പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 56 – ജോൺ II (473-535)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 473-ൽ റോമിലാണ് ജോൺ രണ്ടാമൻ മാർപാപ്പ ജനിച്ചത്. അദ്ദേഹം 533 മുതൽ 535 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകി. റോമിലെ പ്രസിദ്ധമായ കൊളോസിയത്തോട് ചേർന്നുകിടക്കുന്ന ചേലിയൻ കുന്നിലുള്ള വി. ക്ലമന്റിന്റെ നാമത്തിലുള്ള ബസിലിക്കയിലെ പുരോഹിതനായിരുന്നു അദ്ദേഹം. മാർപാപ്പയാകുന്നതിനു മുൻപ് അദ്ദേഹത്തിന്റെ പേര് മെർക്കൂറിയസ് എന്നായിരുന്നു. ഇത് അദ്ദേഹം ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന കാസായിൽ നിന്നും കണ്ടെത്തിയിരിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ തിരഞ്ഞെടുക്കപ്പെടുമ്പോൾ പുതിയ പേര് സ്വീകരിക്കുന്ന പാരമ്പര്യം ജോൺ രണ്ടാമൻ മാർപാപ്പയോടെയാണ് ആരംഭിക്കുന്നത്. മെർക്കൂറിയസ് പുറജാതികളുടെ ദൈവത്തിന്റെ പേരായിരുന്നതുകൊണ്ടാണ് പുതിയൊരു നാമം തിരഞ്ഞെടുക്കാൻ അദ്ദേഹം തുനിഞ്ഞത്.

ബോനിഫസ് മാർപാപ്പയുടെ മരണശേഷം രണ്ടു മാസം കഴിഞ്ഞാണ് ജോൺ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സമയത്തുണ്ടായ നേതൃശൂന്യത സഭയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അതേസമയം പുതിയ നേതൃത്വത്തെ പെട്ടെന്ന് തിരഞ്ഞെടുക്കാവുന്ന അവസ്ഥയിലുമായിരുന്നില്ല കാര്യങ്ങൾ. പ്രശ്നകലുഷിതമായ ഈ കാലയളവിൽ പ്രായമായ ജോൺ രണ്ടാമനെ മാർപാപ്പയായി തിരഞ്ഞെടുത്തത്, അടുത്ത മാർപാപ്പയെ ആലോചിച്ചു തിരഞ്ഞെടുക്കുന്നതിന് സാവകാശം തേടുക എന്ന ഉദ്ദേശത്തോടെയാണ്. മാത്രമല്ല, ഇങ്ങനെയൊരു ക്രമീകരണത്തിന് ഇറ്റലിയിലെ അത്തലാറിക് രാജാവും പൗരസ്ത്യ റോമൻ സാമ്രാജ്യത്തിലെ ജസ്റ്റീനിയൻ ചക്രവർത്തിയും തങ്ങളുടെ പിന്തുണ നൽകുകയും ചെയ്തു.

ജോൺ രണ്ടാമൻ മാർപാപ്പയുടെ ഏറ്റം വലിയ നേട്ടമായി പറയപ്പെടുന്നത് നെസ്തോറിയനിസത്തെ പരാജപ്പെടുത്തുന്നതിന് അദ്ദേഹം ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തുവെന്നതാണ്. കാൽസിഡോണിയൻ കൗൺസിലിൽ (451) വച്ചാണ് നെസ്തോറിയനിസത്തെ പാഷണ്ഡതയായി പ്രഖ്യാപിക്കുന്നത്. എന്നാൽ അതിനു ശേഷവും ഈ പാഷണ്ഡതയെ പിഞ്ചെന്നിരുന്ന അനേകർ പൗരസ്ത്യദേശങ്ങളിൽ ഉണ്ടായിരുന്നു. ജോൺ രണ്ടാമൻ മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിലെ ഈ വിശ്വാസസംഹിത അനുധാവനം ചെയ്ത സന്യാസിമാരെ പുറത്താക്കുകയും ഈ തീരുമാനം അവിടെയുണ്ടായിരുന്ന ഈ വിഭാഗത്തെ ഇല്ലാതാക്കുകയും ചെയ്തു. കൂടാതെ വടക്കൻ ആഫ്രിക്കയിലെ ബിഷപ്പുമാർ അവിടെയുണ്ടായിരുന്ന ആര്യൻ പാഷണ്ഡത പരിഹരിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോൺ രണ്ടാമൻ മാർപാപ്പയ്ക്ക് കത്തെഴുതി. എന്നാൽ അതിന് മറുപടി അയയ്‌ക്കുന്നതിന് മുൻപായി അദ്ദേഹം കാലം ചെയ്തു. പിന്നീട് അഗാപ്പേത്തൂസ് മാർപാപ്പയാണ് ആ പ്രശ്നത്തിൽ ഇടപെടുന്നത്. 535 മെയ് 8-ന് അന്തരിച്ച ജോൺ രണ്ടാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.