പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 72 – ജോൺ IV (587-642)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 640 ഡിസംബർ 24 മുതൽ 642 ഒക്ടോബർ 12 വരെയുള്ള വർഷങ്ങളിൽ സഭയുടെ നേതൃസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് ജോൺ നാലാമൻ. റോമൻ സാമ്രാജ്യത്തിലെ ഇന്നത്തെ ക്രൊയേഷ്യയുടെ ഭാഗമായ ലദേറ (സദാർ) എന്ന നഗരത്തിൽ വെനാന്തിയൂസ് എന്ന അഭിഭാഷകന്റെ മകനായി ജോൺ നാലാമൻ മാർപാപ്പ ജനിച്ചു. തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം റോമിലെ ആർച്ചുഡീക്കനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇത് അക്കാലത്തെ വളരെ പ്രധാനപ്പെട്ട ഒരു ജോലി ആയിരുന്നു. അദ്ദേഹം വളരെ ‘സംസ്കാര സമ്പന്നനായ വ്യക്തി’ ആയിരുന്നു എന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. ഈ തിരഞ്ഞെടുപ്പ് വളരെ വേഗം അംഗീകരിക്കപ്പെട്ടതിൽ നിന്നും ഇറ്റലിയിലെ റെവെന്നായിലെ എക്‌സാർക്ക് ഇതിനുള്ള അനുവാദം നല്‍കുകുകയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.

അയർലണ്ടിലെയും സ്കോട്ലന്റിലെയും സഭയ്‌ക്കെഴുതിയ കത്തിൽ അവർ മറ്റു സഭകളിൽ നിന്നും വ്യത്യസ്തമായി യഹൂദന്മാരുടെ പെസഹായെ അടിസ്ഥാനപ്പെടുത്തി ഈസ്റ്റർ ആഘോഷിക്കുന്ന പതിവിൽ വ്യത്യാസം വരുത്തി മറ്റുള്ള ക്രിസ്തീയസഭകളോട് ചേർന്ന് ഈസ്റ്റർ ആഘോഷിക്കണമെന്നു ജോൺ മാർപാപ്പ നിർദേശം നൽകി. നേരത്തെ ഉണ്ടായിരുന്ന പെലാജിയൻ പാഷണ്ഡതയും അടുത്ത കാലത്ത് രൂപപ്പെട്ട മോണോതെലിസവും അനുധാവനം ചെയ്യുന്നവരെ സഭയിൽ നിന്നും പുറത്താക്കി. ഹെറാക്ലിയൂസ് ചക്രവർത്തിയും അദ്ദേഹത്തിന്റെ മകൻ കോൺസ്റ്റാന്റീൻ മൂന്നാമനും മുൻഗാമികളുടെ നയങ്ങളിൽ നിന്നും വ്യത്യസ്തമായി മാർപാപ്പയുടെ നയങ്ങളോട് യോജിക്കുകയും മുൻഗാമികളുടെ ചെയ്തികൾക്ക് മാപ്പ് പറയുകയും ചെയ്തു.

എന്നാൽ തന്റെ ജന്മദേശമായ ക്രൊയേഷ്യയിൽ സ്ലോവാനിക് വംശജർ നടത്തിയ അധിനിവേശം മാർപാപ്പയുടെ ശ്രദ്ധ അവിടേക്ക് തിരിയുന്നതിന് ഇടയാക്കി. അവിടുത്തെ ആളുകളുടെ കഷ്ടതകൾ ലഘൂകരിക്കുന്നതിനായി ആശ്രമാധിപൻ മാർട്ടിനെ ദാൽമാത്തിയ, ഇസ്ത്രിയ പ്രദേശങ്ങളിലേക്ക് തടവുകാരെ മോചിപ്പിക്കുന്നതിന് പണവും മറ്റു സഹായങ്ങളുമായി അയക്കുന്നു. അവിടെ നശിപ്പിക്കപ്പെട്ട പള്ളികൾ പുനർനിർമ്മിക്കാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല. അതിനാൽ അവിടുത്തെ പല തിരുശേഷിപ്പുകളും റോമിലേക്ക് തന്നെ കൊണ്ടുവന്നു. അവരുടെ ഓർമ്മക്കായി റോമിൽ ലാറ്ററൻ ഭവനത്തിൽ ഒരു ഓറട്ടറി നിർമ്മിച്ച് അവിടെ സ്ഥാപിച്ചു. പിന്നീട് ശത്രുക്കളായിരുന്ന കരുതപ്പെട്ട സ്ലോവാക്കിയരെ ക്രിസ്തീയവിശ്വാസത്തിലേക്ക് നയിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ഹെറാക്ലിയൂസ് ചക്രവർത്തിയുടെ നിർദ്ദേശാനുസരണം ക്രിസ്തീയ വിശ്വാസസംഹിതകൾ അഭ്യസിപ്പിക്കാൻ ജോൺ നാലാമൻ മാർപാപ്പ അദ്ധ്യാപകരെ അയക്കുകയും ചെയ്തു. 642 ഒക്ടോബർ 12-ന് കാലം ചെയ്ത ജോൺ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.