പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 68 – വി. അദയോദാത്തൂസ് (570-618)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 615 ഒക്ടോബർ 19 മുതൽ 618 നവംബർ 8 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് അദയോദാത്തൂസ്. ‘ദയോദാത്തൂസ്’, ‘ദേയൂസ്ദേദിത്ത്’ എന്നീ പേരുകളിലും ചെറുപ്രായത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. അദയോദാത്തൂസ് എന്ന വാക്കിന്റെ അർത്ഥം “ദൈവത്തിന്റെ ദാനം” എന്നാണ്. റോമിലെ സബ്‌ ഡീക്കൻ ആയിരുന്ന സ്റ്റീഫന്റെ മകനായി എ.ഡി. 570-ലാണ് അദ്ദേഹത്തിന്റെ ജനനം. ഒരു പുരോഹിതനായി നാല്പതു വർഷം ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. 533-ൽ സഭയ്ക്ക് നേതൃത്വം നൽകിയ ജോൺ രണ്ടാമൻ മാർപാപ്പയ്ക്കു ശേഷം ആ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യത്തെ പുരോഹിതനാണ് അദയോദാത്തൂസ്.

അദയോദാത്തൂസ് മാർപാപ്പയുടെ ഭരണകാലത്തെക്കുറിച്ച് കാര്യമായ ചരിത്രവിവരണങ്ങൾ ഒന്നും നമുക്കിന്ന് ലഭ്യമല്ല. റോം ഇക്കാലത്ത് പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതിനാൽ ഔദ്യോഗിക മാറ്റങ്ങൾക്കൊക്കെ ചക്രവർത്തിയുടെ അംഗീകാരം കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും നേടിയെടുക്കണമായിരുന്നു. മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലശേഷം സഭയുടെ ഭരണത്തിലുണ്ടായ സന്യാസ-ഇടവക വൈദികർ തമ്മിലുള്ള മത്സരം തുടരുന്നു. തന്റെ മുൻഗാമിയായ ബോനിഫസ് നാലാമന്റെ കാലത്ത് സന്യാസവൈദികർക്ക് ഭരണത്തിൽ പ്രാമുഖ്യം നൽകിയിരുന്നു. എന്നാൽ അദയോദാത്തൂസ് മാർപാപ്പ ഇടവക വൈദികരെ സഭയിലെ ഉന്നതസ്ഥാനങ്ങളിലേക്ക് നിയമിക്കുന്നു. ഇതിനുവേണ്ടി അദ്ദേഹം പതിനാല് വൈദികർക്ക് പട്ടം നൽകിയതായി ചരിത്രരേഖകളിൽ കാണുന്നു.

അദയോദാത്തൂസ് മാർപാപ്പയാണ് ആദ്യമായി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഈയം കൊണ്ടുള്ള തകിടുകൾ ഉപയോഗിച്ച് മുദ്ര ചെയ്യുന്ന പാരമ്പര്യം ആരംഭിക്കുന്നത്. ഇത് മാർപാപ്പയുടെ തിരുവെഴുത്തിന്റെ ആധികാരിക വർദ്ധിപ്പിക്കുന്നതിനും മറ്റാരും രേഖകളിൽ മാറ്റം വരുത്താതിരിക്കുന്നതിനും വേണ്ടിയായിരുന്നു. മുദ്ര എന്നതിന്റെ ലത്തീൻ പദമായ “ബുള്ളാ” (bullae) എന്നതിൽ നിന്നുമാണ് പിന്നീട് “പേപ്പൽ ബൂളാ” എന്ന പ്രയോഗം വരുന്നത്. മാർപാപ്പയുടെ “ആടുകളുടെ ഇടയിലെ നല്ല ഇടയൻ” എന്ന ഒരു പ്രഖ്യാപനത്തിന്റെ മൂലപതിപ്പ് ഇന്നും വത്തിക്കാൻ പുരാവസ്തുശേഖരത്തിലുണ്ട്. എ.ഡി. 618 ആഗസ്റ്റ് മാസത്തിൽ റോമിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും അതിന്റെ പിന്നാലെ എല്ലാവർക്കും ചൊറി പോലുള്ള ത്വക്ക് രോഗം പടർന്നുപിടിക്കുകയും ചെയ്തു. ഈ കാലയളവിൽ മാർപാപ്പയുടെ നേതൃത്വത്തിൽ സഭ, ജനങ്ങളെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കം ചെയ്ത അദയോദാത്തൂസ് മാർപാപ്പയുടെ തിരുനാൾ നവംബർ 8-ന് സഭ കൊണ്ടാടുന്നു. ഓർത്തോഡോക്സ് സഭാപാരമ്പര്യത്തിലും അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.