പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 83 – കോണൻ (630-687)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 686 ഒക്ടോബർ 21 മുതൽ 687 സെപ്റ്റംബർ 21 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് കോണൻ. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത്, കോണൻ മാർപാപ്പ ജന്മം കൊണ്ട് ഗ്രീക്കുകാരനായിരുന്നു എന്നാണ്. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഏഷ്യ മൈനറിൽ എ.ഡി. 630 -ൽ ജനിച്ചുവെങ്കിലും ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് സിസിലി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മുസ്ലിങ്ങളുടെ ആക്രമണം ഉണ്ടായപ്പോൾ അവരിൽ നിന്നും രക്ഷ നേടി റോമിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇക്കാലയളവിലെ സഭാചരിത്രത്തിന്റെ ഭാഗമായിരുന്നു പൗരസ്ത്യദേശങ്ങളിലെ മുസ്ലിം അധിനിവേശവും അവിടെ നിന്ന് പലായനം ചെയ്യുന്ന ക്രിസ്തീയവിശ്വാസികളുടെ ജീവിതവും.

ജോൺ അഞ്ചാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ വൈദികഗണം പീറ്റർ എന്ന പുരോഹിതശ്രേഷ്ഠനേയും ഭരണകാര്യങ്ങളിൽ സ്വാധീനമുണ്ടായിരുന്ന സൈന്യം തിയഡോർ എന്ന വൈദികനെയും തങ്ങളുടെ സ്ഥാനാർത്ഥികളായി ഉയർത്തിക്കൊണ്ടു വന്നു. രണ്ടുപേരെയും പരസ്പരം അംഗീകരിക്കില്ല എന്ന സ്ഥിതി സംജാതമായപ്പോൾ ഒരു പ്രശ്നപരിഹാരമെന്ന നിലയിലാണ് വാര്‍ദ്ധക്യത്തിലെത്തിയ, ലാളിത്യവും വിശുദ്ധിയും നിറഞ്ഞ കോണനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തത്. എന്നാൽ രോഗവും അന്നത്തെ ആഭ്യന്തരപ്രശ്നങ്ങളും കാരണം സഭയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് കോണൻ മാർപാപ്പയ്ക്ക് കഴിഞ്ഞില്ല.

ഈ സമയത്ത് ഏഷ്യ മൈനർ പ്രദേശങ്ങളിൽ നിന്നും റോമിലേക്ക് ധാരാളം ക്രിസ്തീയവിശ്വാസികൾ മുസ്ലിം ആക്രമണത്തിൽ നിന്നും രക്ഷ തേടി വന്നിരുന്നു. സിറിയ, ഗ്രീസ്, സിസിലി പ്രദേശങ്ങളിൽ നിന്നും വന്നവർ തദ്ദേശിയരായ ലത്തീൻ വിശ്വാസികളേക്കാൾ കൂടുതലായിരുന്നു. ഇതും ഒരുപക്ഷേ, കോണനെ മാർപാപ്പയായി തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ടാവാം. അയർലണ്ടിൽ നിന്നുള്ള പ്രശസ്ത സുവിശേഷപ്രഘോഷകന്‍ വി. കിലിയനും സംഘവും റോമിൽ മാർപാപ്പയെ സന്ദർശിക്കുന്നു. അവരെ ഫ്രാങ്കോണിയ പ്രദേശങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിന് നിയോഗിക്കുന്നു. ഇന്നത്തെ ജർമ്മനിയുടെ ബവേറിയ പ്രദേശങ്ങളെ ക്രൈസ്തവവത്ക്കരിക്കുന്നതിൽ വി. കിലിയൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവിടെ രക്തസാക്ഷിയായിത്തീർന്ന അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ വൂർസ്ബുർഗ് കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോണൻ മാർപാപ്പയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തി റോം നൽകേണ്ടുന്ന പല നികുതികളും ഇക്കാലയളവിൽ ഇളച്ചുകൊടുക്കുകയും ചെയ്തു. എ.ഡി. 687 സെപ്റ്റംബർ 21 -ന് കാലം ചെയ്ത മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താകുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.