പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 43 – വി. സെലസ്റ്റിൻ I (376-432)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

റോമിലെ കംപാനിയാ പ്രദേശത്ത് ക്രിസ്തുവർഷം 376-ൽ പ്രിസ്ക്യൂസ്‌ എന്നയാളുടെ മകനായി ജനിച്ച സെലസ്റ്റിൻ മാർപാപ്പ 422 മുതൽ 432 വരെയുള്ള പത്തു വർഷക്കാലം സഭയ്ക്ക് ധീരമായ നേതൃത്വം നൽകി. വി. സെലസ്റ്റിൻ മാർപാപ്പ വാലന്റീനിയൻ മൂന്നാമൻ ചക്രവർത്തിയുടെ ബന്ധുവായിരുന്നുവെന്നും മിലാനിലെ ബിഷപ്പായിരുന്ന വി. അംബ്രോസിന്റെ കൂടെ കുറേനാൾ ജീവിച്ചിരുന്നതായും ചരിത്രരേഖകളിൽ കാണുന്നു. അതുപോലെ മുൻഗാമിയായിരുന്ന ഇന്നസെന്റ് മാർപാപ്പയുടെ കാലത്ത് റോമിലെ ഡീക്കനായും അദ്ദേഹം ജോലി ചെയ്തിരുന്നു.

നെസ്തോറിയൻ പാഷണ്ഡതയ്ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വി. സെലസ്റ്റിൻ. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്തോറിയൂസ് (386-450) ക്രിസ്തുവിൽ രണ്ടു സ്വഭാവവും രണ്ടു വ്യക്തിത്വങ്ങളും ഉണ്ടെന്ന് പഠിപ്പിച്ചു. ഇത് ക്രിസ്തുവിൽ രണ്ടു സ്വാഭാവവും ഒരു വ്യക്തിത്വവും എന്ന സഭയുടെ ആധികാരിക പ്രബോധനത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. തുടർന്ന് പരിശുദ്ധ മാതാവ് ക്രിസ്തുവിലുള്ള മനുഷ്യസ്വഭാവത്തിന്റെ മാത്രം അമ്മയാണെന്നും അതിനാൽ “തെയോതോക്കോസ്” (ദൈവവാഹക) എന്നതിന് പകരം “ക്രിസ്തോതോക്കോസ്” (ക്രിസ്‌തുവാഹക) എന്നാണ് മാതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നും പഠിപ്പിച്ചു. സെലസ്റ്റിൻ മാർപാപ്പ 430-ൽ റോമിൽ വിളിച്ചുകൂട്ടിയ സിനഡിൽ നെസ്തോറിയൂസിനോട് ഈ വാദങ്ങൾ പിൻവലിക്കാനും സത്യവിശ്വാസം പഠിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി പ്രസിദ്ധമായ മൂന്നാം എക്കുമെനിക്കൽ കൗൺസിൽ തെയോഡോഷ്യസ് രണ്ടാമൻ ചക്രവർത്തി 431-ൽ എഫേസൂസിൽ വച്ച് വിളിച്ചുകൂട്ടി. മാർപാപ്പയുടെ മൂന്ന് പ്രതിനിധികൾ ഇതിൽ സംബന്ധിക്കുകയും അവിടെ വച്ച് നെസ്തോറിയൂസിനെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

വടക്കൻ ആഫ്രിക്കൻ സഭയിലെ പ്രശ്നങ്ങളായിരുന്ന പെലാജിയനിസവും നേരത്തെ തന്നെ പ്രചാരത്തിലിരുന്ന നോവേഷ്യനിസവും സെലസ്റ്റിൻ മാർപാപ്പയുടെ കാലത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ അയർലണ്ടിന്റെ അപ്പസ്തോലനായ വി. പാട്രിക്കിനെ അവിടേക്ക് സുവിശേഷപ്രഘോഷണത്തിനായി 431-ൽ സെലസ്റ്റിൻ മാർപാപ്പ അയച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. റോമിലെ ത്രസ്‌തേവരെയിലുള്ള സാന്താ മരിയ ബസിലിക്ക വിസിഗോത്തുകൾ 410-ൽ നശിപ്പിച്ചത് പുനർനിർമ്മിക്കുന്നതിന് നേതൃത്വം നല്‍കിയതും സെലസ്റ്റിൻ പാപ്പയാണ്. 432 ജൂലൈ 26-ന് കാലം ചെയ്ത സെലസ്റ്റിൻ മാർപാപ്പയെ വിയ സാലറിയായിലുള്ള വി. പ്രിസില്ല സെമിത്തേരിയിൽ അടക്കം ചെയ്തു. പിന്നീട് മരിയ മജോറെ ബസിലിക്കായ്ക്കടുത്തുള്ള സാന്താ പ്രസ്സേദേ ബസിലിക്കയിലേക്ക് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ മാറ്റി സ്ഥാപിച്ചു. ജൂലൈ 27-ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.