

ക്രിസ്തുവർഷം 514 മുതൽ 523 വരെയുള്ള വർഷങ്ങൾ സഭയ്ക്ക് നേതൃത്വം നൽകിയ ഹോർമിസ്ദാസ് മാർപാപ്പ മദ്ധ്യ ഇറ്റലിയിലെ ലാസിയോയ്ക്കടുത്തുള്ള ഫ്രോസിയോണെ നഗരത്തിൽ 450-ലാണ് ജനിച്ചത്. ജന്മം സമ്പന്നകുടുംബത്തിലായിരുന്നുവെങ്കിലും പാവങ്ങളോടും പരിത്യക്തരോടും താദാത്മ്യപ്പെടുന്നതിനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. വലിയ കരുണയുള്ളവനും സമാധാനപ്രേമിയുമായിട്ടാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഒരു ഡീക്കനാകുന്നതിന് മുൻപു തന്നെ അദ്ദേഹം വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. പിന്നീട് മാർപാപ്പയായിത്തീർന്ന സിൽവേറിയൂസ് ആണ് ഹോർമിസ്ദാസ് മാർപാപ്പയുടെ മകൻ. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ ആറാം നൂറ്റാണ്ടിലെ ആദ്യ മാർപാപ്പയുടെ തിരുനാൾ ആഗസ്റ്റ് 6-ന് സഭ കൊണ്ടാടുന്നു.
മാർപാപ്പയായ ഉടൻ തന്നെ റോമിലെ ആന്റി-പോപ്പായിരുന്ന ലൗറന്തീനോസിന്റെ അനുയായികളെ സഭയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൽ ഹോർമിസ്ദാസ് നടത്തി അതിൽ വിജയിച്ചു. അതുപോലെ തന്നെ ദശാബ്ദങ്ങളായി തുടർന്നുപോന്ന അക്കായിയൻ പാഷണ്ഡതയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ധാരാളം കത്തിടപാടുകൾ നടത്തിയതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. സിമാക്കൂസ് മാർപാപ്പയും അനസ്താസിയൂസ് ചക്രവർത്തിയും തമ്മിലുള്ള ബന്ധങ്ങൾ പൂർണ്ണമായും അറ്റുപോയിരുന്നതിനാൽ പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിൽ യാതൊരു സമ്പർക്കവും നീണ്ട വർഷങ്ങളിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഹോർമിസ്ദാസ് മാർപാപ്പയുടെ പരിശ്രമങ്ങൾ സഭയിലേക്ക് അനുരഞ്ജനത്തിന്റെ ശുദ്ധവായു കൊണ്ടുവരുന്ന അനുഭവം പ്രദാനം ചെയ്തു.
അനസ്താസിയൂസ് ചക്രവർത്തി 514-ൽ കോൺസ്റ്റാന്റിനോപ്പിളിൽ നടക്കാൻ പോകുന്ന സിനഡിൽ സംബന്ധിക്കാനായി ഹോർമിസ്ദാസ് മാർപാപ്പയെ ക്ഷണിക്കുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഇക്കാലയളവിലെ അനുരഞ്ജനശ്രമങ്ങളൊന്നും തന്നെ പൂർണ്ണതയിലെത്തിയില്ല. അനസ്താസിയൂസിനു ശേഷം ഭരണത്തിൽ വന്ന ജസ്റ്റീനിയൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിളിൽ മാറ്റങ്ങൾ വരുത്തുകയും മുൻഗാമിയുടെ പല നയങ്ങളും മാറ്റി ഹോർമിസ്ദാസ് മാർപാപ്പ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇത് ക്രിസ്തീയസഭയിലെ അക്കാലത്തെ വലിയ ചരിത്രസംഭവമായിരുന്നു. അതുപോലെ തന്നെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ജോൺ രണ്ടാമൻ ഈ മാറ്റങ്ങളെല്ലാം പൂർണ്ണമനസ്സോടെ അംഗീകരിച്ചു. അങ്ങനെ 519 മാർച്ച് 28-ന് വലിയ ഒരു ജനാവലിയുടെ സാന്നിധ്യത്തിൽ കോൺസ്റ്റാന്റിനോപ്പിളിലെ കത്തീഡ്രലിൽ വച്ച് പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുന്നു എന്ന വലിയ പ്രഖ്യാപനവും ഉണ്ടായി.
ഫാ. മാത്യു ചാര്ത്താക്കുഴിയില്