പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 82 – ജോൺ V (635-686)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 685 ജൂലൈ 23 മുതൽ 686 ഓഗസ്റ്റ് 2 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ജോൺ അഞ്ചാമൻ. ഇന്നത്തെ തുർക്കിയുടെ ഭാഗമായ പ്രാചീന അന്ത്യോഖ്യയിൽ എ.ഡി. 635 -ലാണ് ജോൺ അഞ്ചാമൻ മാർപാപ്പയുടെ ജനനം. അടുത്ത പത്തോളം മാർപാപ്പാമാർ ജോൺ അഞ്ചാമനെപ്പോലെ പൗരസ്ത്യ പാരമ്പര്യത്തിൽ നിന്നും സഭാനേതൃത്വത്തിലേക്ക് വന്നവരായിരുന്നു. മുസ്ലീങ്ങളുടെ അന്ത്യോഖ്യൻ പ്രദേശങ്ങളിലെ അധിനിവേശം കാരണം ഇറ്റലിയിൽ അഭയം പ്രാപിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആളായിരുന്നു ജോൺ മാർപാപ്പ. “അപ്പസ്തോലിക അധികാരസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആൾ ആ നിമിഷം മുതൽ മാർപാപ്പ ആയിരിക്കും” എന്ന ബെനഡിക്ട് രണ്ടാമൻ മാർപാപ്പയും കോൺസ്റ്റന്റൈൻ നാലാമൻ ചക്രവർത്തിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം മാർപാപ്പ ആകുന്ന ആദ്യത്തെയാളാണ് ജോൺ അഞ്ചാമൻ.

ഗ്രീക്ക് ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന ഡീക്കൻ ജോണിനായിരുന്നു മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സിനഡിൽ മാർപാപ്പയുടെ സംഘത്തെ നയിക്കാനുള്ള നിയോഗം. ഇദ്ദേഹത്തിന്റെ വിജ്ഞാനവും ഔന്നത്യമുള്ള പെരുമാറ്റരീതികളും കോൺസ്റ്റന്റൈൻ നാലാമൻ ചക്രവർത്തിയുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നീണ്ടകാലം ബുദ്ധിമുട്ടുളവാക്കിയ കോൺസ്റ്റാന്റിനോപ്പിളും റോമുമായുള്ള ബന്ധങ്ങൾ വളരെയധികം മെച്ചപ്പെടുന്നതിന് ജോൺ അഞ്ചാമൻ മാർപാപ്പയുടെ സമീപനങ്ങളിലൂടെ സാധിച്ചു. റോമിലേക്ക് കൗൺസിൽ തീരുമാനങ്ങൾ അടങ്ങുന്ന എഴുത്തും ലിയോ രണ്ടാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനു ശേഷം ചക്രവർത്തിയുടെ അംഗീകാരപത്രവും കൊണ്ടുവന്നതും ഡീക്കൻ ജോൺ ആയിരുന്നു.

ഓസ്തിയായിലെയും പോർത്തോയിലെയും വെല്ലേത്രിലേയും മെത്രാന്മാർ ചേർന്നാണ് ജോൺ അഞ്ചാമനെ മാർപാപ്പ ആയി വാഴിക്കുന്നത്. ഒരു വർഷത്തിൽ താഴെ മാത്രമേ സഭാനേതൃത്വത്തിൽ ജോൺ മാർപാപ്പ ഉണ്ടായിരുന്നുള്ളു. ഇക്കാലമത്രയും വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു. റോമിന്റെ അനുവാദമില്ലാതെ സ്വന്ത ഇഷ്ടപ്രകാരം ബിഷപ്പിനെ വാഴിച്ച സർദീനിയായിലെ ബിഷപ്പിനെ ജോൺ മാർപാപ്പ പുറത്താക്കി. വൈദികരോട് വലിയ ഔദാര്യമതിയും ആശ്രമങ്ങൾക്ക് വലിയ സഹായവും ചെയ്തുകൊടുത്തയാളാണ് ജോൺ മാർപാപ്പ എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. മാർപാപ്പയുടെ ശ്രമഫലമായി റോമിൽ നിന്ന് കോൺസ്റ്റാന്റിനോപ്പിളിന് നൽകേണ്ടിയിരുന്ന വാർഷികചുങ്കം ചക്രവർത്തി ഇല്ലാതാക്കുകയോ, ഇളച്ചുകൊടുക്കുകയോ ചെയ്തു. 686 ഓഗസ്റ്റ് 2 -ന് കാലം ചെയ്ത ജോൺ അഞ്ചാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കായിലാണ് അടക്കം ചെയ്തിരിക്കുന്നത്. 846 -ൽ അറബികൾ റോം ആക്രമിച്ചപ്പോൾ പഴയ പത്രോസിന്റെ ബസിലിക്കയിൽ ഉണ്ടായിരുന്ന ജോൺ അഞ്ചാമൻ മാർപാപ്പയുടെ കല്ലറയും നശിപ്പിക്കപ്പെട്ടു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.