പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 45 – വി. ലിയോ I (400-461)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

“മഹാൻ” എന്ന സംജ്ഞ ചരിത്രത്തിൽ മാർപാപ്പയുടെ നാമത്തോട് കൂട്ടിച്ചേർക്കപ്പെട്ട മൂന്നു പേരിൽ ആദ്യത്തെയാളാണ് വി. ലിയോ ഒന്നാമൻ. മറ്റു രണ്ടു പേർ ഗ്രിഗറി ഒന്നാമനും (590–604), നിക്കോളാസ് ഒന്നാമനും ആണ് (858–67). അതിൽ തന്നെയും ഗ്രിഗറി ഒന്നാമനോടൊപ്പം വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു മാർപാപ്പാമാരിൽ ഒരാളാണ് വി. ലിയോ. ഇറ്റലിയിലെ ടസ്ക്കണിയിലുള്ള ഒരു കുലീനകുടുംബത്തിൽ ക്രിസ്തുവർഷം 400-ൽ ജനിച്ച ലിയോ മാർപാപ്പ 440 മുതൽ 461 വരെ സഭയെ നയിച്ചു. സെലസ്റ്റിൻ മാർപാപ്പയുടെ ഭരണകാലത്ത് റോമിലെ അറിയപ്പെടുന്ന ഒരു ഡീക്കനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദൈവഭക്തിയും ബുദ്ധിശക്തിയും കർമ്മശേഷിയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള പാടവവും എല്ലാവരിലും വലിയ മതിപ്പുളവാക്കി. ഇക്കാരണത്താൽ മാർപാപ്പമാരും റോമൻ ചക്രവർത്തിമാരും സഭയിലെയും രാജ്യത്തെയും വിവിധ പ്രശ്നപരിഹാരങ്ങൾക്കായി അദ്ദേഹത്തെ മറ്റിടങ്ങളിലേക്ക് അയച്ചിരുന്നു. ഗൗൾ (ഇന്നത്തെ ഫ്രാൻസ്) പ്രദേശത്തെ സൈന്യാധിപനും പ്രധാന ന്യായാധിപനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി വാലന്റീനിയൻ ചക്രവർത്തിയുടെ നിര്‍ദ്ദേശപ്രകാരം അവിടെയായിരുന്ന സമയത്താണ് സിക്സ്റ്റസ് മാർപാപ്പ കാലം ചെയ്യുന്നതും അതേ തുടർന്ന് ലിയോയുടെ അസാന്നിദ്ധ്യത്തിൽ ഐകകണ്‌ഠ്യേന അദ്ദേഹത്തെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കുന്നതും.

പുരാതനസഭയിലെ ഏറ്റം പ്രാഗത്ഭ്യമുള്ള ഭരണാധികാരിയായി ലിയോ അറിയപ്പെടുന്നു. അതിന്റെ പ്രധാന കാരണം തന്റെ ഉത്തരവാദിത്വങ്ങളെയും അധികാരത്തെയും കുറിച്ച് അദ്ദേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്നതാണ്. സഭയുടെ ഐക്യത്തിനും സത്യവിശ്വാസ സംരക്ഷണത്തിനുമായി വി. ലിയോ അഹോരാത്രം അദ്ധ്വാനിച്ചു. ഒന്നാമതായി സഭയെ വിഭജിച്ചുകൊണ്ടിരുന്ന വേദവിപരീതങ്ങളെ ചെറുത്തു തോല്പിക്കുന്നതിനും സത്യവിശ്വാസം കലർപ്പില്ലാതെ സംരക്ഷിക്കുന്നതിനും അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അതിന്റെ ഭാഗമായി അക്വില്ല എന്ന ഇറ്റലിയിലെ പുരാതന നഗര പ്രദേശങ്ങളിൽ പെലാജിയൻ വിശ്വാസത്തിൽ നിന്നും സഭയിലേക്ക് വന്നവരെ യാതൊരു പ്രായശ്ചിത്തവും ചെയ്യാതെ തിരികെ പ്രവേശിപ്പിക്കുന്ന രീതി മാർപാപ്പ നിർത്തലാക്കി. അവർ പെലാജിയാൻ വിശ്വാസം ത്യജിക്കുകയും സഭയുടെ വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് സത്യപ്രതിഞ്ജ ചെയ്യണം എന്ന നിർദ്ദേശം നല്‍കി. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം റോമൻ നഗരത്തിലേക്ക് പലായനം ചെയ്തുവന്ന മനിക്കേയൻ, പ്രിസില്ലിയൻ വിശ്വാസികളോടും കൂദാശ സ്വീകരണത്തിന് സത്യവിശ്വാസം ഏറ്റുപറയണം എന്ന നിർദ്ദേശം മാർപാപ്പ നല്‍കി.

