പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 87 – സിസിന്നിയൂസ് (650-708)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 708 ജനുവരി 15 മുതൽ 708 ഫെബ്രുവരി 4 വരെയുള്ള കാലയളവിലെ മാർപാപ്പ ആയിരുന്നു സിസിന്നിയൂസ്. ഏതാണ്ട് 21 ദിവസം നീണ്ടുനിന്ന സഭാചരിത്രത്തിലെ ഏറ്റം ചുരുങ്ങിയ ദിവസങ്ങൾ മാത്രമുണ്ടായിരുന്ന മാർപാപ്പ സ്ഥാനങ്ങളിലൊന്നായിരുന്നു സിസിന്നിയൂസ് മാർപാപ്പയുടേത്. അതിനാൽ തന്നെ എടുത്തുപറയത്തക്ക സംഭവങ്ങളൊന്നും ഇദ്ദേഹത്തിന്റെ മാർപാപ്പ സ്ഥാനത്തോടനുബന്ധിച്ച് പറയാനില്ല. ജോൺ ഏഴാമൻ മാർപാപ്പയുടെ മരണശേഷം മൂന്നു മാസം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിസിന്നിയൂസ് സിറിയയിൽ നിന്നുള്ള ആളായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ജോൺ എന്നാണെന്നും ചരിത്രരേഖകളിൽ കാണുന്നു. അദ്ദേഹത്തിന് ഭരണനിർവ്വഹണത്തിനായി മറ്റുള്ള ബിഷപ്പുമാരിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു. അതിൽ നിന്നും മാർപാപ്പ വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ളവനായിരുന്നു എന്ന അനുമാനത്തിൽ എത്തുന്നവരുമുണ്ട്.

അക്കാലത്തെ ഭൂരിപക്ഷ ക്രിസ്ത്യൻ പ്രദേശങ്ങൾ, പ്രത്യേകിച്ചും സുറിയാനിയും അറമായിക്കും സംസാരിക്കുന്ന ഇടങ്ങൾ മുസ്ലിം അധിപത്യത്തിലേക്ക് മാറിക്കൊണ്ടിരുന്നു. മുഹമ്മദ് നബിയുടെ മരണശേഷം സ്ഥാപിതമായ ആദ്യ ഖലീഫത്തുകളിൽ ഒന്നാണ് റഷിദുൺ ഖലീഫത്. 650 -കളിൽ ഇന്നത്തെ സിറിയൻ പ്രദേശങ്ങൾ മുഴുവൻ അവരുടെ ഭരണത്തിൽ കീഴിൽ വരുകയും അവിടെയുണ്ടായിരുന്ന വിശ്വാസികൾ ക്രിസ്ത്യൻ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. സിസിന്നിയൂസ് മാർപാപ്പയും അദ്ദേഹത്തിനു മുൻപും പിൻപും മാർപാപ്പ സ്ഥാനം അലങ്കരിച്ചിരുന്നവരും ഇങ്ങനെ അഭയാർത്ഥികളായി ഇറ്റലിയിൽ വന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.

ഇക്കാലയളവിലും ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ശക്തമായ സ്വാധീനം റോമിന്റെ മേൽ ഉണ്ടായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിൽ റോമിലെ സഭയെ നിലനിർത്തുന്നത് രാഷ്ട്രീയപ്രാധാന്യമുള്ള കാര്യമായി ബൈസന്റൈൻ ചക്രവർത്തി കരുതിയിരുന്നു. ആ രാഷ്ട്രീയ മേൽക്കോയ്മ അവിടുത്തെ പാത്രിയർക്കീസും അവകാശപ്പെടുകയും ചെയ്തു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സിസിന്നിയൂസിനെ പലവിധ രോഗങ്ങൾ കാര്യമായി അലട്ടിയിരുന്നു. എന്നിരുന്നാലും അദ്ദേഹം വൈശിഷ്ട്യസ്വഭാവത്തിന് ഉടമയും എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. റകോർസിക്കായിലെ ബിഷപ്പിനെ മാർപാപ്പ ഈ കാലത്ത് വാഴിക്കുന്നു. ഇക്കാലയളവിൽ റോമിലെ ചുറ്റുമതിലുകൾ കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കയായിരുന്നു. അതിന്റെ പുനർനിർമ്മാണത്തിന് മാർപാപ്പ തുടക്കം കുറിച്ചു. എന്നാൽ ഗ്രിഗറി രണ്ടാമനാണ് ഈ പണികൾ പൂർത്തിയാക്കുന്നത്. എ.ഡി. 708 ഫെബ്രുവരി 4 -ന് കാലം ചെയ്ത മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.