പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 58 – വി. സിൽവേരിയൂസ് (480-537)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 536 മുതൽ 537 വരെയുള്ള കാലയളവിലെ മാർപാപ്പയായിരുന്നു സിൽവേരിയൂസ്. വളരെ സംഭവബഹുലമായ ഒരു ജീവിതകഥയാണ് അദ്ദേഹത്തിന്റേത്. അൻപത്തിരണ്ടാമത്തെ മാർപാപ്പ ആയിരുന്ന ഹോർമിസ്ദാസ് സിൽവേരിയൂസിന്റെ പിതാവാണ്. വിവാഹിതനായിരുന്ന അദ്ദേഹം ഭാര്യയുടെ മരണശേഷം വൈദികവൃത്തി സ്വീകരിക്കുകയായിരുന്നു. ഹോർമിസ്ദാസിന്റെ മകനായി ഇറ്റലിയിലെ ലാസിയോയിലുള്ള ഫ്രോസിനോണെ പ്രദേശത്ത് 480-ൽ സിൽവേരിയൂസ് ജനിച്ചു. ഒരു സബ് ഡീക്കൻ മാത്രമായിരുന്ന സിൽവേരിയൂസ് ഒസ്ത്രോഗോത്തിക്ക് രാജാവായിരുന്ന തെയോദഹാദിന്റെ ശ്രമഫലമായാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടത്. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിൽ നിന്നുള്ള കടന്നുകയറ്റത്തെ ചെറുക്കാൻ മാർപാപ്പയുടെ സഹായം ലഭിക്കും എന്ന കാരണത്താലാണ് രാജാവ് അതിന് തുനിഞ്ഞത്.

ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തെയഡോറ ‘ഏകസ്വഭാവവാദി’ (Monophysite) ആയിരുന്നു. അഗാപേത്തൂസ് മാർപാപ്പ പുറത്താക്കിയ അന്തിമൂസ് പാത്രിയർക്കീസിനെ തൽസ്ഥാനത്ത് പുനഃസ്ഥാപിക്കാൻ സിൽവേരിയൂസ് മാർപാപ്പയോട് ഇവർ ആവശ്യപ്പെടുന്നു. അദ്ദേഹം ഈ ആവശ്യം നിരസിച്ചപ്പോൾ ആർമി ജനനറൽ ആയിരുന്ന ബലിസാറിയൂസിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ഗോത്തിക്ക് വംശജരുമായി അദ്ദേഹത്തിന് രഹസ്യബാന്ധവമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. മാർപാപ്പയെയും റോമിലെ ചില പ്രമുഖ സെനറ്റർമാരെയും 537 മാർച്ച് 11-ന് തെയഡോറയുടെ നിർദ്ദേശപ്രകാരം നാടുകടത്തി. മാത്രമല്ല കോൺസ്റ്റാന്റിനോപ്പിളിലെ മാർപാപ്പയുടെ അന്നത്തെ പ്രതിനിധിയായിരുന്ന വിജിലിയൂസിനെ റോമിൽ അയച്ച് പുതിയ മാർപാപ്പയായി പ്രഖ്യാപിച്ചു.

സിൽവേരിയൂസ് മാർപാപ്പ ജസ്റ്റീനിയൻ ചക്രവർത്തിയുടെ അടുത്ത് നിവേദനം സമർപ്പിക്കുകയും തത്ഫലമായി ചക്രവർത്തി റോമിൽ വിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തു. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത്, റോമിലെത്തിയ സിൽവേരിയൂസിനെ വിചാരണ ഒന്നും കൂടാതെ പുതിയ മാർപാപ്പയായ വിജിലിയൂസിന്റെ സഹായത്തോടെ മെഡിറ്ററേനിയൻ കടലിലുള്ള പൽമറോള ദ്വീപിലേക്ക് നാടു കടത്തുകയും അവിടെ ഭക്ഷണമില്ലാതെ മരിക്കുകയും ചെയ്തുവെന്നാണ്. പാൽമാരിയ ദ്വീപിൽ അധികം അറിയപ്പെടാതെ മരിച്ചടക്കിയ സിൽവേരിയൂസ് മാർപാപ്പയെ ജനങ്ങൾ വിശുദ്ധനായി കരുതുകയും ഇറ്റലിയുടെ ഭാഗമായ പോൺസ ദ്വീപിന്റെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രോങ്ക്സ് ഭഗത്ത് പോൺസ ദ്വീപിൽ നിന്ന് കുടിയേറിയവർ സിൽവേരിയൂസിന്റെ തിരുന്നാൾ വളരെ ആഘോഷമായി കൊണ്ടാടുന്നുണ്ട്. വിശുദ്ധന്റെ തിരുനാൾ ദിനമായ ജൂൺ 20-ന് ആഘോഷമായ പ്രദക്ഷിണവും മറ്റും അവർ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.