പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 70 – ഹൊണോറിയസ് I (585-638)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 625 ഒക്ടോബർ 27 മുതൽ 638 ഒക്ടോബർ 12 വരെ സഭയുടെ നേതൃസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് ഹൊണോറിയസ് ഒന്നാമൻ. കംപാനിയ എന്ന സ്ഥലത്തെ ഒരു പ്രഭുകുടുംബത്തിലാണ് ഹൊണോറിയസ് മാർപാപ്പ ജനിച്ചത്. മാർപാപ്പയാകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചരിത്രരേഖകൾ ഒന്നും തന്നെ നമുക്കിന്ന് ലഭ്യമല്ല. ബോനിഫസ് അഞ്ചാമൻ മാർപാപ്പ കാലം ചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ ഹൊണോറിയസിന്റെ സ്ഥാനാരോഹണം നടന്നു. അന്നത്തെ പതിവിൽ നിന്നും വ്യത്യസ്തമായി ഈ സ്ഥാനാരോഹണം പെട്ടെന്നു നടന്നതിന്റെ കാരണം ചക്രവർത്തിയുടെ എക്സാർക്കായിരുന്ന അർമേനിയായിലെ ഐസക്കിന്റെ റോമിലെ സാന്നിധ്യമായിരുന്നു.

മഹാനായ ഗ്രിഗറി മാർപാപ്പയായിരുന്നു സഭാഭരണത്തിന് ഹൊണോറിയസിന്റെ മാതൃക. അതിനാൽ തന്നെ ഭരണസംവിധാനത്തിലെ ഉന്നതസ്ഥാനങ്ങൾ സന്യാസികളുടെ കരങ്ങളിലായിരുന്നു. എ.ഡി. 634-ൽ ഹൊണോറിയസ് മാർപാപ്പയ്ക്ക് കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ആയിരുന്ന സേർജിയൂസ് ഒന്നാമനിൽ നിന്ന് ഒരു കത്ത് ലഭിക്കുന്നു. ആ കത്തിൽ ത്രിത്വത്തിലെ രണ്ടാം ആളായ വചനമായ ക്രിസ്തു രണ്ടു സ്വാഭാവങ്ങളും ഒരു പ്രവർത്തനവുമുള്ള ആളാണെന്ന് വാദിച്ചു. ഇത് പൗരസ്ത്യദേശത്തുള്ള ഏകസ്വഭാവവാദികളെയും തൃപ്തിപ്പെടുത്തി കൊണ്ടുവരാൻ സഹായിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ജറുസലേമിലെ ബിഷപ്പായിരുന്ന സൊഫ്രോണിയൂസും മറ്റും ഇത് ‘ഏകസ്വാഭാവ വാദം’ പുതിയ കുപ്പായത്തിൽ വന്നിരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. ഹൊണോറിസ് മാർപാപ്പ ഇതിനോട് യോജിക്കുന്ന നിലപാടെടുത്തത് സഭയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ (680) പാത്രിയർക്കീസ് സെർജിയൂസിന്റെ ഇതേക്കുറിച്ചുള്ള രണ്ടു കത്തുകളും തെറ്റായ പ്രബോധനങ്ങളാണെന്ന് പ്രഖ്യാപിച്ചപ്പോൾ അത് മാർപാപ്പയ്ക്കെതിരായ പ്രഖ്യാപനവും ആയിത്തീർന്നു.

ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ കാലയളവിൽ മാർപാപ്പയുടെ തെറ്റാവരത്തിനെതിരായി വാദിച്ചവർ ഈ സംഭവങ്ങൾ എടുത്തുകാട്ടി തങ്ങളുടെ വാദം ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇത് മാർപാപ്പയുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവ് മാത്രമാണെന്നും ഇത്തരത്തിൽ വേദവിപരീതം പഠിപ്പിച്ചിട്ടില്ലെന്നും വാദിക്കുന്നവർക്കാണ് ഇന്ന് പ്രാമുഖ്യം. ഇറ്റലിയിലുണ്ടായ തർക്കങ്ങൾ പലതും പരിഹരിക്കുന്നതിൽ മാർപാപ്പ വിജയിച്ചു. അതുപോലെ തന്റെ അരമന ഒരു ആശ്രമം പോലെയാണ് അദ്ദേഹം പരിപാലിച്ചത്. കൂടാതെ ഇംഗ്ലണ്ടിലെ വളർച്ചയുടെ പാതയിൽ ആയിരുന്ന സഭയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകി. പുരോഹിതരുടെ പരിശീലനപദ്ധതി നവീകരിക്കുകയും റോമിലെ പ്രസിദ്ധമായ പുരാതന ജലവിതരണ സംവിധാനങ്ങൾ പുനരുദ്ധരിക്കുകയും ജീർണ്ണതയിൽ ആയിരുന്ന പല ദേവാലയങ്ങളും നന്നാക്കി ആരാധനയ്ക്ക് യോഗ്യമാക്കുകയും ചെയ്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.