പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 51 – വി. സിമ്മാക്കൂസ് (460-514)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

മെഡിറ്ററേനിയൻ കടലിലുള്ള റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സാർദീനിയ ദ്വീപിലാണ് ക്രിസ്തുവർഷം 460-ൽ സിമ്മാക്കൂസ് മാർപാപ്പ ജനിച്ചത്. അനസ്താസിയോസ് മാർപാപ്പയുടെ ആർച്ചുഡീക്കനായി അദ്ദേഹം ജോലി ചെയ്തു. ഇക്കാലയളവിൽ പൗരസ്ത്യ സഭകളുമായി ഉടലെടുത്ത പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. എന്നാൽ 498 മുതൽ 514 വരെയുള്ള തന്റെ സഭാഭരണ കാലയളവിൽ റോമൻ സഭയിലെ വിവിധ പ്രശ്നങ്ങൾക്കായി അദ്ദേഹത്തിന് ധാരാളം സമയം ചിലവഴിക്കേണ്ടി വന്നു. തന്റെ ഭരണകാലത്ത് ദുരിതമനുഭവിച്ച ആഫ്രിക്കയിലെയും സർദീനിയായിലെയും സഭകൾക്ക് പണവും വസ്ത്രങ്ങളുമൊക്കെ അദ്ദേഹം എത്തിച്ചുനൽകി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ സിമ്മാക്കൂസ് മാർപാപ്പയുടെ തിരുനാൾ ജൂലൈ 19-ന് ആചരിക്കുന്നു.

മുൻഗാമിയായിരുന്ന അനസ്താസിയൂസ് പൗരസ്ത്യസഭയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്ന രീതി ഇഷ്ടപ്പെടാതിരുന്ന റോമൻ സഭയിലെ പുരോഹിതർ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവൻ എന്ന രീതിയിലാണ് സിമ്മാക്കൂസിനെ തിരഞ്ഞെടുത്തത്. എന്നാൽ പൗരസ്ത്യ സഭയിലേതിനേക്കാൾ ഇക്കാലത്ത് റോമൻ സഭയിലെ പ്രശ്നങ്ങളാണ് മാർപാപ്പയുടെ സമയത്തിന്റെ സിംഹഭാഗവും അപഹരിച്ചത്. ഇത് മാർപാപ്പ തിരഞ്ഞെടുപ്പോടെ ആരംഭിക്കുന്നു. പൗരസ്ത്യ ചക്രവർത്തിയായ അനസ്താസിയൂസിനെ അനുകൂലിക്കുന്ന ഒരു കൂട്ടർ റോമൻ സെനറ്റിന്റെയും സമ്പന്നവിഭാഗത്തിന്റെയും ആശീർവാദത്തോടെ മരിയ മജോറെ ബസിലിക്കയിൽ ഒരുമിച്ചു കൂടി ലൗറെന്തിയൂസിനെ മാർപാപ്പയായി തിരഞ്ഞെടുത്തു. പിന്നീട് രണ്ടു കൂട്ടരും ഗോത്തിക്ക് രാജാവായ മഹാനായ തിയഡോറിക്കിന്റെ അടുത്ത് നിവേദനം സമർപ്പിച്ചു. എന്നാൽ ഏറ്റം കൂടുതൽ വിശ്വാസികളുടെ പിന്തുണയുള്ള ആളും ആദ്യം വാഴിക്കപ്പെട്ടവനെന്ന നിലയിലും സിമ്മാക്കൂസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പാണ് സാധുവായിരിക്കുന്നതെന്ന് രാജാവ് വിധിച്ചു.

499 മാർച്ച് ഒന്നിന് സിമ്മാക്കൂസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഒരു സിനഡ് നടക്കുകയും അതിൽ എഴുപത്തിരണ്ട് ബിഷപ്പുമാരും റോമിലെ എല്ലാ പുരോഹിതരും സംബന്ധിക്കുകയും ചെയ്തു. മാർപാപ്പ ജീവിച്ചിരിക്കുമ്പോൾ അടുത്ത മാർപാപ്പയാകാൻ പരിശ്രമിക്കുകയോ ആരെയെങ്കിലും അതിനായി ഉയർത്തിക്കൊണ്ടു വരികയോ ചെയ്യുന്ന പുരോഹിതരെ സഭയിൽ നിന്ന് പുറത്താക്കണമെന്നും ഈ സിനഡ് തീരുമാനിച്ചു. ആന്റി-പോപ്പായിരുന്ന ലൗറന്തിയൂസും ഇതിൽ സംബന്ധിച്ചെന്നും പിന്നീട് അദ്ദേഹത്തെ കംപാനിയ പ്രദേശത്തുള്ള നുസേറിയ രൂപതയുടെ മെത്രാനായും നിയമിച്ചെന്നും പറയപ്പെടുന്നു. എന്നാൽ ചില രേഖകളിൽ അദ്ദേഹം റോമിലെ തന്റെ അനുയായികളുടെ പിന്തുണയോടെ സഭാഭരണം കയ്യാളാൻ വീണ്ടും ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു എന്നും വിവരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.