പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 64 – വി. ഗ്രിഗറി I (540-604)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

സഭാചരിത്രത്തിൽ മഹാന്‍ എന്നു വിളിക്കപ്പെടുന്ന രണ്ടാമത്തെ മാർപാപ്പയാണ് ക്രിസ്തുവർഷം 590 മുതൽ 604 വരെ സഭയെ നയിച്ച വി. ഗ്രിഗറി ഒന്നാമൻ. അദ്ദേഹത്തിന്റെ പിതാവായ ഗോർഡിയാനൂസ് റോമൻ സെനറ്ററും നഗരത്തിന്റെ പ്രീഫെക്റ്റും ആയിരുന്നു. അമ്മ സിൽവിയായും പിതാവിന്റെ സന്യാസിനീ സഹോദരിമാരായ തർസില്ലായും എമിലിയാനയും വിശുദ്ധരുടെ ഗണത്തിൽപെടുന്നു. അതുപോലെ ഫെലിക്സ് മൂന്നാമൻ മാർപാപ്പയുടെ രണ്ടാം തലമുറയിലെ കൊച്ചുമകനുമാണ് വി. ഗ്രിഗറി. ഗ്രിഗറി മാർപാപ്പ തന്നെയും മുപ്പത്തിമൂന്നാമത്തെ വയസ്സിൽ റോമിന്റെ പ്രീഫെക്റ്റും പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലെ മാർപാപ്പയുടെ പ്രതിനിധിയും ആയിരുന്നു.

പിതാവിന്റെ മരണശേഷം റോമിലെ ചേലിയോ കുന്നിലുണ്ടായിരുന്ന കുടുംബ ബംഗ്ലാവ്‌ അന്ത്രയോസ് അപ്പസ്തോലന്റെ പേരിലുള്ള ഒരു ആശ്രമമാക്കി മാറ്റുകയും അവിടെ അദ്ദേഹം സന്യാസജീവിതം ആരംഭിക്കുകയും ചെയ്തു (പിന്നീട് ഗ്രിഗറിയുടെ കാലശേഷം അത് സാൻ ഗ്രിഗോറിയോ അൽ ചേലിയോ എന്ന് അറിയപ്പെടാൻ തുടങ്ങി). സന്യാസത്തിന് പോവുന്നതിനു മുൻപായി തന്റെ കുടുംബസ്വത്തുക്കളെല്ലാം വിറ്റ് പാവങ്ങൾക്കു നൽകി. പെലാജിയൂസ് രണ്ടാമൻ മാർപാപ്പയുടെ മരണശേഷം ഗ്രിഗറിയെ ഐക്യകണ്ഠേന അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ താൻ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത ഈ പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് ഒരു കാരണവശാലും അംഗീകാരം കൊടുക്കരുതെന്ന് കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിക്ക് അദ്ദേഹം കത്തെഴുതി. ഈ സമയത്ത് മറ്റെല്ലാം മറന്ന് റോമിലെ മഹാമാരിയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന തിരക്കിലായിരുന്നു ഗ്രിഗറി. എന്നാൽ ചക്രവർത്തിയുടെ അംഗീകാരം താമസിയാതെ എത്തിയപ്പോൾ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടു തന്നെ ഈ സ്ഥാനം ഏറ്റെടുത്തു. സന്യാസജീവിതത്തിലെ ധ്യാനനിരതമായ ജീവിതത്തിൽ നിന്നും വലിയ ഉത്തരവാദിത്വങ്ങളുള്ള മാർപാപ്പയുടെ ജീവിതം തനിക്കു ചേരുന്നതല്ല എന്ന് തന്റെ ആദ്യകാല രചനകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

