പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 53 – വി. ജോൺ I (470-526)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 523 മുതൽ 526 വരെ സഭയെ നയിച്ച മാർപാപ്പയാണ് ജോൺ ഒന്നാമൻ. ഇറ്റലിയിലെ ടസ്കണി പ്രദേശത്തുള്ള സിയെന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. റോമൻ സഭയിൽ ‘ഡീക്കൻ ജോൺ’ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന് രോഗത്തിന്റേതായ അവശതകൾ ഉണ്ടായിരുന്നു. ആദ്യമായി പൗരസ്ത്യ ദേശത്തേക്ക് യാത്ര ചെയ്യുന്ന മാർപാപ്പയും ഇദ്ദേഹമാണ്. ജോൺ ഒന്നാമൻ മാർപാപ്പയുടെ കാലം മുതലാണ് ലോകചരിത്രത്തെ ക്രിതുവിനു മുൻപും പിൻപും എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത് (അതുവരെ ഡയോക്‌ളീഷൻ ചക്രവർത്തിയുടെ ഭരണത്തിന്റെ ഒന്നാം വർഷമായ 284-ലായിരുന്നു ഇങ്ങനെയൊരു ദിനമായി കണക്കാക്കിയത്).

ഇക്കാലയളവിലാണ് പൗരസ്ത്യ റോമൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ആര്യൻ വിശ്വാസികളെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരാൻ വിവിധ നടപടികൾ ആരംഭിച്ചത്. എന്നാൽ ഇറ്റലിയിലെ തിയോഡോറിക് രാജാവിന്റെ വംശത്തിൽപെട്ടവരായിരുന്നു ഇവിടുത്തെ ആര്യൻ വിശ്വാസികളില്‍ അധികവും. അതിനാൽ അദ്ദേഹം ഈ ഉദ്യമത്തെ എതിർക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി മാർപാപ്പയുടെ നേതൃത്വത്തിൽ ബിഷപ്പുമാരുടെയും റോമൻ സെനറ്റർമാരുടെയും ഒരു സംഘത്തെ അവിടേക്ക് അയക്കുകയും ചെയ്തു. പൗരസ്ത്യദേശത്തേയ്ക്കുള്ള ഒരു മാർപാപ്പയുടെ ആദ്യ സന്ദർശനം എന്ന നിലയിൽ വലിയ ബഹുമാനത്തോടെയാണ് ജസ്റ്റീനിയൻ ചക്രവർത്തിയും കോൺസ്റ്റാന്റിനോപ്പിളിലെ സഭയും ഈ സംഘത്തെ സ്വീകരിച്ചത്. പത്രോസ് വ്യക്തിപരമായി കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയിരിക്കുന്നു എന്ന ഭാവത്തോടെയാണ് ചക്രവർത്തി അദ്ദേഹത്തോട് പെരുമാറിയത്.

ഹാഗിയ സോഫിയ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ മാർപാപ്പ ലത്തീൻ ആരാധനക്രമത്തിൽ ബലിയർപ്പിക്കുകയും പാത്രീയാർക്കീസ് മാത്രം ചെയ്തിരുന്ന ഈസ്റ്റർ കിരീടം ചക്രവർത്തിയുടെ ശിരസ്സിൽ ചാർത്തുന്ന കർമ്മം നിർവഹിക്കുകയും ചെയ്തു. തിയോഡോറിക്ക് രാജാവ് ഏൽപ്പിച്ച ചില ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ആര്യൻ വിശ്വാസികളോടുള്ള സമീപനത്തിൽ ജസ്റ്റീനിയൻ ചക്രവർത്തി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത് രാജാവിനെ പ്രകോപിതനാക്കി. മാത്രമല്ല, ഇവർക്ക് അവിടെ വലിയ സ്വീകരണം ലഭിച്ചു എന്ന വാർത്ത അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും തന്മൂലം മാർപാപ്പയെ ഭക്ഷണം നൽകാതെ തടവറയിൽ ആക്കുകയും ചെയ്തു. ശാരീരിക ബലഹീനതകളും നീണ്ട യാത്രയും രാജാവിന്റെ പീഡനങ്ങളും കാരണം അദ്ദേഹം പെട്ടെന്നു തന്നെ മരണപ്പെട്ടു. ഈ പീഢനങ്ങൾ കാരണം അക്കാലത്തെ ക്രൈസ്തവ വിശ്വാസികൾ ഒരു രക്തസാക്ഷിക്കനുസൃതമായ ബഹുമാനത്തോടെ മാർപാപ്പയെ സഭയിൽ വണങ്ങാൻ തുടങ്ങി. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ ജോൺ മാർപാപ്പയുടെ തിരുനാൾ മെയ് 18-നു സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.