പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 62 – ബെനഡിക്ട് I (525-579)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 525-ൽ റോമിൽ ജനിച്ച ബെനഡിക്ട് മാർപാപ്പ ബോനിഫാസിയൂസ് എന്നയാളുടെ മകനായിരുന്നു. എ.ഡി. 575 മുതൽ 579 വരെ അദ്ദേഹം സഭയ്ക്ക് നേതൃത്വം നൽകി. സഭാചരിത്രത്തിലെ വലിയ പ്രശ്നങ്ങൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു ഇത്. രാഷ്ട്രീയ അസ്ഥിരത പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ പഴയ പ്രതാപത്തിന്റെ ഒരു നിഴൽ മാത്രമാക്കി അവശേഷിപ്പിച്ചു. ജോൺ മൂന്നാമൻ മാർപാപ്പയുടെ മരണശേഷം ഒരു വർഷത്തോളം കഴിഞ്ഞാണ് ബെനഡിക്ട് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന്റെ കാരണം ഈ കാലഘട്ടത്തിൽ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നാലും കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിയുടെ അംഗീകാരത്തോടു കൂടിയേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ എന്നതിനാലാണ്. മാത്രമല്ല കോൺസ്റ്റാന്റിനോപ്പിളുമായുള്ള ബന്ധങ്ങൾ ഇക്കാലത്ത് അസാധ്യമാക്കുന്ന രീതിയിൽ ലൊംബാർഡുകൾ പ്രവർത്തിച്ചതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞും ചുമതലയേൽക്കുന്നതിന് കാലതാമസം നേരിട്ടു.

ലൊംബാർഡുകൾ ആര്യൻ വിശ്വാസം അനുധാവനം ചെയ്തിരുന്നവരായതിനാൽ വിശ്വാസതലത്തിലുള്ള എതിർപ്പുകളും ഇക്കാലയളവിൽ അവരുടെ ഭാഗത്തു നിന്നും സഭയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. സത്യവിശ്വാസത്തിലായിരുന്നവരെ ആര്യനിസത്തിലേക്ക് മാറ്റാനും ശ്രമമുണ്ടായി. സഭയുടെ കൈവശമുണ്ടായിരുന്ന പല ചരിത്രരേഖകളും നശിപ്പിക്കപ്പെടുന്നതിന് ഈ രാഷ്ട്രീയ-മതപരമായ സാഹചര്യം ഇടയാക്കി. ലൊംബാർഡുകളുടെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തോടുള്ള എതിർപ്പുകളും അവരുമായുള്ള യുദ്ധങ്ങളും റോമിലും പരിസരപ്രദേശങ്ങളിലും കൊടിയ പട്ടിണിയും ദുരിതവും സൃഷ്ടിച്ചു. തന്റെ പ്രയാസമനുഭവിക്കുന്ന ജനത്തിന് ആശ്വാസമെത്തിക്കുക എന്നതായിരുന്നു ബെനഡിക്ട് മാർപാപ്പ നേരിട്ട ഏറ്റം വലിയ വെല്ലുവിളി. വിശ്വാസതലത്തിൽ വളരുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികൾ ആവഷ്‌ക്കരിക്കുക ഈ കാലഘട്ടത്തിൽ അസാധ്യമായിരുന്നു.

കാര്യമായ ചരിത്രരേഖകൾ ഇക്കാലഘട്ടത്തെക്കുറിച്ച് ഇല്ലാത്തത് ബെനഡിക്ട് മാർപാപ്പയെ കൂടുതൽ അറിയുന്നതിന് പിന്തലമുറയ്ക്ക് തടസ്സമായി ഭവിച്ചു. സ്‌പൊളേത്തോ എന്ന ഇറ്റലിയിലെ പെറുജീയ പ്രോവിൻസിലെ വി. മർക്കോസിന്റെ നാമത്തിൽ ഒരു ആശ്രമം ഉണ്ടായിരുന്നു. അവിടുത്തെ ആശ്രമാധിപനായിരുന്ന സ്റ്റീഫന്റെ ആവശ്യപ്രകാരം അവരുടെ ഉപയോഗത്തിനായി സ്ഥലം കൊടുത്തു എന്നൊരു ചരിത്രരേഖകളിൽ പറഞ്ഞിരിക്കുന്നു. ഈ സംഭവത്തെ “മെസ്സാ വെനേറിസ്” എന്നാണ് ‘ലീബർ പൊന്തിഫിക്കാലിസി’ൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എ.ഡി. 578-ൽ ബെനഡിക്റ്റ് മാർപാപ്പ 21 മെത്രാന്മാരെ വാഴിക്കുകയും പതിനഞ്ചു വൈദികർക്കും മൂന്ന് ഡീക്കന്മാർക്കും പട്ടം നൽകുകയും ചെയ്തതായി പറയപ്പെടുന്നു. എ.ഡി. 579 ജൂലൈ 30-ന് കാലം ചെയ്ത ബെനഡിക്ട് മാർപാപ്പയെ വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിലെ സാക്രിസ്റ്റിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.