പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 71 – സെവെറിനൂസ് (585-640)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 640 മെയ് 28 മുതൽ ഓഗസ്റ്റ് 2 വരെ അറുപത്തിയാറു ദിവസം നീണ്ട ഒരു സഭാഭരണമായിരുന്നു സെവെറിനൂസ് മാർപാപ്പയുടേത്. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത്, റോമൻ സെനറ്റിലെ അംഗമായിരുന്ന അവിയേനൂസിന്റെ മകനായി 585-ൽ സെവെറിനൂസ് ജനിച്ചുവെന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇരുപതു മാസം കഴിഞ്ഞാണ് ചക്രവർത്തിയുടെ അംഗീകാരം മാർപാപ്പയുടെ തിരഞ്ഞെടുപ്പിന് ലഭിക്കുന്നത്. ഈ കാലതാമസത്തിന്റെ പ്രധാന കാരണം “മോണോതെലിത്തിസം” (Monothelitism: a heresy that held that in Christ there is only one will, not two) എന്ന വിശ്വാസം അനുധാവനം ചെയ്യാൻ മാർപാപ്പ വിസമ്മതിച്ചതാണ്.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് സേർജിയൂസ് ഒന്നാമൻ ഏകസഭാവാദത്തിന്റെ തുടർച്ചയായുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി “എക്തെസിസ്” എന്ന പേരിൽ ഒരു രേഖ പ്രസിദ്ധീകരിക്കുകയും അത് അംഗീകരിക്കാൻ ഹെരാക്‌ളീയസ് ചക്രവർത്തി മാർപാപ്പയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ “മോണോതെലിത്തിസം” ഏറ്റുപറയാൻ മാർപാപ്പ വിസമ്മതിച്ചു. ഇതിന്റെ അനന്തരഫലമായി കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരികൾ സെവെറിനൂസ് മാർപാപ്പയെ പല രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. റോമിലുണ്ടായിരുന്ന പട്ടാളക്കാരോട് തങ്ങളുടെ ശമ്പളം മാർപാപ്പയുടെ കൈയ്യിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് പൂഴ്ത്തിവച്ചിരിക്കയാണെന്നും ധരിപ്പിച്ചു. തങ്ങൾക്ക് പണം വേണം എന്ന ആവശ്യമുന്നയിച്ച് പട്ടാളക്കാർ മൂന്നു ദിവസം ലാറ്ററൻ അരമന ഉപരോധിക്കുകയും അതിനുശേഷം അവിടെ പ്രവേശിച്ച് എല്ലാം കവർച്ച ചെയ്ത് വീതിച്ചെടുക്കുകയും അതിന്റെ ഒരു ഭാഗം ചക്രവർത്തിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഇക്കാലയളവിൽ കോൺസ്റ്റാന്റിനോപ്പിളിലെ മാർപാപ്പയുടെ പ്രതിനിധികളുടെ ഇടപെടൽ വഴി ചക്രവർത്തി തന്റെ ചില തീരുമാനങ്ങളിൽ മാറ്റം വരുത്തി. “എക്തെസിസ്” അംഗീകരിക്കുന്നതിനെക്കുറിച്ചു സംസാരിച്ച് ഒരു തീരുമാനത്തിലെത്താം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാർപാപ്പയുടെ തിരഞ്ഞെടുപ്പിന് ചക്രവർത്തി അംഗീകാരം നൽകുന്നു. ഇതു കൂടാതെ മഹാനായ ഗ്രിഗറി മാർപാപ്പയുടെ ഭരണത്തിന്റെ അലയൊലികൾ പ്രത്യേകിച്ചും – സന്യാസ-ഇടവക വൈദികർ ഭരണത്തിൽ പങ്കാളികൾ ആകുന്നതിനെക്കുറിച്ച് – ഇക്കാലയളവിലും തുടർന്നു. ഇടവക വൈദികരുടെ ആളായിട്ടാണ് സെവെറിനൂസ് മാർപാപ്പ അറിയപ്പെട്ടിരുന്നത്. അദ്ദേഹം വൈദികരുടെ ശമ്പളം വർദ്ധിപ്പിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ചരിത്രരേഖകളിൽ കാണുന്നു. എ.ഡി. 640 ആഗസ്റ്റ് 2-ന് കാലം ചെയ്ത സെവെറിനൂസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.