പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 75 – വി. എവുജീൻ I (615-657)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 654 ആഗസ്റ്റ് 10 മുതൽ 657 ജൂൺ 2 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. എവുജീൻ ഒന്നാമൻ. റൂഫിനസിന്റെ മകനായി അവന്തീനിൽ ജനിച്ച റോമക്കാരനായാണ് ചരിത്രരേഖകൾ വി. എവുജീൻ മാർപാപ്പയെ പരിചയപ്പെടുത്തുന്നത്. വി. മാർട്ടിൻ ഒന്നാമൻ മാർപാപ്പയെ കോൺസ്റ്റാൻസ് രണ്ടാമൻ ചക്രവർത്തി നാടുകടത്തിയ സമയത്താണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹം ഒരു വൈദികനായി ദീർഘനാൾ സേവനമനുഷ്ഠിച്ച ശേഷമാണ് ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

മോണോത്തെലിതിസം എന്ന പാഷണ്ഡതയെ മാർപാപ്പമാർ അംഗീകരിക്കാതിരുന്നതാണ് ഇക്കാലത്തെ പൗരസ്ത്യ ചക്രവർത്തിമാരുമായുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനം. അതിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കേണ്ടി വന്ന വി. മാർട്ടിൻ ഒന്നാമൻ മാർപാപ്പയെ ഇന്ന് ബൈസന്റൈൻ ഓർത്തഡോക്സ് സഭ പോലും വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് റോമിന്റെ നിലപാടുകൾ എത്രമാത്രം ശരിയായിരുന്നു എന്നതിന്റെ തെളിവാണ്. റോമിൽ നിന്ന് മാർട്ടിൻ മാർപാപ്പ നാടുകടത്തപ്പെട്ടപ്പോൾ ചക്രവർത്തി റെവന്നായിലെ തന്റെ പ്രതിനിധിയിൽ സ്വാധീനം ചെലുത്തിയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ റോമൻ സഭയെ പ്രേരിപ്പിച്ചത്. ഇത് ഒരേ സമയം രണ്ടു മാർപാപ്പാമാർ ജീവിച്ചിരിക്കുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തു.

എവുജീൻ മാർപാപ്പ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നതിന് ഇരുപത്തൊന്ന് ബിഷപ്പുമാരെ അഭിഷേകം ചെയ്യുകയും ഇംഗ്ലണ്ടിൽ നിന്നും ആദ്യ സന്ദർശനത്തിനെത്തിയ ബിഷപ് വിൽഫ്രഡിനെ (പിന്നീട് വിശുദ്ധൻ) റോമിൽ സ്വീകരിക്കുകയും ചെയ്തു. കൂടാതെ തന്റെ സന്ദേശവുമായി ഒരു പ്രതിനിധിസംഘത്തെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുകയും ചക്രവർത്തിയെയും പൗരസ്ത്യ സഭയെയും റോമൻ സഭയെയും കുറിച്ചുള്ള സമകാലീന വിവരങ്ങൾ നൽകുകയും ചെയ്തു. ചക്രവർത്തി ‘വി. പത്രോസിന്റെ സിംഹാസനത്തിന്’ തന്റെ സമ്മാനങ്ങൾ കൊടുത്തയക്കുകയും പൗരസ്ത്യ പാത്രിയർക്കീസുമായി ഐക്യത്തിൽ പോവുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ 656-ൽ മരിയ മജോറെ ദേവാലയത്തിൽ കൂടിയ റോമിലെ വൈദികരും വിശ്വാസികളും ചക്രവർത്തിയുടെ കത്ത് വായിച്ചുകേട്ടപ്പോൾ പൗരസ്ത്യ സഭ മോണോത്തെലിതിസം തള്ളിക്കളയാതെ യാതൊരു കൂട്ടായ്മയും സാധ്യമല്ലെന്ന് മാർപാപ്പയോടൊത്തു പ്രഖ്യാപിച്ചു. ഇതറിഞ്ഞ ചക്രവർത്തി കുപിതനായി മാർട്ടിൻ മാർപാപ്പക്ക് നേരിട്ട അനുഭവം എവുജീൻ മാർപാപ്പയെയും കാത്തിരിക്കുന്നു എന്ന് ഭീഷണിപ്പെടുത്തി. എന്നാൽ തന്റെ സാമ്രാജ്യത്തിലെ മുസ്ലിം അധിനിവേശത്തെ ചെറുക്കുന്ന തിരക്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ പിന്നീട് അദ്ദേഹത്തിന് സമയം ലഭിച്ചില്ല. എ.ഡി. 657-ൽ കാലം ചെയ്ത എവുജീൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ജൂൺ രണ്ടാം തീയതിയാണ് വി. എവുജീന്റെ തിരുനാൾ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.