പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 69 – ബോനിഫസ് V (575-625)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 619 ഡിസംബർ 23 മുതൽ 625 ഒക്ടോബർ 25 വരെ സഭയെ നയിച്ച മാർപാപ്പയാണ് ബോനിഫസ് അഞ്ചാമൻ. ഇറ്റലിയിലെ നേപ്പിൾസിൽ ജോൺ എന്നയാളുടെ മകനായി എ.ഡി. 575-ലാണ് അദ്ദേഹം ജനിച്ചത്. അക്കാലത്തെ മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിൽ സാധാരണ സംഭവിക്കുന്ന കാലതാമസം ബോനിഫസ് അഞ്ചാമൻ മാർപാപ്പയുടെ കാര്യത്തിലും ഉണ്ടാവുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നുമുള്ള അംഗീകാരം ഒരു വർഷത്തിനു ശേഷമാണ് ലഭിക്കുന്നത്. കൂടാതെ, ഇക്കാലത്ത് റെവെന്നായിലെ എക്‌സാർക്ക് ആയിരുന്ന എലെവുത്തെറിയൂസ് ഇറ്റലിയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. എന്നാൽ റോം അക്രമിക്കാനായി പോകുന്ന സമയത്ത് തന്റെ തന്നെ പട്ടാളക്കാരുടെ വാളിനിരയാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

മഹാനായ ഗ്രിഗറി മാർപാപ്പയുടെ സന്യാസികളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നെങ്കിലും ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത്, ബോനിഫസ് മാർപാപ്പ ശാന്തപ്രകൃതക്കാരനും വൈദികരെ അതിരറ്റ് സ്നേഹിക്കുന്നവനുമായിരുന്നു എന്നാണ്. അതുപോലെ ഇംഗ്ലണ്ടിലെ സഭയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ ആളാണ് ബോനിഫസ് മാർപാപ്പ. അദ്ദേഹം ധാരാളം കത്തുകൾ കാന്റർബറിയിലെ ആർച്ചുബിഷപ്പുമാർക്ക് എഴുതിയിട്ടുണ്ട്. എ.ഡി. 624-ൽ ആർച്ച്ബിഷപ് ജസ്റ്റസിനു പാലിയം നൽകിക്കൊണ്ട് എഴുതിയ കത്തിൽ, അവിടുത്തെ ആവശ്യം അനുസരിച്ച് ബിഷപ്പുമാരെ വാഴിക്കാനുള്ള അനുവാദം നൽകുന്നു. ഇക്കാലത്തു തന്നെ നോർത്തുംബ്രിയായിലെ എഡ്വിൻ രാജാവിന് ക്രിസ്തീയവിശ്വാസം പഠിക്കാനും അദ്ദേഹത്തിന്റെ ഭാര്യ എതെൽബർഗ രാഞ്ജിയുടെ പാത പിഞ്ചെന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനും മാർപാപ്പ കത്തെഴുതി. അതിന്റെ അനന്തരഫലമായി മാർപാപ്പയുടെ മരണശേഷം ആണെങ്കിൽക്കൂടി രാജാവ് മാമ്മോദീസ സ്വീകരിക്കുകയും ക്രിസ്തീയവിശ്വാസത്തിൽ ജീവിക്കുകയും ചെയ്തു.

വളരെ ഔദാര്യമതിയായിരുന്ന ബോനിഫസ് മാർപാപ്പ തന്റെ വ്യക്തിസമ്പാദ്യങ്ങളെല്ലാം വിറ്റ് റോമിലും പരിസരത്തും കഷ്ടതയനുഭവിക്കുന്ന പാവങ്ങളെ സഹായിച്ചു. ബോനിഫസ് മാർപാപ്പ ഇറക്കിയ ഡിക്രികളിൽ പ്രധാനപ്പെട്ടതായിരുന്നു ദേവാലയങ്ങൾ അഭയസ്ഥാനങ്ങളായി പ്രഖ്യാപിച്ചത്. അക്കാലത്തെ ആക്രമണങ്ങളിൽ നിന്നും ആർക്കും രക്ഷ നേടുന്നതിനായി ദേവാലയത്തിൽ അഭയം പ്രാപിക്കാമെന്നും അവരെ അക്രമിക്കാൻ പാടില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. രക്തസാക്ഷികളുടെ തിരുശേഷിപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം ഇടവക വൈദികർക്കായിരിക്കും എന്നുമുള്ള ഒരു ഡിക്രിയും ബോനിഫസ് മാർപാപ്പ ഇറക്കി. എ.ഡി.625-ൽ കാലം ചെയ്ത ബോനിഫസ് അഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.