റോമിലെ പ്രീഫെക്ടായും സന്യാസഭവനത്തിന്റെ അധിപനായും ജോലി ചെയ്ത വി. ഗ്രിഗറിക്ക് ഭൗതികവും ആത്മീയവുമായ കാര്യങ്ങളിൽ നല്ല അവഗാഹം ഉണ്ടായിരുന്നു. എന്നാൽ എല്ലാത്തരത്തിലും താറുമാറായി കിടന്നിരുന്ന റോമിനെ ശരിയാക്കുക പ്രയാസമേറിയ ദൗത്യമായിരുന്നു. തന്റെ ഒന്നാമത്തെ ഉത്തരവാദിത്വമായി മാർപാപ്പ കരുതിയത്, പട്ടിണിയിലും ദുരിതത്തിലുമായിരുന്ന ജനത്തെ സഹായിക്കുകയായിരുന്നു. സഭയുടെ എല്ലാ വിഭവങ്ങളും പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇറ്റലി, ഗൗൾ (ഫ്രാൻസ്), സിസിലി, വടക്കൻ ആഫ്രിക്ക പ്രദേശങ്ങളിലെ സഭാധികാരികൾക്ക് കത്തുകൾ അയച്ചു. സഭയ്ക്ക് ഭൗതികവളർച്ചയ്ക്കുള്ള യാതൊരു താല്‍പര്യവും ഉണ്ടാകരുതെന്നും എല്ലാം ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം എഴുതി. ഇത് നമ്മുടെ സ്വത്തല്ല, ദൈവജനത്തിന്റേതാണ്. ഇതാണ് ക്രിസ്തുവിന്റെ മനോഭാവം. തന്നിലൂടെ ഇപ്പോൾ പത്രോസ് തന്നെയാണ് ഈ ജനത്തെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കരുതി.

ഈ സമയത്ത് ലൊംബാർഡുകളുടെ ആക്രമണത്തെ ചെറുക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടപ്പോൾ മാർപാപ്പ നേരിട്ട് അതിൽ ഇടപെടുകയും അവരുടെ ചില ആവശ്യങ്ങളോട് അനുഭാവപൂർവ്വം പെരുമാറുകയും ചെയ്തു. അങ്ങനെ റോമിനെ അവരുടെ ആക്രമണത്തിൽ നിന്നും സംരക്ഷിച്ചതിന്റെ ഫലമായി ജനങ്ങൾ തങ്ങളുടെ ആത്മീയ-ഭൗതീകനേതാവായി ഗ്രിഗറി മാർപാപ്പയെ സ്വീകരിക്കുന്നു. മറ്റുള്ളവരുമായി സന്ധിസംഭാഷണത്തിനും സൈനികർക്ക് സഹായം നൽകുന്നതിലും ഉന്നതസ്ഥാനത്തേയ്ക്ക് അനുയോജ്യ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതിനും ഗ്രിഗറി മാർപാപ്പ മുൻകൈയെടുത്തു.

ബിഷപ്പുമാരുടെ നിയമനത്തിനും മറ്റും അദ്ദേഹം നിയമങ്ങൾ എഴുതിയുണ്ടാക്കുകയും അത് കർശനമായി നടപ്പിൽ വരുത്തുകയും ചെയ്തു. ഗ്രിഗറി മാർപാപ്പയുടെ ഏറ്റം വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഇംഗ്ലണ്ടിന്റെ സുവിശേഷവത്ക്കരണം. സന്യാസിയായിരുന്ന അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു നാല്പതംഗ സംഘത്തെ ഇതിനായി മാർപാപ്പ നിയോഗിച്ചു. പിന്നീട് കാന്റൻബറിയിലെ അഗസ്റ്റിൻ എന്നറിയപ്പെട്ട അദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ മെത്രാപ്പോലീത്താ ആയി നിയമിക്കുകയും ചെയ്തു.

പൗരസ്ത്യ റോമൻ സാമ്രാജ്യം എല്ലാ കാര്യങ്ങളിലും തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചിരുന്നതുകൊണ്ട് അവരുമായുള്ള ഗ്രിഗറി മാർപാപ്പയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. എന്നാൽ സഭയുമായി ബന്ധപ്പെട്ട കാര്യത്തിൽ പൗരസ്ത്യ ദേശത്തിന്റെമേലും മാർപാപ്പയ്ക്കാണ് അധികാരം എന്ന് അദ്ദേഹം എഴുതി. “എക്കുമെനിക്കൽ പാത്രീയാർക്കീസ്” എന്ന കോൺസ്റ്റാന്റിനോപ്പിളിലെ പാത്രീയാർക്കീസിന്റെ അവകാശത്തെ എതിർത്തുകൊണ്ട് മാർപാപ്പ ഉൾപ്പെടെ ആർക്കും ഈ പദവി ഉപയോഗിക്കാൻ അവകാശമില്ല എന്നും നിലപാടെടുത്തു. മാത്രമല്ല, നേതാക്കന്മാർ, സേവനം ചെയ്യുന്നതിലായിരിക്കണം ഒന്നാമതായിരിക്കേണ്ടത് എന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. ചരിത്രത്തിൽ ആദ്യമായി “ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ” എന്ന സംജ്ഞയോടു കൂടി എല്ലാ ഔദ്യോഗിക തിരുവെഴുത്തുകളും ഒപ്പിടുന്നതും ഗ്രിഗറി മാർപാപ്പയാണ്.