സഭയിൽ വലിയ അജപാലനപരമായ നവീകരണങ്ങൾക്ക് ലിയോ മാർപാപ്പ നേതൃത്വം നൽകി. റോമിലുണ്ടായ കൊടിയ ദാരിദ്ര്യത്തെ നേരിടുന്നതിന് ധാരാളം കാരുണ്യപ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് വലിയ നഗരമായ റോമിലേക്ക് വന്ന എല്ലാ അഭയാർത്ഥികളെയും പരിപാലിക്കുന്നതിന് അദ്ദേഹം സഭയെ സജ്ജമാക്കി. അതിനായി വിശ്വാസികൾ ഉപവസിച്ചു പ്രാർത്ഥിച്ച്, മിച്ചം വയ്ക്കുന്ന വരുമാനം കൊണ്ട് പാവങ്ങളെ സഹായിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ അനുഷ്ഠാനങ്ങൾ നോമ്പുകാലങ്ങളിൽ എല്ലാ വിശ്വാസികൾക്കും ബാധകമാക്കി. സഭയിലെ അക്കാലത്തെ പല പ്രഗത്ഭരായ എഴുത്തുകാരെയും തന്റെ ഓഫീസ് ജോലികളിലേക്ക് നിയോഗിച്ചു. വി. അഗസ്തീനോസിന്റെ പേരു കേട്ട ശിഷ്യനായിരുന്ന പ്രോസ്പെർ അക്വീറ്റയിനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അങ്ങനെ സഭാചരിത്രത്തിൽ അന്നുവരെ ഉണ്ടാകാത്ത ഒരു ആത്മീയ അധികാരകേന്ദ്രമായി ലിയോ മാർപാപ്പയുടെ ഭരണകാലം പരിവർത്തനപ്പെട്ടു.

മാർപാപ്പയുടെ നൂറു പ്രസംഗങ്ങളും നൂറ്റൻപതോളം എഴുത്തുകളും പിൻതലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. ലിയോ മാർപാപ്പയുടെ മികവിന്റെ അംഗീകാരമായി ബൈസന്റൈൻ ചക്രവർത്തി തെയോഡോഷ്യസ് രണ്ടാമൻ അദ്ദേഹത്തെ കിഴക്കിന്റെ പാത്രിയർക്കീസ് എന്നു സംബോധന ചെയ്തുകൊണ്ടാണ് സംസാരിച്ചിരുന്നത്. ഈ ശീർഷകം ഉപയോഗിക്കുന്ന പാരമ്പര്യം 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുകളയുന്നതു വരെ ഉപയോഗത്തിലുണ്ടായിരുന്നു. നെസ്ത്തോറിയനിസത്തെ എതിർത്ത കോൺസ്റ്റാന്റിനോപ്പിലെ പ്രമുഖ വൈദികരിൽ ഒരാളായ എവുത്തിക്കസ് മനിക്കെയിസവും ഡോസെറ്റിസിസവും (യേശുവിന് മനുഷ്യശരീരം ഇല്ല, കുരിശിൽ മരിച്ചുവെന്നത് നമ്മുടെ തോന്നൽ മാത്രമാണ്) പഠിപ്പിക്കാൻ തുടങ്ങി. ഈ പ്രബോധനങ്ങളെ നിരസിച്ച 451-ലെ കാൽസിഡോണിയ സൂന്നഹദോസിൽ ലിയോ മാർപാപ്പയുടെ എഴുത്ത് വായിച്ചപ്പോൾ കൗൺസിൽ പിതാക്കന്മാർ ഇപ്രകാരം പറഞ്ഞു: “ലിയോയിലൂടെ അപ്പസ്തോല തലവനായ പത്രോസ് നമ്മോട് സംസാരിച്ചിരുന്നു.”

ഹുൺ വംശജനായ ആറ്റില്ല 452-ൽ ഇറ്റലി അക്രമിക്കാനായി വന്നു. വാലന്റീനിയൻ മൂന്നാമൻ ചക്രവർത്തി ലിയോ മാർപാപ്പയെയും മറ്റു രണ്ടുപേരെയും സമാധാന ചർച്ചക്കായി അയച്ചു. ലിയോ മാർപാപ്പയിൽ വളരെയധികം മതിപ്പ് തോന്നിയ ആറ്റില പിൻവാങ്ങി. എന്നാൽ വി. ലിയോ സംസാരിച്ചപ്പോൾ വൈദികവസ്ത്രം ധരിച്ച ആയുധധാരിയും ആറ്റിലായെ പരാജയപ്പെടുത്താൻ കഴിവുമുള്ള ഒരുവന്റെ രൂപമാണ് അദ്ദേഹത്തിന് ദർശിക്കാൻ സാധിച്ചതെന്നും അതിനാൽ ലിയോയുടെ ആവശ്യങ്ങൾ അംഗീകരിച്ചു പിൻവാങ്ങിയെന്നും പറയപ്പെടുന്നു. കൂടാതെ, 455-ൽ വാന്തൽ രാജാവായ ജെൻസെറിക്ക് 455-ൽ റോം കീഴടക്കിയപ്പോൾ ലിയോ മാർപാപ്പയുടെ ഇടപെടല്‍ കൊണ്ട് റോമിനെ നാശത്തിൽ നിന്നും രക്ഷിച്ചതെന്ന് ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെയൊക്ക അംഗീകാരമായിരുന്നു അദ്ദേഹത്തിന് പിൽക്കാല ചരിത്രം ചാർത്തി നൽകിയ മഹാന്‍ എന്ന അഭിധാനം. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന ലിയോ മാർപാപ്പയുടെ തിരുനാൾ നവംബർ 10-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.