പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 61 – ജോൺ III (520-574)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 561 മുതൽ 574 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജോൺ മൂന്നാമൻ. പതിമൂന്നു വർഷം സഭയുടെ നേതൃത്വം വഹിച്ചുവെങ്കിലും ജോൺ മൂന്നാമൻ മാർപാപ്പയെക്കുറിച്ച് ചരിത്രപരമായ അധികം വിവരങ്ങൾ നമുക്കിന്ന് ലഭ്യമല്ല. അതിന്റെ പ്രധാന കാരണം റോമിലെ രാഷ്ട്രീയ അസ്ഥിരത കാരണം അക്കാലത്തെ പല ചരിത്രരേഖകളും നശിപ്പിക്കപ്പെട്ടതുകൊണ്ടാണ്. കത്തലീനുസ് എന്ന പേര് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോൺ മൂന്നാമൻ എന്നാക്കി മാറ്റുകയായിരുന്നു. ഇപ്രകാരം പുതിയ പേര് സ്വീകരിച്ച രണ്ടാമത്തെ മാർപാപ്പയാണ് ഇദ്ദേഹം. ഗ്രീക്ക് സഭാപിതാക്കന്മാരെക്കുറിച്ച് ജോൺ മൂന്നാമന് നല്ല അറിവുണ്ടായിരുന്നുവെന്നും ഒരു സബ് ഡീക്കൻ ആയി ജോലി ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു.

ജോൺ മൂന്നാമന്റെ പിതാവ് അനസ്താസിയോസ് റോമൻ സെനറ്റിലെ അംഗമായിരുന്നു. അതിനാൽ തന്നെ മാർപാപ്പയാകുന്നതിനു മുമ്പേ തന്നെ സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം. ജസ്റ്റീനിയൻ ചക്രവർത്തിയുമായുള്ള അടുപ്പം കാരണം കോൺസ്റ്റാന്റിനോപ്പിൾ അനുഭാവിയായിട്ടാണ് റോമിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് ഇറ്റലിയിൽ നിലവിലിരുന്ന രാഷ്ട്രീയ അസ്ഥിരത പരിഹരിക്കുക എന്നത് മാർപാപ്പയുടെ പരിധിക്കു പുറത്തുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സഭയെയും രാഷ്ട്രത്തെയും സംരക്ഷിക്കുന്നതിന് തന്റെ ഭാഗത്തു നിന്നും ചെയ്യാവുന്ന കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്തു.

ജോൺ മൂന്നാമൻ മാർപാപ്പയുടെ ഭരണത്തിന്റെ ഏഴാം വർഷമാണ് ലൊംബാർഡുകൾ ഇറ്റലി ആക്രമിക്കുന്നത്. പൗരസ്ത്യദേശവുമായി പെലാജിയൂസ് മാർപാപ്പയുടെ കാലത്തുണ്ടായിരുന്ന പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് ഇത് സഹായകമായി. മാത്രമല്ല, റോമിന്റെ വടക്കൻ ആഫ്രിക്കയുമായുള്ള ബന്ധങ്ങളും ഇക്കാലത്ത് മെച്ചപ്പെടാൻ തുടങ്ങി. മിലാൻ പ്രദേശങ്ങൾ ലൊംബാർഡുകളുടെ അധികാരത്തിൽ വന്നത് അവിടുത്തെ ബിഷപ്പിന് റോമുമായി രമ്യതയിൽ പോകുന്നതിന് കാരണമായി. ഇവർ ഇറ്റലിയുടെ തെക്കേ ഭാഗത്തേയ്ക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ജോൺ മൂന്നാമൻ മാർപാപ്പ നേപ്പിൾസിൽ ചെന്ന് അവിടുത്തെ വൈസ്രോയി നാർസസിനോട് റോമിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നാർസസിനെ വെറുത്തിരുന്ന റോമൻ ജനത ഇക്കാര്യങ്ങളിൽ അതൃപ്തരായിരുന്നു. തന്റെ ശ്രമങ്ങൾ ഉദ്ദേശിച്ച ഫലങ്ങൾ ഉരുവാക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ജോൺ മൂന്നാമൻ മാർപാപ്പ വിയ ആപ്പിയായിലുള്ള വി. തിബുത്തിയൂസ് വി. വലേറിയൻ എന്നിവരുടെ നാമത്തിലുള്ള പള്ളിയിലേക്ക് താമസം മാറ്റുകയും അവിടെ തന്റെ ജോലികൾ തുടരുകയും ചെയ്തു. എ.ഡി. 574 ജൂലൈ 13-ന് കാലം ചെയ്ത ജോൺ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.