സഭയിൽ സന്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് പുതിയ സന്യാസഭവനങ്ങൾ ആരംഭിക്കുന്നതിനും അതിന്റെ ചൈതന്യത്തിൽ ജീവിക്കുന്നതിനും അനേകരെ അദ്ദേഹം പ്രചോദിപ്പിച്ചു. ആരാധനക്രമ നവീകരണത്തിന് അദ്ദേഹം പരമപ്രധാനമായ സ്ഥാനമാണ് നൽകിയത്. അനേകം പ്രാർത്ഥനകൾ അദ്ദേഹം എഴുതിയുണ്ടാക്കുകയും അത് മനോഹരമായി ആലപിക്കുകയും ചെയ്തു. അതിന്റെ അനന്തരഫലമായിട്ടാണ് സഭയിൽ പ്രസിദ്ധമായ “ഗ്രിഗോറിയൻ സംഗീതം” രൂപംകൊള്ളുന്നത്. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്നുള്ള പ്രാർത്ഥന ലത്തീൻ ആരാധനാപാരമ്പര്യത്തിൽ വിശുദ്ധ കുർബാനയിൽ ആദ്യമായി ഉപയോഗിക്കുന്നതും ഗ്രിഗറി മാർപാപ്പയാണ് (അതല്ല ഇന്നത്തെ സ്ഥാനത്ത് കുർബാനയിൽ അത് പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും പറയപ്പെടുന്നു).

സഭാചരിത്രത്തിൽ തന്നെ ഏറ്റം കൂടുതൽ രചനകൾ നടത്തിയ മാർപാപ്പാമാരുടെ ഗണത്തിലും അദ്ദേഹത്തെ ഉൾപ്പെടുത്താവുന്നതാണ്. ഗ്രിഗറി മാർപാപ്പയുടെ “അജപാലനം” എന്ന പുസ്തകം അക്കാലത്തെയും മധ്യകാല യുഗത്തിലെയും മെത്രാന്മാരുടെയെല്ലാം പാഠപുസ്തകമായിരുന്നു. ഗ്രിഗറി മാർപാപ്പയുടെ എഴുത്തുകളെല്ലാം തന്നെ ശാസ്ത്രീയം എന്നതുപോലെ തന്നെ വളരെ പ്രായോഗികവും ആയിരുന്നു. ഇത് സഭയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിത്തീർന്നു. അതുകൊണ്ടാണ് അദ്ദേഹത്തെയും പാശ്ചാത്യസഭയിലെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ ഒരു അജപാലനമായിരിക്കണം സഭയുടേതെന്ന് ഗ്രിഗറി മാർപാപ്പ പറയുന്നു. ഗ്രിഗറി മാർപാപ്പയുടെ നാല്പതു സുവിശേഷാധിഷ്ഠിത പ്രസംഗങ്ങൾ പ്രായോഗിക അജപാലന സമീപനത്തിന്റെ നേർരേഖകളാണ്. അന്നത്തെ ദുരിതങ്ങളുടെ വെളിച്ചത്തിൽ ലോകത്തിലെ സഹനവും വേദനയും നമ്മുടെ സ്വർഗ്ഗീയജീവിതത്തിന്റെ ഒരുക്കത്തിന് സഹായിക്കുന്നുവെന്നും അദ്ദേഹം എഴുതി. വി.തോമസ് അക്വീനാസിന്റെ “സുമ്മ തെയോളൊജിയ”യിൽ 374 പ്രാവശ്യം മാർപാപ്പയുടെ ഉദ്ധരണികൾ ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവർഷം 604 മാർച്ച് 12-ന് കാലം ചെയ്ത മഹാനായ ഗ്രിഗറി മാർപാപ്പയെ വി. പത്രോസിന്റെ കല്ലറയിലാണ് സംസ്ക്കരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരുനാൾ സെപ്റ്റംബർ മൂന്നിന് സഭകൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.