു കത്തുകൾ അയച്ചു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ഫെബ്രുവരി 11-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.