പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 39 – വി. അനസ്താസിയൂസ് I (399-401)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

റോമിൽ മാക്സിമസ് എന്നയാളുടെ മകനായി ക്രിസ്തുവർഷം 330-ൽ ജനിച്ച അനസ്താസിയൂസ് ഒന്നാമൻ 399-401 വരെ സഭയ്ക്ക് നേതൃത്വം നല്‍കി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന അനസ്താസിയൂസ് ഭാര്യയുടെ മരണശേഷം പൗരോഹിത്യം സ്വീകരിച്ചയാളാണ്. അദ്ദേഹത്തിന്റെ മകൻ ഇന്നസെന്റ് അടുത്ത മാർപാപ്പയായി എന്ന പ്രത്യേകത കൂടിയുണ്ട്. അലക്സാൻഡ്രിയായിൽ നിന്നുള്ള പ്രശസ്ത ദൈവശാസ്ത്രജ്ഞൻ ഒരിജിന്റെ (184-253) കൃതികൾ ലത്തീൻ ഭാഷയിലേക്ക് ഇക്കാലയളവിൽ വിവർത്തനം ചെയ്യപ്പെടുകയും അതിലെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി 400-ൽ റോമിൽ മാർപാപ്പ ഒരു കൗൺസിൽ വിളിച്ചുകൂട്ടുകയും ചെയ്തു. ഒറിജിന്റെ രചനകളിൽ “സബോർഡിനേഷനിസം” (പുത്രനും പരിശുദ്ധാത്മാവും പിതാവിനു താഴെയാണ്) എന്ന പാഷണ്ഡത കണ്ടെത്തുകയും അതിനാൽ സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിച്ച ഒരിജിനെ വേദവിപരീതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു (ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരിജിനെ പല സഭാപണ്ഡിതന്മാരും പാഷണ്ഡികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല).

വടക്കൻ ആഫ്രിക്കയിലെ പ്രത്യേകിച്ചും കാർത്തേജ് പ്രദേശത്തെ മെത്രാന്മാർ അവിടെ പുരോഹിതക്ഷാമം നേരിട്ടപ്പോൾ കത്തോലിക്കാ സഭയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ശീശ്മക്കാരായ വൈദികരുടെ പ്രായശ്ചിത്തത്തിൽ ചില ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് മാർപാപ്പയ്ക്ക് കത്തയച്ചു. അതിനുള്ള മറുപടിയിൽ, കർത്തേജിൽ വച്ച് നടന്ന കൗൺസിലിനോട് (401) ഡോണാത്തിസത്തിനെതിരെ (പുരോഹിതരുടെ പ്രാർത്ഥനയും കൂദാശാനുഷ്ഠാനവും സാധുവാകുന്നതിന് അവർ കുറ്റമറ്റവർ ആയിരിക്കണം എന്ന വിശ്വാസം) തുടർന്നും പോരാടാനും ശീശ്മയിൽ ആയിരുന്നവർ സത്യവിശ്വാസത്തിലേക്ക് തിരികെ വരുമ്പോൾ വീണ്ടും അവർക്ക് മാമ്മോദീസ നൽകേണ്ട ആവശ്യമില്ലെന്നും മാർപാപ്പ എഴുതി. അനസ്താസിയൂസ് മാർപാപ്പയുടെ സമകാലീനനായ വേദപാരംഗതൻ വി. അഗസ്തീനോസ് അദ്ദേഹവുമായി നല്ല സൗഹൃദം പുലർത്തിയിരുന്നുവെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു.

അനസ്താസിയൂസ് മാർപാപ്പ നടപ്പിലാക്കിയ ആരാധനാപരമായ ഒരു പരിഷ്‌ക്കാരം സുവിശേഷം വായിക്കുമ്പോൾ പുരോഹിതർ എഴുന്നേറ്റുനിന്ന് തലവണങ്ങി അത് വായിക്കണമെന്നതാണ്. വി. ജെറോം മാർപാപ്പയെക്കുറിച്ചു എഴുതിയിരിക്കുന്നത്: അദ്ദേഹം “വിശുദ്ധിയുടെ നിറകുടവും ദാരിദ്ര്യത്തിൽ സമ്പന്നനും” ആണെന്നാണ്. അതുപോലെ അനസ്താസിയൂസ് മാർപാപ്പയുടെ ഭരണകാലം ചുരുങ്ങിപ്പോയതിന്റെ കാരണം റോം ഇത്രയും നല്ലൊരു ബിഷപ്പിനെ അർഹിക്കുന്നില്ല എന്നതിനാലാണെന്നും അദ്ദേഹം എഴുതി. പോന്തിയൻ സെമിത്തേരിയിൽ അടക്കിയ വി. അനസ്താസിയൂസിന്റെ തിരുനാൾ ഡിസംബർ 19-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.