പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 77 – അദയോദാത്തൂസ് II (621-676)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 672 ഏപ്രിൽ 11 മുതൽ 676 ജൂൺ 17 വരെ സഭയെ നയിച്ച മാർപാപ്പയാണ് അദയോദാത്തൂസ് രണ്ടാമൻ. ജൊവിയാനൂസ് എന്നയാളുടെ മകനായി റോമിൽ എ.ഡി. 621 -ലാണ് അദയോദാത്തൂസ് ജനിക്കുന്നത്. മാർപാപ്പയാകുന്നതിന് മുൻപ് റോമിലെ പ്രസിദ്ധമായ ചേലിയൻ കുന്നിലുള്ള വി. ഇറാസ്മസിന്റെ നാമത്തിലുള്ള ബെനഡിക്‌റ്റീൻ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നടന്ന ഉടൻ തന്നെ റവന്നായിലെ ചക്രവർത്തിയുടെ പ്രതിനിധി, ആവശ്യമായ അംഗീകാരം വാങ്ങിനൽകി.

കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയുടെ പീഡനത്തിന് വിധേയനായി മരിക്കേണ്ടിവന്ന മാർട്ടിൻ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മ സജീവമാക്കുന്നതിൽ അദയോദാത്തൂസ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. മോണോത്തെലിതിസം പാഷണ്ഡതയെ എതിർത്തവർ എന്ന നിലയിലാണ് മാർട്ടിൻ മാർപാപ്പയും വി. മാക്സിമസ് ദ കൺഫസ്സറും ചക്രവർത്തിയുടെ അപ്രീതിക്ക് വിധേയരാവുന്നത്. എന്നാൽ ആ വിരോധം എല്ലാ സീമകളും ലംഘിച്ച് മാർപാപ്പയെ അപമാനിക്കുന്ന തലത്തിലേക്ക് ചക്രവർത്തി എത്തിച്ചു. പുതുതായി അധികാരത്തിലെത്തിയ കോൺസ്റ്റന്റൈൻ ഒന്നാമൻ പാത്രിയർക്കീസ് പൗരസ്ത്യ നയങ്ങൾ റോമിന്റെ മേലും നടപ്പാക്കാനുള്ള ഉദ്ദേശത്തിൽ മാർപാപ്പയ്ക്ക് കത്തുകൾ അയച്ചു. എന്നാൽ അദയോദാത്തൂസ് മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിന്റെ ആവശ്യങ്ങൾ നിരസിക്കുകയും മോണോത്തെലിതിസം പാഷണ്ഡത തന്നെയെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. തത്ഫലമായി അവിടുത്തെ പ്രാർത്ഥനകളിൽ നിന്നെല്ലാം മാർപാപ്പയുടെ നാമം ഉച്ചരിക്കുന്നത് പാത്രിയർക്കീസ് ഇടപെട്ട് ഒഴിവാക്കി.

അദയോദാത്തൂസ് മാർപാപ്പ ഒരു സന്യാസി ആയിരുന്നതിനാൽ സഭയിൽ സന്യാസപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നവീകരണത്തിനും മുൻകൈയെടുത്തു. തന്റെ സമയവും മുഴുവൻ ശ്രദ്ധയും സഭയുടെ ആത്മീയ ഉന്നമനത്തിനായി മാറ്റിവച്ചു. വി. പത്രോസിന്റെ ദേവാലയ നവീകരണത്തിനും വി. ഇറാസ്മസിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനും അദ്ദേഹം മുൻകൈയെടുത്തു. അഗസ്തീനോസിന്റെ നിയമങ്ങൾ അനുവർത്തിച്ച വി. പത്രോസിന്റെയും വി. പൗലോസിന്റെയും റോമിലെ ആശ്രമങ്ങൾ സംരക്ഷിക്കുകയും ഫ്രാൻസിലെ ടൂർസിലുള്ള വി. മാർട്ടിന്റെ നാമത്തിലുള്ള ആശ്രമത്തെ റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി കൂടുതൽ അധികാരങ്ങൾ നല്‍കുകയും ചെയ്തു. അതുപോലെ പാവങ്ങളോടും തീർത്ഥാടകരോടും വൈദികരോടുമൊക്കെ വലിയ അടുപ്പമുള്ള ആളായിരുന്നു അദയോദാത്തൂസ് രണ്ടാമൻ മാർപാപ്പ. 676 ജൂൺ 17 -ന് കാലം ചെയ്ത അദ്ദേഹത്തെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത് (ചില ചരിത്രരേഖകളിൽ അദയോദാത്തൂസ് മാർപാപ്പയെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിരിയിരിക്കുന്നു).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.