പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 88 – കോൺസ്റ്റന്റീൻ (664-715)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 708 മാർച്ച് 25 മുതൽ 715 ഏപ്രിൽ 9 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നല്കിയ മാർപാപ്പയാണ് കോൺസ്റ്റന്റീൻ. ഒന്നാം ക്രൈസ്തവ ചക്രവർത്തിയുടെ നാമം ചരിത്രത്തിൽ സ്വീകരിച്ചിരിക്കുന്ന ഒരേയൊരു മാർപാപ്പയാണ് കോൺസ്റ്റന്റീൻ (ഈ പേരിൽ ഒരു ആന്റി പോപ്പും ഉണ്ടായിരുന്നു). ജന്മം കൊണ്ട് അദ്ദേഹം സിറിയക്കാരനായിരുന്നെങ്കിലും ഗ്രീക്ക് ഭാഷയിലും പാശ്ചാത്യ പാരമ്പര്യങ്ങളിലും അഗാധപാണ്ഡിത്യം സമ്പാദിക്കുകയും റോമിലുള്ള എല്ലാവരുടെയും ആദരവിന്‌ പാത്രീഭൂതനാവുകയും ചെയ്തു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പു തന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹം രണ്ടു പ്രാവശ്യം കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിച്ചിരുന്നു. ഈ അവസരങ്ങളിൽ ചക്രവർത്തിയുടെ മകനായ ജസ്റ്റീനിയൻ രണ്ടാമനുമായി നല്ല ആത്മബന്ധം വളർത്തിയെടുക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

ചക്രവർത്തിയുടെ ക്ഷണം സ്വീകരിച്ച് ഒരു വർഷത്തോളം നീണ്ടുനിന്ന ഒരു ഔദ്യോഗിക സന്ദർശനം കോൺസ്റ്റാന്റിനോപ്പിളിലേക്ക് നടത്തിയതാണ് മാർപാപ്പയുടെ ഭരണകാലത്തെ ഏറ്റവും വലിയ സംഭവം. ഇതിനു ശേഷം ഒരു മാർപാപ്പ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിക്കുന്നത് വി. പോൾ ആറാമൻ മാർപാപ്പ 1967 -ൽ അവിടെ എത്തുമ്പോഴാണ്. കോൺസ്റ്റന്റീൻ മാർപാപ്പയ്ക്ക് ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തി വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കൂടാതെ അദ്ദേഹം മാർപാപ്പയിൽ നിന്ന് അനുരഞ്ജന കൂദാശയും വിശുദ്ധ കുർബാനയും സ്വീകരിക്കുകയും ചെയ്തു. ഡീക്കൻ ഗ്രിഗറിയുടെ നേതൃത്വത്തിൽ (പിന്നീട് ഗ്രിഗറി രണ്ടാമൻ മാർപാപ്പ) റോമും കോൺസ്റ്റാന്റിനോപ്പിളുമായി നിലവിലിരുന്ന എല്ലാ തർക്കവിഷയങ്ങളെക്കുറിച്ചും ചർച്ച നടക്കുകയും ആ സംഭാഷണങ്ങൾ എല്ലാം വിജയിക്കുകയും ചെയ്തു.

കോൺസ്റ്റന്റീൻ മാർപാപ്പയും സംഘവും എ.ഡി. 711 ഒക്ടോബർ 24 -ന് റോമിൽ തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളിൽ ജസ്റ്റീനിയൻ ചക്രവർത്തി കൊല്ലപ്പെട്ടുവെന്ന ദുഃഖവാർത്ത മാർപാപ്പയെ തേടിയെത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായി അധികാരമേറ്റ ഫിലിപ്പിക്കുസ് പഴയ നിലപാടുകളിലേക്ക് തിരികെ പോവുകയും അത് മാർപാപ്പ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാർപാപ്പ അത് നിരസിക്കുകയും റെവെന്നായിലെ ചക്രവർത്തിയുടെ പ്രതിനിധി അത് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ റോമിലെ ജനങ്ങൾ അതിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ഈ ചക്രവർത്തിയും അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുകയും അദ്ദേഹത്തിന്റെ പിൻഗാമി അനസ്താസിയോസ് രണ്ടാമൻ റോമുമായി നല്ല ബന്ധത്തിൽ പോവുന്നതിനും സത്യവിശ്വാസ പരിപാലനത്തിനും ശ്രമിക്കുകയും ചെയ്തു. എ.ഡി. 715 ഏപ്രിൽ 9 -ന് കാലം ചെയ്ത കോൺസ്റ്റന്റീൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.