

ക്രിസ്തുവർഷം 418 മുതൽ 422 വരെ മാർപാപ്പ സ്ഥാനം അലങ്കരിച്ചയാളാണ് വി. ബോനിഫസ് ഒന്നാമൻ. അദ്ദേഹത്തിന്റെ ജനനത്തീയതി നമുക്ക് ലഭ്യമല്ല. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത് ബോനിഫസ് റോമിലെ ജൊക്കുണ്ടുസ് എന്ന പുരോഹിതന്റെ മകനായിരുന്നു എന്നാണ്. ദമാസൂസ് പാപ്പായിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം പിന്നീട് ഇന്നസെന്റ് ഒന്നാമൻ മാർപാപ്പയുടെ പ്രതിനിധിയായി കോൺസ്റ്റാന്റിനോപ്പിളിൽ കുറേക്കാലം സേവനമനുഷ്ഠിച്ചു. വിയ സാലറിയായിലുള്ള വി. ഫെലിസിറ്റിയുടെ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ബോനിഫസ് ഒന്നാമൻ മാർപാപ്പയുടെ തിരുനാൾ സെപ്റ്റംബർ 4-ന് സഭ കൊണ്ടാടുന്നു.
സോസിമൂസ് മാർപാപ്പ കാലം ചെയ്തപ്പോൾ ജോൺ ലാറ്ററൻ ദേവാലയത്തിൽ കൂടിയ ഒരു കൂട്ടം വിശ്വാസികളും പുരോഹിതരും ചേർന്ന് എവ്ലാലിയൂസ് എന്നയാളെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ റോമിലെ ഭൂരിപക്ഷം പുരോഹിതരും വിശ്വാസികളും ബോനിഫസിനെയാണ് മാർപാപ്പയായി തിരഞ്ഞെടുത്തത്. ഇവർ രണ്ടുപേരും ഒരേ ദിവസം രണ്ടു സ്ഥലങ്ങളിൽ വച്ച് സ്ഥാനാരോഹണം നടത്തി. താമസിയാതെ ഇവരുടെ അനുയായികൾ തമ്മിൽ തർക്കമുണ്ടാവുകയും അത് റോമിൽ ക്രമസമാധാനപ്രശ്നമായി വളരുകയും ചെയ്തു. അവസാനം ഹൊണോറിയുസ് ചക്രവർത്തിയുടെ പിന്തുണ ലഭിച്ച ബോനിഫസ്, സഭയുടെ ഔദ്യോഗിക അദ്ധ്യക്ഷനായി അംഗീകരിക്കപ്പെട്ടു. എവ്ലാലിയൂസ് ഇന്ന് ആന്റി-മാർപാപ്പാമാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളാണ്.
ശക്തമായ തീരുമാനങ്ങളുടെ ഉടമയായിരുന്നു ബോനിഫസ് മാർപാപ്പ. “റോം സംസാരിച്ചിരിക്കുന്നു, വിഷയം അവസാനിച്ചിരിക്കുന്നു” (Roma locuta est; causa finita est) എന്ന പ്രസിദ്ധമായ ഉദ്ധരണി ബോനിഫസ് ഒന്നാമൻ മാർപാപ്പയുടേതാണ് (ഇത് വി. അഗസ്തീനോസിന്റേതായും പറയപ്പെടുന്നുണ്ട്). തന്റെ മുൻഗാമിയായ സോസിമൂസ് മാർപാപ്പയുടെ കാലത്തുണ്ടായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ബോനിഫസ് മാർപാപ്പയ്ക്ക് സാധിച്ചു. ഇതിൽ പ്രധാനമായത് ആർലെസിലെ ബിഷപ്പിന് ഫ്രാൻസിൽ മുഴുവൻ ബിഷപ്പുമാരെ വഴിക്കാൻ സോസിമൂസ് മാർപാപ്പ കൊടുത്ത അധികാരം തിരികെയെടുത്തതാണ്. ഇതോടൊപ്പം അവിടെയുള്ള പ്രാദേശിക മെത്രാപ്പോലീത്താമാർക്ക് തങ്ങളുടെ പഴയ അധികാരങ്ങൾ പുനഃസ്ഥാപിച്ചു കൊടുക്കുകയും ചെയ്തു. വി. അഗസ്തീനോസിന്റെ പെലാജിയനിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ബോനിഫസ് മാർപാപ്പ അകമഴിഞ്ഞ പിന്തുണ നൽകി. അഗസ്തീനോസിനെ കുറ്റപ്പെടുത്തിക്കൊണ്ട് പെലാജിയൻ അനുകൂലികൾ അയച്ച രണ്ടു എഴുത്തുകൾ മാർപാപ്പ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതിന്റെ പ്രതിനന്ദിയായി അഗസ്തീനോസ് തന്റെ രണ്ടു പുസ്തകങ്ങൾ മാർപാപ്പയ്ക്കാണ് സമർപ്പണം ചെയ്യുകയും വടക്കൻ ആഫ്രിക്കയിൽ സത്യവിശ്വാസം സംരക്ഷിക്കപ്പെടുന്നതിന് ഇടയാവുകയും ചെയ്തു.
ഫാ. മാത്യു ചാര്ത്താക്കുഴിയില്