പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 76 – വി. വിത്താലിയൻ (600-672)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 657 ജൂലൈ 30 മുതൽ 672 ജനുവരി 27 വരെ ആഗോളസഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് വി. വിത്താലിയൻ. ഇറ്റലിയിലെ ലാസിയോ ദേശത്ത് സേഞ്ഞി എന്ന പട്ടണത്തിൽ അനസ്താസിയോസിന്റെ മകനായി എ.ഡി. 600-ലാണ് വിത്താലിയൻ മാർപാപ്പ ജനിക്കുന്നത്. എ. ഡി. 672 ജനുവരി 27-നു കാലം ചെയ്ത വിത്താലിയൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ തിരുനാൾ ജനുവരി 27-ന് സഭ കൊണ്ടാടുന്നു. വിത്താലിയൻ മാർപാപ്പയുടെ കാലം മുതലാണ് ദേവാലയങ്ങളിൽ ഓർഗൻ സംഗീതം പ്രാബല്യത്തിൽ വരുന്നത്.

സ്ഥാനം ഏറ്റതു മുതൽ റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിൽ വഷളായിക്കൊണ്ടിരുന്ന ബന്ധം മെച്ചപ്പെടുത്തുന്നതിന് മാർപാപ്പ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി. മോണോത്തെലിതിസം എന്ന പാഷണ്ഡത ഉയർത്തിവിട്ട പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുന്ന നാളുകളായിരുന്നു ഇത്. വിത്താലിയൻ മാർപാപ്പ കോൺസ്റ്റാൻസ് രണ്ടാമൻ ചക്രവർത്തിക്കും പീറ്റർ പാത്രിയർക്കീസിനും കത്തുകൾ എഴുതുകയും അതിന് പ്രതിനന്ദിയായി രാജാവ് സുവിശേഷങ്ങളുടെ ഒരു സ്വർണ്ണാലംകൃത പകർപ്പ് മാർപാപ്പയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഇത് പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ലക്ഷണമായി മറ്റുള്ളവർ കരുതി. പിന്നീട് ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം മാർപാപ്പയുടെ പേരുകൾ കോൺസ്റ്റാന്റിനോപ്പിളിലെ ഗ്രന്ഥങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

എ.ഡി. 663-ൽ കോൺസ്റ്റാൻസ് രണ്ടാമൻ ചക്രവർത്തി റോമിലെത്തുകയും മാർപാപ്പയും സംഘവും അദ്ദേഹത്തെ ആഘോഷമായി സ്വീകരിക്കുകയും വി. പത്രോസിന്റെ ബസിലിക്കയിലേക്ക് ആനയിക്കുകയും ചെയ്തു. തുടർന്നു വന്ന ഞായറാഴ്ച മാർപാപ്പ അർപ്പിച്ച വി. ബലിയിൽ ചക്രവർത്തി സംബന്ധിക്കുകയും ചെയ്തു. ഇരുനൂറ് വർഷങ്ങൾക്കിടയിൽ റോം സന്ദർശിക്കുന്ന ആദ്യ ചക്രവർത്തിയായിരുന്നു അദ്ദേഹം. അവിടെ നിന്നും സിസിലി പ്രദേശങ്ങളിലേക്ക് പോകുമ്പോൾ വഴിയിലുള്ള ഇറ്റലിക്കാരോടൊക്കെ ശത്രുതാമനോഭാവത്തോടെയാണ് അദ്ദേഹം പെരുമാറിയത്. സിറാക്കൂസിൽ വച്ച് എ.ഡി. 668 ജൂലൈ 15-ന് അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ കുളിക്കുന്ന ബക്കറ്റ് കൊണ്ട് അദ്ദേഹത്തെ അടിച്ചുകൊന്നു എന്നാണ് ചരിത്രരേഖകളിൽ കാണുന്നത്. പലരുടെയും എതിർപ്പ് വകവയ്ക്കാതെ അദ്ദേഹത്തിന്റെ പിൻഗാമിയായി, മകനായിരുന്ന കോൺസ്റ്റന്റൈൻ നാലാമനെ മാർപാപ്പ പിന്തുണച്ചു. അതിന്റെ പ്രതിനന്ദിയായി കോൺസ്റ്റാന്റിനോപ്പിളിലെ അന്നത്തെ നയങ്ങൾക്കു വിരുദ്ധമായി മോണോത്തെലിതിസത്തെ തള്ളിപ്പറയുന്ന നിലപാടാണ് ചക്രവർത്തിയും പിന്നീട് സ്വീകരിച്ചത്. എങ്കിലും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസിന്റെ എതിർപ്പ് മൂലം പല നയങ്ങളും ഉദ്ദേശിച്ചതുപോലെ മാറ്റുന്നതിന് സാധിച്ചില്ല.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.