പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 65 – സബീനിയൻ (530-606)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 604 മുതൽ 606 വരെയുള്ള കാലയളവിലെ മാർപാപ്പയാണ് സബീനിയൻ. എ.ഡി. 530-ൽ ബോണുസ് എന്നയാളുടെ മകനായി ഇറ്റലിയിലെ വിത്തേർബോയ്ക്കടുത്തുള്ള ബിയേറ പട്ടണത്തിലാണ് സബിനിയൻ മാർപാപ്പ ജനിച്ചത്. പൗരസ്ത്യ റോമൻ ചക്രവർത്തി മൗറീസ് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് റോമൻ പ്രദേശങ്ങളുടെ ഭരണം നടത്തുന്ന കാലയളവായിരുന്നു ഇത്. മാർപാപ്പയുടെ പ്രതിനിധിയായി കോൺസ്റ്റാന്റിനോപ്പിളിൽ ജോലി ചെയ്തതിനു ശേഷം ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് സബീനിയൻ.

മഹാനായ ഗ്രിഗറി മാർപാപ്പയാണ് തന്റെ പ്രതിനിധിയായി അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുന്നത്. എന്നാൽ 595-ൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് “എക്കുമെനിക്കൽ പാത്രിയർക്കീസ്” എന്ന പേര് ഉപയോഗിക്കുന്നതിനെ ചൊല്ലി മാർപാപ്പയും ചക്രവർത്തി മൗറീസും തമ്മിലുണ്ടായ തർക്കം സബിനിയൂസ് കൈകാര്യം ചെയ്ത വിധം ഗ്രിഗറി മാർപാപ്പയ്ക്ക് ഇഷ്ടപ്പെടായ്കയാൽ അദ്ദേഹത്തെ തിരികെ വിളിച്ച് ഗൗളിലെ പ്രതിനിധിയായി അയക്കുന്നു. ഗ്രിഗറി മാർപാപ്പയുടെ കാലശേഷം എ.ഡി. 604 മാർച്ച് മാസത്തിൽ സബീനിയൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചക്രവർത്തിയുടെ അംഗീകാരത്തിനായി സെപ്റ്റംബർ മാസം വരെ കാത്തിരിക്കേണ്ടി വന്നു.

പ്രാർത്ഥനാസമയങ്ങൾ അറിയിച്ചുകൊണ്ട് ദേവാലയങ്ങളിൽ മണി മുഴക്കുന്നതും അതുപോലെ തന്നെ വിശുദ്ധ കുർബാനയുടെ സമയത്ത് മണികൾ മുഴക്കുന്ന പാരമ്പര്യവും ആരംഭിച്ചത് സാബിനൂസ് മാർപാപ്പയാണെന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. ലൊംബാർഡുകളുടെ ആക്രമണങ്ങളും സാംക്രമികരോഗങ്ങളും സബീനിയൻ മാർപാപ്പയുടെ കാലത്തും റോമിൽ വലിയ പട്ടിണിയും ദുരിതങ്ങളും സമ്മാനിച്ചു. എന്നാൽ ഗ്രിഗറി മാർപാപ്പയെ പോലെ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഗത്ഭ്യം സബീനിയൻ മാർപാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല, പാവങ്ങൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിനൊക്കെ വില ഈടാക്കിയത് അദ്ദേഹത്തിന് വലിയ ചീത്തപ്പേര് സമ്മാനിക്കുകയും ചെയ്തു. അതിന്റെ അനന്തരഫലമായിരുന്നു അദ്ദേഹത്തിന്റെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ ജനങ്ങളുടെ എതിർപ്പ് കാരണം വഴി മാറ്റി വിടേണ്ടി വന്നത്. എ.ഡി. 606 ഫെബ്രുവരി 22-ന് കാലം ചെയ്ത സബിനൂസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.