പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 44 – വി. സിക്സ്റ്റസ് III (390-440)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 390-ൽ റോമിൽ ജനിച്ച സിക്സ്റ്റസ് മാർപാപ്പ 432 മുതൽ 440 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകി. കുറേ നാൾ ബിഷപ്പായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് സഭയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സമകാലീനനായ ഹിപ്പോയിലെ വി. അഗസ്തീനോസുമായി മാർപാപ്പയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അഗസ്തീനോസിന് എഴുതിയതുൾപ്പെടെ മാർപാപ്പയുടെ എട്ടു കത്തുകൾ പിന്‍തലമുറയ്ക്ക് ലഭ്യമാണ്. ആപ്പിയൻ വഴിയിൽ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള റോമിലെ ആദ്യത്തെ സന്യാസാശ്രമം ആരംഭിച്ചതും സിക്സ്റ്റസ് മാർപാപ്പയുടെ കാലത്താണ്. വി. ലോറൻസിന്റെ നാമത്തിലുള്ള സെമിത്തേരിയിൽ അടക്കിയ അദ്ദേഹത്തിന്റെ തിരുനാൾ മാർച്ച് 28-ന് സഭ ആഘോഷിക്കുന്നു.

പത്രോസിന്റെ വിളിയിൽ അടങ്ങിയിരിക്കുന്ന, സഹോദരന്മാരെ ചേർത്തുനിർത്തുക എന്ന വലിയ ദൗത്യം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ ശ്രമിച്ച മാർപാപ്പയാണ് വി. സിക്സ്റ്റസ്. അന്ത്യോഖ്യയിലെ പാത്രിയർക്കീസായ യോഹന്നാനും അലക്സാൻഡ്രിയായിലെ പാത്രിയർക്കീസായ സിറിലും തമ്മിലുള്ള ഭിന്നത സഭയിൽ വലിയ വിഭജനത്തിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞ് രണ്ടുപേരോടും രമ്യതയിലാകാൻ മാർപാപ്പ ആവശ്യപ്പെട്ടു. അന്ത്യോഖ്യൻ പക്ഷത്തോട് നെസ്തോറിയൂസിനെ തള്ളിപ്പറഞ്ഞ്‌ സത്യവിശ്വാസം ഏറ്റുപറയാൻ മാർപാപ്പ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടു വിഭാഗങ്ങളും “ഐക്യത്തിന്റെ പദ്ധതി” എന്ന പേരിൽ ഒരു കരാർ ഉണ്ടാക്കി പ്രശ്നം പരിഹരിച്ചു. “പൊന്തിഫക്സ്” (പാലം പണിയുന്നവൻ) എന്ന മാർപാപ്പയുടെ പേരിനോട് ചേർന്നുപോകുന്ന ഒരു പ്രവൃത്തിയായി ഇതിനെ ചരിത്രം വാഴ്ത്തുന്നു. ഈ സമയത്ത് കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ചുബിഷപ്പായ പ്രൊക്ലൂസ് ബാൾക്കൻ പ്രദേശങ്ങളിലെ സഭയുടെ അധികാരം തങ്ങൾക്കാണെന്ന് അവകാശപ്പെട്ടത് സഭയിൽ ചില പ്രശ്നങ്ങൾക്കു കാരണമായി. എന്നാൽ അദ്ദേഹവുമായും നല്ല ബന്ധത്തിൽ പോകുന്നതിന് മാർപാപ്പ വ്യക്തിപരമായി ശ്രദ്ധിച്ചിരുന്നു.

വിസിഗോത്സ് രാജാവായ അലാറിക്കിന്റെ നേതൃത്വത്തിൽ 410-ൽ റോം അക്രമിക്കപ്പെട്ടപ്പോൾ ധാരാളം ക്രിസ്തീയസങ്കേതങ്ങൾ കൊള്ളയടിക്കപ്പെട്ടു. എന്നാൽ വാലന്റീനിയൻ ചക്രവർത്തിയുടെ സഹായത്തോടെ പ്രധാന ദേവാലയങ്ങളുടെ പുനർനിർമ്മാണത്തിന് മാർപാപ്പ നേതൃത്വം നൽകി. റോമൻ മതിലിനു പുറത്തുള്ള വി. ലോറൻസിന്റെ ദേവാലയം ഒരു ബസിലിക്കാ ആയി ഉയർത്തിയതും അവന്തീൻ കുന്നിൻമുകളിൽ ഇന്നും നിലനിൽക്കുന്ന സാന്താ സബീന ബസിലിക്ക പൂർത്തിയാക്കുന്നതും സിക്സ്റ്റസ് മാർപാപ്പയാണ്. ലിബേരിയൻ ബസിലിക്ക പുനരുദ്ധരിച്ച് അതിനെ “മരിയ മജോറെ” എന്ന് പുനർനാമകരണം ചെയ്തത് വി. സിക്സ്റ്റസാണ്. ഇത് എഫേസൂസ് സൂനഹദോസിൽ സ്വീകരിച്ച നെസ്തോറിയൻ പാഷണ്ഡതയ്ക്കെതിരെയുള്ള സഭയുടെ നിലപാട് ഒന്നുകൂടി വെളിപ്പെടുത്തുന്നതിനായിരുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.