പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 54 – ഫെലിക്സ് IV (490-530)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 526 മുതൽ 530 വരെയുള്ള കാലഘട്ടത്തിലെ മാർപാപ്പയാണ് ഫെലിക്സ് നാലാമൻ. തെക്കൻ ഇറ്റലിയിലെ ഇന്നത്തെ ബെനവെനൂത്തോ പ്രദേശത്ത് കാസ്തോറിയൂസിന്റെ മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ സഭാസേവനത്തിൽ ഏർപ്പെട്ടിരുന്ന ആളായിരുന്നു ഇദ്ദേഹം. ഹോർമിസ്ദാസ് മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അക്കായിയൻ പാഷണ്ഡത പരിഹരിക്കാനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. റാവെന്നായിലെ തടവറയിൽ ജോൺ ഒന്നാമൻ മാർപാപ്പ മരിച്ചതിന് നാല് മാസത്തിനു ശേഷമാണ് ഫെലിക്സ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ്. തിയോഡോറിക്ക് രാജാവിന്റെ അഭ്യർത്ഥന അനുസരിച്ചാണ് ഫെലിക്സിനെ മാർപാപ്പയായി തിരഞ്ഞെടുത്തത്.

ജോൺ ഒന്നാമൻ മാർപാപ്പയുടെ മരണത്തിനു കാരണക്കാരനായ ആര്യൻ വിശ്വാസം അനുഷ്ടിച്ചിരുന്ന തിയോഡോറിക്ക് രാജാവിന്റെ മരണം സഭയക്ക് അനുഗ്രഹമായിട്ടാണ് പലരും കരുതിയിരുന്നത്. അദ്ദേഹത്തിന്റെ മകൾ അമലസൂന്ത രാജ്ഞി റോമൻ ഫോറത്തിനോട് ചേർന്നുണ്ടായിരുന്ന പുറജാതികളുടെ രരണ്ട് അമ്പലങ്ങൾ പള്ളികളാക്കി മാറ്റാൻ ഫെലിക്സ് നാലാമൻ മാർപാപ്പയെ സഹായിച്ചു. ഇവിടെയാണ് കോസ്മസിന്റെയും ഡാമിയന്റെയും പേരിലുള്ള ബസിലിക്ക പണിതിരിക്കുന്നത്. സഭയുടെ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി തന്റെ നാല് വർഷക്കാലത്തെ ഭരണകാലയളവിൽ മുപ്പത്തൊൻപത് ബിഷപ്പുമാരെയും അദ്ദേഹം വാഴിച്ചു. ഇതു കൂടാതെ, സഭയും രാഷ്ട്രവും രണ്ടാണെന്നും അവ സ്വതന്ത്രമായി മുന്നോട്ടു പോകണമെന്നുമുള്ള ചിന്തയിൽ പുരോഹിതർക്കെതിരായ നിയമനടപടികൾക്ക് അധികാരം മാർപാപ്പയ്ക്കും സഭാകോടതികൾക്കുമാണെന്ന് രാജാവിനെക്കൊണ്ട് കല്പന പുറപ്പെടുവിക്കാനും സാധിച്ചു. ഈ നിയമം തെറ്റിക്കുന്നവർക്ക് നൽകിയ പിഴയിൽ നിന്നുള്ള വരുമാനം പാവപ്പെട്ടവരുടെ സംരക്ഷണത്തിനായി നൽകിയിരുന്നു.

കൃപയെയും മനുഷ്യസ്വാതന്ത്യത്തെയും കുറിച്ചുള്ള സഭയുടെ ഔദ്യോഗിക നിലപാടുകൾ നിർവചിച്ചുകൊണ്ട് ഫെലിക്സ് മാർപാപ്പ ഗൗളിൽ നിന്നുള്ള ബിഷപ് ഫൗസ്റ്റസിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. വി. അഗസ്തീനോസിന്റെ പഠനങ്ങളിൽ നിന്നുമാണ് മാർപാപ്പ തന്റെ ആശയങ്ങൾ രൂപീകരിച്ചത്. തന്റെ കാലശേഷം പ്രശ്നങ്ങൾ കൂടാതെ അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായി ബോനിഫസിനെ ഫെലിക്സ് മാർപാപ്പ അനുയായി ആയി പ്രഖ്യാപിച്ചു. എന്നാൽ ഡിയോസ്‌കോറസിനെയാണ് റോമിലെ പുരോഹിതർ തിരഞ്ഞെടുത്തത് (ഇന്ന് അദ്ദേഹം ആന്റി-മാർപാപ്പാമാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നു). പക്ഷേ, ഒരു മാസത്തിനകം അദ്ദേഹം മരിച്ചതിനാൽ ബോനിഫസ് രണ്ടാമൻ തന്നെ മാർപാപ്പയായി. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കം ചെയ്ത ഫെലിക്സ് നാലാമൻ മാർപാപ്പയുടെ തിരുനാൾ ജനുവരി 30-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.