പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 41 – വി. സോസിമൂസ് (?-418)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 417 മുതൽ 418 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വി. സോസിമൂസ്. ഇറ്റലിയിലെ കാബ്രിയ പ്രദേശത്തുള്ള മെസോറാക്ക എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ‘ലീബർ പൊന്തിഫിക്കാലിസ്’ പ്രകാരം സോസിമൂസ് മാർപാപ്പ ഗ്രീക്ക് വംശജനും അബ്രാമിയൂസ് എന്നയാളിന്റെ മകനുമാണ്. വടക്കൻ ആഫ്രിക്കയിലും ഫ്രഞ്ച് പ്രദേശങ്ങളിലുമൊക്കെ ഇക്കാലയളവിൽ സഭയിൽ വലിയ ആഭ്യന്തരപ്രശ്നങ്ങൾ നിലനിന്നിരുന്നു. ആർലസിലെ ബിഷപ്പായിരുന്ന പത്രോക്ലൂസിനെ ഫ്രഞ്ച് പ്രദേശങ്ങളിലെ ബിഷപ്പുമാരെ വാഴിക്കുന്നതിനുള്ള ചുമതല നല്‍കി മാർപാപ്പയുടെ വികാരിയായി നിയമിച്ചതിനെ അവിടെ നിന്നുള്ള മിക്ക ബിഷപ്പുമാരും എതിർത്തു. ഈ എതിർപ്പുകളെ മാർപാപ്പ അവഗണിച്ചത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു.

വടക്കൻ ആഫ്രിക്കൻ സഭയിലെ കാര്യങ്ങൾ ഇതിനേക്കാൾ രൂക്ഷമായിരുന്നു. പെലാജിയൂസും അദ്ദേഹത്തിന്റെ ശിഷ്യൻ സെലസ്റ്റിയൂസും തങ്ങളെ സഭയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് മാർപാപ്പയ്ക്ക് അയച്ച കത്ത് അദ്ദേഹത്തിന്റെ മരണശേഷം സോസിമൂസ് മാർപാപ്പയുടെ പക്കലെത്തി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വിലക്ക് നീക്കിയ സോസിമൂസ് മാർപാപ്പയുടെ തീരുമാനത്തെ വി. അഗസ്തീനോസ് ഉൾപ്പെടെയുള്ള ആഫ്രിക്കൻ ബിഷപ്പുമാർ എതിർത്തു. കാരണം ജന്മപാപം മനുഷ്യസ്വഭാവത്തെ കളങ്കിതപ്പെടുത്തുന്നില്ലെന്നും മനുഷ്യന് ദൈവകൃപ ഇല്ലാതെ സ്വന്തം പരിശ്രമത്താൽ പൂർണ്ണത പ്രാപിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നൽകിയിട്ടുണ്ടെന്നും പെലാജിയുസ് വാദിച്ചിരുന്നു. ‘പെലാജിയനിസം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാഷണ്ഡത വടക്കൻ ആഫ്രിക്കയിൽ വലിയ വിശ്വാസ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ആഫ്രിക്കൻ സിനഡ് ചർച്ച ചെയ്ത് അവരുടെ നിര്‍ദ്ദേശപ്രകാരം ഇന്നസെന്റ് മാർപാപ്പ ഇവരെ സഭയിൽ നിന്നും പുറത്താക്കിയതുമാണ്. ഈ തീരുമാനം മാറ്റേണ്ടതില്ല എന്ന ആഫ്രിക്കൻ ബിഷപ്പുമാർ ഒറ്റകെട്ടായി ആവശ്യപ്പെട്ടപ്പോൾ സോസിമൂസ് മാർപാപ്പയ്ക്ക് വഴങ്ങേണ്ടി വന്നു.

പിന്നീട് പെലാജിയൻ നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് പാശ്ചാത്യ-പൗരസ്ത്യ ബിഷപ്പുമാർക്ക് മാർപാപ്പ ‘എപ്പിസ്ത്തോള ത്രക്ത്തോറിയ’ എന്ന പേരിൽ ഒരു കത്തയച്ചു. എന്നിരുന്നാലും സഭയിലെ പ്രശ്നങ്ങൾ പ്രാദേശികസഭകളെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കിയ സോസിമൂസ് മാർപാപ്പയുടെ പ്രവർത്തനശൈലി റോമിലെ വൈദികരുടെ ഇടയിൽ തന്നെയും വലിയ എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. ഡീക്കന്മാർക്ക് പ്രത്യേക വസ്ത്രം, ഈസ്റ്ററിന് വലിയ മെഴുകുതിരി കത്തിക്കുന്ന പാരമ്പര്യം, വൈദികരെ സത്രങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും വിലക്കുക തുടങ്ങിയ ചില പരിഷ്‌കാരങ്ങളും അദ്ദേഹം സഭയിൽ നടപ്പിലാക്കി. റോമിലെ വി. ലോറൻസിന്റെ ബസിലിക്കയിൽ അടക്കിയ സോസിമൂസ് മാർപാപ്പയുടെ തിരുനാൾ ഡിസംബർ 27-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.