പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 50 – അനസ്താസിയൂസ് II (445-498)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 445 ഒരു പുരോഹിതന്റെ മകനായി റോമിലാണ് അനസ്താസിയൂസ് ജനിച്ചത്. 496 മുതൽ 498 വരെയുള്ള വർഷങ്ങൾ അദ്ദേഹം സഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. ആദ്യത്തെ അൻപത് മാർപാപ്പാമാരിൽ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടാതെ പോയ രണ്ടാമത്തെ ആളാണ് അനസ്താസിയൂസ്. (മറ്റെയാൾ മുപ്പത്തിയാറാമത്തെ മാർപാപ്പയായ ലിബെറിയൂസ് ആണ്). അതിന്റെ പ്രധാന കാരണം പൗരസ്ത്യ സഭയുമായുള്ള ബന്ധം പരിഹരിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളിൽ സംഭവിച്ച ചില വീഴ്ചകളാണ്. ശത്രുക്കളിൽ ചിലർ അദ്ദേഹത്തിന് ‘പരാജയപ്പെട്ട മദ്ധ്യസ്ഥന്‍’ എന്ന പേര് നൽകുകയും പ്രശസ്ത ഇറ്റാലിയൻ കവിയായ ദാന്തെയുടെ ‘ഡിവൈൻ കോമഡി’ എന്ന കൃതിയിൽ നരകത്തിൽ വേദവിപരീതികളുടെ കൂടെ കഴിയുന്ന ആളായിട്ട് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകൾ അനാവശ്യമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ പൗരസ്ത്യ സഭകളുമായി അടുത്തകാലത്തുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു പരിശ്രമമാണ് അനസ്താസിയൂസ് മാർപാപ്പയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്നെ ഈ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. മാർപാപ്പയായി അധികാരമേറ്റയുടൻ തന്റെ രണ്ടു പ്രതിനിധികളെ അനസ്താസിയൂസ് ഒന്നാമൻ (ചക്രവർത്തിയുടെയും മാർപാപ്പയുടെയും പേര് ഒന്നു തന്നെ ആയിരുന്നു.) ചക്രവർത്തിക്കുള്ള ഒരു എഴുത്തുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുന്നു. അതിൽ പൗരസ്ത്യ സഭയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തന്റെ ആത്മാർത്ഥമായ ആഗ്രഹം മാർപാപ്പ പ്രകടിപ്പിക്കുന്നു.

ഫെലിക്സ് മാർപാപ്പ പുറത്താക്കിയ അക്കായിയൂസ് പാത്രിയർക്കീസ് നൽകിയ പട്ടങ്ങൾ അംഗീകരിക്കാമെന്നും ഇത്തരം കാര്യങ്ങൾ ദൈവഹിതത്തിനു വിടാമെന്നും എഴുതി. തന്റെ മുൻഗാമിയുടെ ‘ഹെനോത്തിക്കോൻ’ ഡോക്യുമെന്റ് അംഗീകരിക്കാമെങ്കിൽ ചക്രവർത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. തന്റെ പ്രതിനിധികളുടെ ഉപദേശമനുസരിച്ച് അനസ്താസിയൂസ് മാർപാപ്പ ഇക്കാര്യങ്ങൾ അംഗീകരിക്കുന്നു. എന്നാൽ റോമിലെ ബിഷപ്പുമാരോടൊന്നും ആലോചിക്കാതെ എടുത്ത ഈ തീരുമാനങ്ങൾക്ക് അദ്ദേഹത്തിനു വലിയ വില നൽകേണ്ടി വന്നു. ചിലരെങ്കിലും അനസ്താസിയൂസ് മാർപാപ്പയിൽ നിന്ന് കുർബാന സ്വീകരിക്കാത്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങൾ പരിഹരിക്കാനുള്ള സാവകാശം ഇല്ലാതാക്കുകയും അതൊരു ദൈവശിക്ഷയായി പലരും വ്യാഖ്യാനിക്കുകയും ചെയ്തു. മദ്ധ്യകാല യുഗത്തിൽ അദ്ദേഹത്തിന് കൊടുത്ത മോശമായ തെറ്റായ വിശേഷണങ്ങൾ അന്യായമായിരുന്നു എന്നാണ് പല ആധുനിക സഭാപണ്ഡിതന്മാരും കരുതുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.