പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 57 – വി. അഗാപ്പേത്തൂസ് (490-536)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 490-ൽ റോമിൽ ഗോർഡിയാനൂസ് എന്ന പുരോഹിതന്റെ മകനായിട്ടാണ് അഗാപ്പേത്തൂസ് ജനിച്ചത്. ഫെലിക്സ് മൂന്നാമന്റെയും ഗ്രിഗറി ഒന്നാമന്റെയും കുടുംബത്തിൽപെട്ടയാളാണ് അഗാപ്പേത്തൂസ് എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. 535-536 വരെയുള്ള കാലയളവിൽ അദ്ദേഹം സഭയ്ക്ക് നേതൃത്വം നൽകി. ആദ്യം ഡീക്കനായും പിന്നീട് ആർച്ചുഡീക്കനായും അഗാപ്പേത്തൂസ് റോമൻ സഭയിൽ സേവനം ചെയ്തു. മാർപാപ്പ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻതന്നെ മാർപാപ്പമാർക്ക് തങ്ങളുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അധികാരം നൽകുന്ന ബോനിഫസ് മാർപാപ്പയുടെ തീരുമാനങ്ങൾ റദ്ദു ചെയ്യുകയും ആ രേഖകൾ നശിപ്പിച്ചുകളയുകയും ചെയ്തു. വടക്കൻ ആഫ്രിക്കയിലും പൗരസ്ത്യദേശങ്ങളിലും ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആര്യൻ പാഷണ്ഡതയ്ക്കെതിരെ മാർപാപ്പ ശക്തമായ നടപടികൾ എടുത്തു. കൂടാതെ അഗാപ്പേത്തൂസ് മാർപാപ്പ കാസ്സിയോദോറൂസ് എന്ന റോമൻ സെനറ്ററെ വിവാറിയം എന്ന സ്ഥലത്തെ ആശ്രമം സ്ഥാപിക്കുന്നതിന് സഹായിക്കുന്നു.

ബൈസന്റൈൻ ജനറലായിരുന്ന ബെലിസാറിയുസ് ഇറ്റലി ആക്രമിച്ചു. അത് പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തയറിഞ്ഞ ഒസ്‌തഗോത്സ് രാജാവ്‌, തിയോദഹാദ് മാർപാപ്പയുടെ സഹായം അഭ്യർത്ഥിക്കുന്നു. തുടർന്ന് അഗാപ്പേത്തൂസ് മാർപാപ്പയും അഞ്ചു ബിഷപ്പുമാരും സമാധാനത്തിനും സന്ധിസംഭാഷണത്തിനുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോകുന്നു. അവിടെ മാർപാപ്പയ്ക്ക് വലിയ സ്വീകരണം ലഭിച്ചെങ്കിലും പട്ടാളത്തെ തിരിച്ചുവിളിക്കാൻ സാധിക്കാത്തവിധം അവർ മുന്നേറിയിരിക്കുന്നതിനാൽ ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ചക്രവർത്തി അറിയിച്ചു. ഈ സമയത്താണ് അവിടുത്തെ പുരോഹിതർ സംഘം ചേർന്ന് മാർപാപ്പയുടെ അടുത്ത് അന്തിമൂസ് പാത്രിയർക്കീസിനെതിരെ പരാതിപ്പെടുന്നത്.

സത്യവിശ്വാസം പ്രഖ്യാപിക്കാനുള്ള മാർപാപ്പയുടെ ആവശ്യം നിരാകരിച്ച അന്തിമൂസിനെ പുറത്താക്കി മെന്നാസ് എന്നയാളെ പാത്രിയർക്കീസ് ആയി വാഴിക്കുന്നു. ഇതിനെ എതിർത്ത ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭീഷണിക്ക് മാർപാപ്പ ഇപ്രകാരം പ്രതിവചിച്ചു: “വളരെ ആഹ്ലാദത്തോടെ ഏറ്റം വലിയ ക്രിസ്തീയചക്രവർത്തിയെ കാണാൻ വന്ന എനിക്ക് ഇവിടെ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഡയോക്‌ളീഷനെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഭീഷണികൾ എന്നെ ഭയപ്പെടുത്തുന്നില്ല.” തല്‍ഫലമായി തന്റെ സത്വവിശ്വാസം ചക്രവർത്തി പരസ്യമായി പ്രഖ്യാപിക്കുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ ആയിരിക്കുമ്പോൾ രോഗം ബാധിച്ച് മാർപാപ്പ അവിടെ മരിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതീകശരീരം റോമിലെ പത്രോസിന്റെ ബസിലിക്കയിൽ കൊണ്ടുവന്ന് സംസ്കരിക്കുന്നു. സെപ്റ്റംബർ 20-ന് അഗാപ്പേത്തൂസ് മാർപാപ്പയുടെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.