പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 73 – തിയഡോർ I (610-649)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 642 നവംബർ 24 മുതൽ 649 മെയ് 14 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് തിയഡോർ ഒന്നാമൻ. തിയഡോർ മാർപാപ്പ ജറുസലേമിൽ ജനിച്ച ഗ്രീക്ക് വംശജനാണ്. അദ്ദേഹത്തിന്റെ പിതാവ് തിയഡോർ, ജറുസലേമിലെ ബിഷപ്പായിരുന്നു. ആദ്യം സിറിയയിലെ ലെവാന്ത്‌ പ്രദേശത്തും പിന്നീട് വിശുദ്ധ നാട്ടിലുമുണ്ടായ മുസ്ലീം അധിനിവേശത്തിൽ നിന്നും രക്ഷ നേടി റോമിൽ അഭയം പ്രാപിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നവരാണ് ഇവർ. എ.ഡി. 640-ൽ ജോൺ നാലാമൻ മാർപാപ്പ തിയഡോറിനെ കർദ്ദിനാൾ ഡീക്കനായി നിയമിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയുടെ ഇറ്റലിയിലുള്ള പ്രതിനിധി റെവെന്നായിലെ എക്‌സാർക്ക് തിയഡോറിനെ അനുകൂലിക്കുകയും അതിൻപ്രകാരം ഈ തിരഞ്ഞെടുപ്പ് വേഗം തന്നെ അംഗീകരിച്ചു കിട്ടുകയും ചെയ്തു.

നേരത്തെ ഉടലെടുത്ത മോണോതെലിറ്റസ് പാഷണ്ഡത തിയഡോർ ഒന്നാമൻ മാർപാപ്പയുടെ കാലത്തും തുടരുന്നു. മാർപാപ്പ ആയി ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചത്തിനു ശേഷം കോൺസ്റ്റൻസ് രണ്ടാമൻ ചക്രവർത്തിക്ക്, എന്തു കാരണത്താലാണ് ഇപ്പോഴും മോണോതെലിതിസത്തെ അനുകൂലിക്കുന്നത് എന്ന ചോദ്യവുമായി ഒരു കത്തെഴുതുന്നു. ഇതേ ആവശ്യം പറഞ്ഞുകൊണ്ട് അവിടുത്തെ പാത്രിയർക്കീസ് പോൾ രണ്ടാമനും കത്തയച്ചു. അതേ സമയം നാടുകടത്തപ്പെട്ട കോൺസ്റ്റാന്റിനോപ്പിളിലെ ഫിർഹൂസ് രണ്ടാമൻ പാത്രിയർക്കീസ് തന്റെ തെറ്റ് തിരുത്തി വി. പത്രോസിന്റെ ബസിലിക്കയിലെത്തി സത്യവിശ്വാസം ഏറ്റുപറഞ്ഞു. തുടർന്ന് അദ്ദേഹത്തെ മാർപാപ്പ ആദരവോടെ സ്വീകരിക്കുകയും കോൺസ്റ്റാന്റിനോപ്പിളിലെ യഥാർത്ഥ ബിഷപ്പ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതേ തുടന്ന് പാഷണ്ഡതയിൽ ആയിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് പോൾ രണ്ടാമനെ മാർപാപ്പ പുറത്താക്കുന്നു. എന്നാൽ ഫിറൂസ് പിന്നീട് തന്റെ നിലപാട് മാറ്റുകയും തത്ഫലമായി റോമിൽ കൂടിയ സിനഡ് അദ്ദേഹത്തെ വീണ്ടും സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

പൗരസ്ത്യ റോമൻ ചക്രവർത്തി കോൺസ്റ്റൻസ് രണ്ടാമൻ സഭയിലുണ്ടായ ഈ പ്രശ്നങ്ങൾ തന്റെ രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്ന് മനസ്സിലാക്കി എ.ഡി. 648-ൽ ഇത്തരത്തിലുള്ള എല്ലാ തുടർചർച്ചകളും നിരോധിക്കുകയും പുതിയ ചില നിയമങ്ങൾ നടപ്പിൽവരുത്തുകയും ചെയ്തു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ മാർപാപ്പയുടെ പ്രതിനിധി ചക്രവർത്തിയുടെ തീരുമാനങ്ങളിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ നാടുകടത്തുകയും അവിടുത്തെ കാര്യാലയം അടച്ചുപൂട്ടുകയും ചെയ്തു. ഇതിനെക്കുറിച്ച് ഔദ്യോഗിക മറുപടി കൊടുക്കുന്നതിനു മുൻപ് എ.ഡി. 649 മെയ് 14-ന് തിയഡോർ മാർപാപ്പ കാലം ചെയ്യുകയും ചെയ്തു. തിയഡോർ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.