പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 59 – വിജിലിയൂസ് (500-555)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 537 മുതൽ 555 വരെയുള്ള നീണ്ട വർഷങ്ങൾ മാർപാപ്പയായിരുന്ന ആളായിരുന്നു വിജിലിയൂസ്. റോമിലെ ഒരു സമ്പന്നകുടുംബത്തിൽ എ.ഡി. 500-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജോൺ, കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയിൽ നിന്നും ‘രാജപ്രതിനിധി’ എന്ന പ്രത്യേകസ്ഥാനം ലഭിച്ചിരുന്ന ആളായിരുന്നു. ഡീക്കനായിരുന്ന വിജിലിയൂസിനെ ബോനിഫസ് രണ്ടാമൻ മാർപാപ്പ തന്റെ പിൻഗാമിയായി, ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും റോമിലെ വൈദികരുടെ എതിർപ്പു മൂലം അത് നടപ്പിലായില്ല. ബോനിഫസിന്റെ പിൻഗാമിയായി വന്ന അഗാപേത്തൂസ് മാർപാപ്പ തന്റെ കോൺസ്റ്റാന്റിനോപ്പിലെ പ്രതിനിധിയായി വിജിലിയൂസിനെ അയച്ചു.

ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തെയഡോറ ‘ഏകസ്വഭാവവാദി’ (ക്രിസ്തുവിൽ ഒരു സ്വാഭാവമേ ഉള്ളുവെന്ന പാഷണ്ഡത) ആയിരുന്നു. അവരുടെ സ്വാധീനവലയത്തിൽപെട്ട് കോൺസ്റ്റാന്റിനോപ്പിളിലെ പുറത്താക്കപ്പെട്ട അന്തിമൂസ് പാത്രിയർക്കീസിനെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിന് ഇദ്ദേഹം കൂട്ടുനിന്നു. പിന്നീട് തെയഡോറയുടെ താല്‍പര്യപ്രകാരം സിൽവേറിയൂസ് മാർപാപ്പയെ തെറ്റായ ആരോപണങ്ങളിലൂടെ പുറത്താക്കുകയും ആ സ്ഥാനത്ത് വിജിലിയൂസിനെ കൊണ്ടുവരികയും ചെയ്തു. ഇദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുത്ത വിധം റോമിലെ വൈദികസമൂഹത്തിന്റെ ഇടയിൽ അംഗീകാരം ലഭിച്ചില്ല. എന്നാൽ സിൽവേറിയൂസ് മാർപാപ്പയുടെ മരണശേഷം ഈ പ്രശ്നങ്ങൾ കെട്ടടങ്ങുകയും അങ്ങനെ ഔദ്യോഗിക മാർപാപ്പാമാരുടെ കൂട്ടത്തിൽ വിജിലിയൂസും ഉൾപ്പെടുന്നതിന് കാരണമാവുകയും ചെയ്തു.

എന്നാൽ മാർപാപ്പ ആയപ്പോൾ ദൈവശാസ്ത്ര വിഷയങ്ങളിൽ തന്റെ മുൻഗാമികളുടെ നയം തന്നെ വിജിലിയൂസും അനുവർത്തിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ ജസ്റ്റീനിയൻ ചക്രവർത്തിക്കും മെനാസ് പാത്രിയർക്കീസിനും കത്തെഴുതുകയും എഫേസൂസ്‌, കൽസിഡോണിയ കൗൺസിലുകളുടെ തീരുമാനത്തിനനുസൃതമല്ലാതെ ഒരു തീരുമാനവും എടുക്കാനാവില്ല എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ജസ്റ്റീനിയൻ ചക്രവർത്തി മോപ്സുവെസ്തിയായിലെ തിയഡോറിന്റെയും സൈറസിലെ തിയോദറേറ്റിന്റെയും എഡേസ്സായിലെ ഈബസിന്റെയും എഴുത്തുകളെ അപലപിക്കുന്ന ഒരു ഡിക്രി ഇറക്കുകയും അതിൽ ഒപ്പിടുന്നതിന് വിജിലിയൂസ് മാർപാപ്പയോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് നിരസിച്ച മാർപാപ്പയെ ട്രസ്‌തെവരെയിലുള്ള വി. സിസിലിയായുടെ ദേവാലയത്തിൽ തിരുനാൾ കുർബാന അർപ്പിക്കുന്ന സമയത്ത് അറസ്റ്റ് ചെയ്യുകയും കോൺസ്റ്റാന്റിനോപ്പിളിൽ എത്തിക്കുകയും ചെയ്തു. കുറെ നാളുകൾക്കുശേഷം റോമിലേക്ക് മടങ്ങിയ മാർപാപ്പ സിസിലിയിലെ സിറാക്കൂസിൽ വച്ച് 555 ജൂൺ 7-ന് മരണപ്പെടുകയും വിയ സാലറിയായിലുള്ള സാൻ മാർചെല്ലോ സെമിത്തേരിയിൽ അടക്കപ്പെടുകയും ചെയ്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.