പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 78 – ഡോണുസ് (610-678)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 676 നവംബർ 2 മുതൽ 678 ഏപ്രിൽ 11 വരെ സഭയെ നയിച്ച മാർപാപ്പയാണ് ഡോണുസ്. റോമിൽ മൗറിസ് എന്നയാളുടെ മകനായി എ.ഡി. 610 -ൽ അദ്ദേഹം ജനിച്ചു. വളരെ പരിമിതമായ ചരിത്രവിവരങ്ങൾ മാത്രമേ ഡോണുസ് മാർപാപ്പയെക്കുറിച്ച് പിൻതലമുറക്ക് ലഭ്യമായിട്ടുള്ളൂ. തിരഞ്ഞെടുക്കപ്പെടുമ്പോൾ അറുപത്തിയഞ്ചിനു മുകളിലായിരുന്നു ഡോണുസിന്റെ പ്രായം. ചക്രവർത്തിയുടെ അംഗീകാരം കിട്ടുന്നതിനായി മൂന്നു മാസത്തോളം സമയമെടുക്കുകയും ചെയ്തു.

കുറേ കാലങ്ങളായി ഇറ്റലിയിലെ റെവെന്നായിലെ ആർച്ച്ബിഷപ്പ് റോമിന്റെ അധികാരത്തിൻ കീഴിലല്ല എന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ചക്രവർത്തിയുടെ ഇറ്റലിയിലെ പ്രതിനിധി റെവെന്നായിൽ താമസിച്ച് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതിനാൽ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നുള്ള പ്രേരണയായിരുന്നു ഈ അവകാശവാദത്തിനു പിന്നിൽ. എന്നാൽ ഡോണുസ് മാർപാപ്പയുടെ സ്വാധീനത്താൽ ഈ വാദത്തിൽ നിന്നും ആർച്ചുബിഷപ്പ് പിൻവലിയുകയും മാർപാപ്പയ്ക്ക് വിധേയപ്പെടുകയും ചെയ്തു. ഇത് അക്കാലത്തുണ്ടായിരുന്ന സഭയിലെ ഒരു ഉതപ്പും വിഭജനവും ഇല്ലാതാക്കുന്ന പ്രവൃത്തിയായിരുന്നു. ഇക്കാലയളവിൽ സിറിയയിലെ മുസ്ലീം ആക്രമണത്തിൽ നിന്നും അഭയാർത്ഥികളായി റോമിലെത്തിയ പല സന്യാസികളും റോമൻ ആശ്രമങ്ങളിൽ തങ്ങളുടെ നെസ്തോറിയൻ വിശ്വാസം പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചു. എന്നാൽ ഇത് വളരെ വേഗം തിരിച്ചറിഞ്ഞ മാർപാപ്പ, സത്യവിശ്വാസം പഠിപ്പിച്ചിരുന്ന സന്യാസിമാരെ ആശ്രമങ്ങളുടെ അധിപന്മാരായി നിയമിക്കുകയും സിറിയൻ സന്യാസിമാരെ പല ആശ്രമങ്ങളിലായി വിഭജിച്ചുവിടുകയും ചെയ്തു.

ഡോണുസ് മാർപാപ്പ തന്റെ ഭരണകാലത്ത് ആറു മെത്രാന്മാരെ വാഴിച്ച് വിവിധ രൂപതകളിൽ നിയമിച്ചു. കൂടാതെ, റോമിൽ പുതിയതായി പന്ത്രണ്ടു വൈദികരെയും അഞ്ചു ഡീക്കന്മാരെയും പട്ടം കൊടുത്ത് വിവിധ ഇടവകകളിൽ നിയമിച്ചു. കൂടാതെ, പത്രോസിന്റെ ബസിലിക്ക മാർബിൾ കൊണ്ട് മനോഹരമാക്കുകയും ആപ്പിയൻ വഴിയിലുള്ള വി. ഉഫേമിയയുടെ നാമത്തിലുള്ള ദേവാലയവും വി. പൗലോസിന്റെ നാമത്തിലുള്ള ബസിലിക്ക നവീകരിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഡോണുസ് മാർപാപ്പ പരിശ്രമിച്ചു. അതിന്റെ തെളിവാണ് 678 ആഗസ്റ്റ് 10 -ന് മാർപാപ്പയ്ക്ക് കോൺസ്റ്റന്റൈൻ നാലാമൻ ചക്രവർത്തി എഴുതിയ കത്ത്. ഇതിൽ മാർപാപ്പയെ വളരെ ബഹുമാനത്തോടെ ആഗോളസഭയുടെ മാർപാപ്പ എന്ന് അഭിസംബോധന ചെയ്യുകയും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസുമായി നല്ല ബന്ധത്തിൽ ആയിരിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എ.ഡി. 678 ഏപ്രിൽ 1 -ന് കാലം ചെയ്ത ഡോണുസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.