പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 40 – വി. ഇന്നസെന്റ് I (? -417)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 401 മുതൽ 417 വരെയുള്ള നീണ്ട വർഷങ്ങൾ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ഇന്നസെന്റ് ഒന്നാമൻ. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത് റോമിനടുത്തുള്ള അൽബാനോ ലാസ്യാലെ എന്ന പ്രദേശമാണ് അദ്ദേഹത്തിന്റെ ജന്മദേശം എന്നാണ്. ഇക്കാലയളവിൽ പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ പഴയ പ്രതാപം മങ്ങുകയും ജർമ്മൻ ഗോത്രങ്ങൾ (ബാർബേറിയൻ) തുടർച്ചയായി റോമിനെതിരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇന്നസെന്റ് മാർപാപ്പയുടെ ഭരണകാലത്താണ് വിസിഗോത്തുകൾ റോം ആക്രമിക്കുന്നതും റോമൻ ദൈവങ്ങളെ അവഗണിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ആരോപണം ഉണ്ടായതും. ഇതിനെ പ്രതിരോധിക്കാനാണ് വി. അഗസ്തീനോസ് തന്റെ “ദൈവത്തിന്റെ നഗരം” എന്ന വിഖ്യാതഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

കത്തോലിക്കാ വിശ്വാസം കലർപ്പില്ലാതെ സംരക്ഷിക്കാൻ തീഷ്ണതയോടെ പ്രവർത്തിച്ച വി. ഇന്നസെന്റ് ആദിമസഭയിലെ സത്യവിശ്വാസ സംരക്ഷകരിൽ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. സിരിസിയൂസ് മാർപാപ്പയുടെ ശൈലി അവലംബിച്ചുകൊണ്ട് നിയമപരമായ നിരവധി വിധികൾ പുറപ്പെടുവിക്കുകയും അത് റോമൻ സഭയിൽ നടപ്പാക്കുകയും ചെയ്തു. വിശുദ്ധ കുർബാന, അനുരഞ്ജന, രോഗീലേപന കൂദാശകളുമായി ബന്ധപ്പെട്ടും അദ്ദേഹം നിയമങ്ങൾ ഉണ്ടാക്കി. മൂറോനഭിഷേക കൂദാശ നൽകുന്നതിനുള്ള അവകാശം മെത്രാന്മാർക്ക് മാത്രമായി നിജപ്പെടുത്തുകയും ഗൗരവതരമായ സഭാവിഷയങ്ങളിൽ അന്തിമവിധി കല്പിക്കുന്നതിനുള്ള അധികാരം റോമൻ സഭാകോടതികൾക്കാണെന്നും അദ്ദേഹം കല്പിച്ചു.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന ജോൺ ക്രിസോസ്റ്റത്തെ 404-ൽ സ്ഥാനഭൃഷ്ടനാക്കി പ്രവാസത്തിനയച്ചപ്പോൾ അദ്ദേഹം മാർപാപ്പയ്ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് കത്തയച്ചു. അതിൻപ്രകാരം മാർപാപ്പ അദ്ദേഹത്തെ അനുകൂലിച്ച് എഴുത്തെഴുതുകയും പ്രശ്നപരിഹാരത്തിനായി രണ്ടു പ്രതിനിധികളെ അവിടേയ്‌ക്ക് അയക്കുകയും ചെയ്തു. ഇതിനൊന്നും ഉദ്ദേശിച്ച ഫലം ലഭിക്കാഞ്ഞപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുമായുള്ള ബന്ധം അദ്ദേഹം വിച്ഛെദിച്ചു (പിന്നീട് മാർപാപ്പയുടെ കാലശേഷമാണ് ഈ ബന്ധം പുനസ്ഥാപിക്കപ്പെട്ടത്). കൂടാതെ വി. ജെറോം വസിച്ചിരുന്ന ജറുസലേമിലെ ആശ്രമം 416-ൽ അക്രമികൾ നശിപ്പിച്ചപ്പോൾ തന്റെ പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്തുകൊണ്ട് കത്തയയ്‌ക്കുകയും ജറുസലേമിലെ ബിഷപ്പായിരുന്ന യോഹന്നാനെ ഇക്കാര്യത്തിൽ ശാസിക്കുകയും ചെയ്തു. കൂടാതെ ഇക്കാലയളവിൽ ആഫ്രിക്കലുണ്ടായ പെലാജിയൻ പാഷണ്ഡതയ്ക്കെതിരെ അവിടെയുള്ള ബിഷപ്പുമാർ എടുത്ത നടപടികളെ മാർപാപ്പ പിന്തുണക്കുകയും ചെയ്തു. പോന്തിയൻ സെമിത്തേരിയിൽ അടക്കിയ വി. ഇന്നസെന്റിന്റെ തിരുനാൾ മാർച്ച് 12 കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.