പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 63 – പെലാജിയൂസ് II (520-590)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 579 മുതൽ 590 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് പെലാജിയൂസ് രണ്ടാമൻ. എ.ഡി. 520-ല്‍ റോമിൽ ജനിച്ച ഓസ്ത്രോഗോത്സ് പരമ്പരയിൽ നിന്നുള്ള ഗോത്തിക് വംശജനായ രണ്ടാമത്തെ മാർപാപ്പയായിരുന്നു പെലാജിയൂസ്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് വിനിഗിൽഡ് എന്നായിരുന്നു. ലൊംബാർഡുകൾ റോമിന്റെ മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്ന സമയത്താണ് പെലാജിയൂസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ പൗരസ്ത്യ റോമൻ ചക്രവർത്തിയുടെ അനുവാദം വാങ്ങാതെ തന്നെ മാർപാപ്പയുടെ സ്ഥാനാരോഹണ കർമ്മങ്ങൾ നടന്നു. പിന്നീട് നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉടൻ തന്നെ തന്റെ ഡീക്കനെ (പിന്നീട് മഹാനായ ഗ്രിഗറി എന്നറിയപ്പെട്ട മാർപാപ്പ) തന്റെ ദൂതനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയയ്ക്കുന്നു. എന്തുകൊണ്ടാണ് ചക്രവർത്തിയുടെ അനുവാദം ലഭിക്കുന്നതിനു മുമ്പേ സ്ഥാനാരോഹണം നടത്തിയതെന്നും റോമിന്റെ സംരക്ഷണത്തിനായി സൈന്യത്തെ അയയ്ക്കണമെന്നും പെലാജിയൂസ് മാർപാപ്പ ചക്രവർത്തിയോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ചക്രവർത്തിക്ക് ഇവിടേക്ക് അയയ്ക്കാനുള്ള സൈന്യസന്നാഹം അവിടെ ഉണ്ടായിരുന്നില്ല.

പൗരോഹിത്യ ബ്രഹ്മചര്യം സഭയിൽ നടപ്പാക്കുന്നതിന് അദ്ദേഹം വിവിധ നിയമങ്ങൾ നിർമ്മിക്കുകയും അവ കർശനമായി നടപ്പിലാക്കുകയും ചെയ്തു (പിന്നീട് വന്ന ഗ്രിഗറി മാർപാപ്പ ഇതിൽ ചില ഇളവുകൾ വരുത്തി). ഇക്കാലയളവിൽ മിലാനിലെ ബിഷപ്പ് റോമുമായിട്ടുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിന് പരിശ്രമിച്ചു. വി. ലോറൻസ് രക്തസാക്ഷിത്വം വരിച്ച റോമൻ മതിലിനു പുറത്തുള്ള ലോറൻസിന്റെ നാമത്തിലുള്ള ബസിലിക്കായുടെ പുനർനിർമ്മാണം ആരംഭിച്ചതും പെലാജിയൂസ് മാർപാപ്പയാണ്. ഇതു കൂടാതെ സ്പെയിനിലെ വിസിഗോത്സ് വംശജരെല്ലാം ഇക്കാലയളവിൽ ക്രിസ്തീയവിശ്വാസം സ്വീകരിക്കുകയും അത് സ്പെയിന്‍ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ക്രിസ്തീയവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രീയാർക്കീസ് ജോൺ “എക്കുമെനിക്കൽ പാത്രിയർക്കീസ്” എന്ന സംജ്ഞ ഉപയോഗിക്കാൻ തുടങ്ങിയതിൽ മാർപാപ്പ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത് മാർപാപ്പയ്ക്ക് തുല്യമായ പദവിയായി മാറുമെന്ന ആശങ്കയായിരുന്നു ഈ എതിർപ്പിന് ആധാരം. എന്നാൽ താല്‍ക്കാലികമായി അദ്ദേഹം പിന്മാറിയെങ്കിലും പിന്നീട് പാത്രിയർക്കീസ് അത് ഉപയോഗിക്കാൻ തുടങ്ങി. ഈ ഉദ്യമത്തെ പൗരസ്ത്യ റോമൻ ചക്രവർത്തി മൗറീസ് പിന്താങ്ങുകയും ചെയ്തു. ടൈബർ നടിയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി റോമിലോക്കെ പടർന്നുപിടിച്ച പകർച്ചവ്യാധിയുടെ ഫലമായി അനേകർ മരിക്കുന്നു. 590 ഫെബ്രുവരി 7-ന് പെലാജിയൂസ് മാർപാപ്പയും ഈ പകർച്ചവ്യാധി കാരണമാണ് മരിക്കുന്നത്. ഇദ്ദേഹത്തെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.