പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 67 – വി. ബോനിഫസ് IV (550-615)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 608 മുതൽ 615 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ബോനിഫസ് നാലാമൻ. ഒരു ഡോക്ടറായിരുന്ന ജോൺ എന്നയാളുടെ മകനായി ഇറ്റലിയുടെ തെക്കു  ഭാഗത്തുള്ള അബ്രുസ്സോ എന്ന പ്രദേശത്ത് ക്രിസ്തുവർഷം 550-ൽ ബോനിഫസ് ജനിച്ചു. അദ്ദേഹത്തിന്റെ ജനനപ്പേര് ബനദേത്തോ കത്താനി എന്നായിരുന്നു. മഹാനായ ഗ്രിഗറി മാർപാപ്പയുടെ സഹകാരിയായി ജോലി ചെയ്ത പരിചയം പിന്നീട് മാർപാപ്പ ആയപ്പോൾ വലിയ അനുഗ്രഹമായി ഭവിച്ചു. സഭയുടെ പൈതൃകസ്വത്തുക്കൾ സംരക്ഷിക്കുന്ന ചുമതലയായിരുന്നു ഡീക്കനായിരുന്നപ്പോൾ മാർപാപ്പ അദ്ദേഹത്തെ ഏൽപ്പിച്ചത്.

മാർപാപ്പയുടെ തിരഞ്ഞെടുപ്പിനു ശേഷം ഒൻപതു മാസങ്ങൾ കഴിഞ്ഞാണ് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് ചക്രവർത്തിയുടെ അംഗീകാരം ലഭിക്കുന്നത്. തുടർന്ന് ഫോക്കസ് ചക്രവർത്തിക്ക് ഒരു കത്തയച്ച് റോമിലെ പ്രസിദ്ധ അമ്പലമായിരുന്ന പാന്തയോൺ ഒരു ദേവാലയമാക്കി മാറ്റുന്നതിനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. ഇതാണ് സാന്ത മരിയ റൊത്തുണ്ട എന്ന് ഇന്ന് അറിയപ്പെടുന്ന മാതാവിന്റെ നാമത്തിലുള്ള ദേവാലയം. ഈ ദേവാലയമാണ് ആദ്യമായി ക്രിസ്തീയ ആരാധനാ സ്ഥലമായിത്തീർന്ന അമ്പലമെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിലെ സഭയെക്കുറിച്ച് എ.ഡി. 610-ൽ ലണ്ടനിലെ ബിഷപ് മെല്ലിത്തൂസ് റോമിലെത്തി ബോനിഫസ് മാർപാപ്പയുമായി ചർച്ച നടത്തി. ഈ വിഷയങ്ങളും ആശ്രമങ്ങളുടെ നവീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒരു കൗൺസിൽ ആ വർഷം തന്നെ ബോനിഫസ് മാർപാപ്പ റോമിൽ വിളിച്ചുകൂട്ടുകയുണ്ടായി. അതിനുശേഷം കാന്റർബറിയിലെ ആർച്ചുബിഷപ്പ് ലോറൻസിലെ അഭിസംബോധന ചെയ്തുകൊണ്ട് അവിടെ നടപ്പാക്കേണ്ട പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് മാർപാപ്പ ബിഷപ് മെല്ലിത്തൂസിന്റെ കൈവശം ഒരു എഴുത്തും കൊടുത്തുവിടുന്നു.

മഹാനായ ഗ്രിഗറി മാർപാപ്പയെ അനുകരിച്ച് താൻ താമസിക്കുന്ന ലാറ്ററൻ അരമന ഒരു ആശ്രമം പോലെയാണ് അദ്ദേഹം പരിപാലിച്ചിരുന്നത്. മാത്രമല്ല, സന്യാസത്തിന് വലിയ പ്രാധാന്യം നൽകുകയും അതിലേക്ക് അനേകരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. ഈ കാലയളവിൽ റോമൻ പ്രദേശങ്ങളിൽ വ്യാപിച്ചുകൊണ്ടിരുന്ന മഹാമാരികളും അതിന്റെ അനന്തരഫലമായി ഉണ്ടായിക്കൊണ്ടിരുന്ന പട്ടിണിയും മറ്റും പരിഹരിക്കുന്നതിന് മാർപാപ്പ ധാരാളം സമയം ചിലവഴിച്ചു. എന്നാൽ അവസാനകാലങ്ങളിൽ ഒരു പൂർണ്ണസന്യാസിയുടെ ജീവിതശൈലി അവലംബിച്ചുകൊണ്ട് പ്രാർത്ഥനയിലും ധ്യാനത്തിലും തന്റെ കുടുംബഭവനത്തിൽ അദ്ദേഹം സമയം ചിലവഴിച്ചു. എ.ഡി. 615-ൽ കാലം ചെയ്ത ബോനിഫസ് നാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. ബോനിഫസ് നാലാമൻ മാർപാപ്പയുടെ തിരുനാൾ മെയ് 8-നു സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.