പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 66 – ബോനിഫസ് III (540-607)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 607 ഫെബ്രുവരി 19 മുതൽ നവംബർ 12 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ബോനിഫസ് മൂന്നാമൻ. ചെറിയൊരു കാലയളവിൽ മാത്രമേ ഈ പദവിയിൽ അദ്ദേഹം ഉണ്ടായിരുന്നുള്ളുവെങ്കിലും സഭയുടെ വളർച്ചയ്ക്കും കെട്ടുറപ്പിനും കാതലായ സംഭാവനകൾ നൽകിയ മാർപാപ്പയാണ് ബോനിഫസ്. എ.ഡി. 540-ൽ ഗ്രീക്ക് വംശജരായ മാതാപിക്കൾക്ക് റോമിൽ ജനിച്ച അദ്ദഹത്തിന്റെ പിതാവിന്റെ പേര് കത്തദിയോച്ചെ എന്നായിരുന്നു. ഒരു ഡീക്കനായി സേവനം ചെയ്തിരുന്ന കാലയളവിൽ മഹാനായ ഗ്രിഗറി മാർപാപ്പയുടെ ശ്രദ്ധയിൽപെടുകയും “ഉറച്ച വിശ്വാസത്തിനും സ്വഭാവത്തിനും” ഉടമയായ ബോനിഫസിനെ 603-ൽ മാർപാപ്പയുടെ പ്രതിനിധിയായി കോൺസ്റ്റാന്റിനോപ്പിലേക്ക് അയക്കുകയും ചെയ്തു.

പൗരസ്ത്യ റോമൻ സാമ്രാജ്യ തലസ്ഥാനത്തെ അനുഭവം പിന്നീടുള്ള ബോനിഫസിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചു. ഇക്കാലയളവിൽ ചക്രവർത്തി ഫോക്കസുമായി (Phocas) നല്ല ബന്ധം ഉണ്ടാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഗ്രിഗറി മാർപാപ്പയ്ക്ക് പല ആവശ്യങ്ങളിലും ഇവരുടെ ഈ നല്ല ബന്ധം സഹായകമായി ഭവിച്ചിട്ടുണ്ട്. പിന്നീട് സബിനിയൻ മാർപാപ്പയുടെ മരണശേഷം ബോനിഫസിനെ മാർപാപ്പയെ പിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തിന്റെ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും റോമിലേക്കുള്ള മടങ്ങിവരവിന് ഒരു വർഷത്തോളം സമയമെടുത്തു. ചിലർ വിശ്വസിച്ചത് ബോനിഫസ് മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിൽ ചെയ്തുകൊണ്ടിരുന്ന ചില ജോലികൾ പൂർത്തിയാക്കാനുണ്ടായിരുന്നു എന്നാണ്. മറ്റു ചിലർ കരുതിയത് ചക്രവർത്തി ഗ്രിഗറി മാർപാപ്പയുടെ നയങ്ങളെ അനുധാവനം ചെയ്തവരും അതിനെ എതിർത്തവരും തമ്മിലുള്ള തർക്കം പരിഹരിക്കാനായി ഇത് നീട്ടിക്കൊണ്ടു പോയി എന്നാണ്. അതല്ല, സ്വതന്ത്രമായ തിരഞ്ഞെടുപ്പ് വേണമെന്ന് ബോനിഫസ് മാർപാപ്പ നിർബന്ധം പിടിച്ചതിനാൽ ഇക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ സമയമെടുത്തു എന്നൊരു വാദവുമുണ്ട്.

മാർപാപ്പയായി ചുമതലയേറ്റയുടൻ ഒരു മാർപാപ്പ ജീവിച്ചിരിക്കുമ്പോൾ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ വിലക്കുകയും മാർപാപ്പയുടെ കബറടക്കത്തിന് മൂന്നു ദിവസത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കണമെന്ന നിയമം നടപ്പിലാക്കി. ഇതു കൂടാതെ പൗരസ്ത്യ ചക്രവർത്തി ഫോക്കസിൽ നിന്നും പത്രോസിന്റെ സിംഹാസനം മറ്റെല്ലാ സഭകൾക്കും ഉപരിയാണെന്ന് ഒരു കല്പന പുറപ്പെടുവിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. “സാർവ്വത്രിക സഭാതലവൻ” എന്ന പേര് അങ്ങനെ മാർപാപ്പ മാത്രം ഉപയോഗിക്കുന്ന രീതിയും നിലവിൽ വന്നു. അത് കോൺസ്റ്റാന്റിനോപ്പിലെ പാത്രിയർക്കീസ് സിറിയാക്കൂസ്‌ ഈ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചതിനെ ഇല്ലാതാക്കുന്നതായിരുന്നു. എ.ഡി. 607 നവംബർ 12-നു കാലം ചെയ്ത ബോനിഫസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.