പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 36 – ലിബേറിയുസ് (310-366)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 310-ൽ റോമിൽ ജനിച്ച ലിബേറിയുസ് മാർപാപ്പ 352-ലാണ് ജൂലിയുസ് മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പൗരസ്ത്യ സഭകൾ വിശുദ്ധനായി വണങ്ങുന്നുവെങ്കിലും കത്തോലിക്കാ സഭയിലെ പുണ്യവാന്മാരുടെ ഗണത്തിൽ ഉൾപ്പെടാതെപോയ ആദ്യ മാർപാപ്പയാണ് ലിബേറിയുസ്. സഭയെ പിടിച്ചുലച്ച ആര്യൻ പാഷണ്ഡത കൈകാര്യം ചെയ്യുക എന്നതായിരുന്നു മാർപ്പാപ്പയുടെ ഏറ്റം വലിയ വെല്ലുവിളി. റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റിയുസ് രണ്ടാമൻ ആര്യനിസത്തെ പിന്തുണയ്ക്കുകയും എതിർത്തവരെ പീഢിപ്പിക്കുകയും ചെയ്തു. ലിബേറിയുസ് മാർപാപ്പയെ ആര്യനിസത്തിലേക്ക് കൊണ്ടുവരാൻ ചക്രവർത്തി പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടാതെ അലക്സാൻഡ്രിയായിലെയും ഈജിപ്തിലെയും ആര്യനിസത്തെ പിന്തുണയ്ക്കാത്ത ബിഷപ്പുമാരെ പുറത്താക്കണമെന്ന ചക്രവർത്തിയുടെ ആവശ്യവും മാർപാപ്പ നിരസിച്ചു.

കോൺസ്റ്റന്റിയുസിന്റെ ഭീഷണികൾക്ക് വഴങ്ങാതിരുന്ന മാർപാപ്പയെ 355-ൽ ഗ്രീസിലെ ത്രാസ് എന്ന സ്ഥലത്തേയ്ക്ക് ചക്രവർത്തി നാടുകടത്തി അവിടെ ജയിലിലടച്ചു. ലിബേറിയുസ് മാർപാപ്പയുടെ പ്രവാസകാലത്ത് ചക്രവർത്തി ഫെലിക്സ് രണ്ടാമനെ മാർപാപ്പയായി അവരോധിച്ചു. എന്നാൽ റോമിലെ വിശ്വാസി സമൂഹം ലിബെറിയുസ് മാർപാപ്പയെ അല്ലാതെ മറ്റാരെയും അംഗീകരിക്കില്ല എന്ന നിലപാടെടുത്തു. ഫെലിക്സ് രണ്ടാമൻ ആന്റിപോപ്പായിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സമയത്ത് ചക്രവർത്തി മാർപാപ്പയുടെ കൈപ്പടയിൽ ഔദ്യോഗിക എഴുത്തുകൾ വ്യാജമായി ഉണ്ടാക്കി ഈജിപ്തിലെ ആര്യനിസത്തെ എതിർത്ത ബിഷപ്പുമാരെ പുറത്താക്കി. ഗ്രീസിലായിരുന്ന സമയത്ത് മാർപാപ്പയുടെ ആരോഗ്യം ക്ഷയിക്കുകയും ചക്രവർത്തിയുടെ ചില ആവശ്യങ്ങൾക്ക് മനസില്ലാമനസ്സോടെ വഴങ്ങുകയും ചെയ്തു എന്ന് പറയപ്പെടുന്നു. താൻ നിയോഗിച്ച ഫെലിക്സ് രണ്ടാമനോട് ചേർന്ന് സഭാഭരണം നടത്തണമെന്നതായിരുന്നു ചക്രവർത്തി മുന്നോട്ടുവച്ച നിബന്ധനകളിലൊന്ന്.

റോമിലെ വിശ്വാസികൾ “ഒരു ദൈവം, ഒരു ക്രിസ്തു, ഒരു ബിഷപ്പ്” എന്ന ആദർശത്തിൽ ഉറച്ചുനിന്നതിനാൽ ഫെലിക്സിന് പിൻവാങ്ങേണ്ടി വന്നു. പിന്നീട് ചക്രവർത്തിയുടെ മരണശേഷം വീണ്ടും സഭയിൽ സമാധാനം പുലരുന്നതിനും സത്യവിശ്വാസം പരിരക്ഷിക്കുന്നതിനും മാർപാപ്പ പരിശ്രമിച്ചു. എന്നാൽ നേരത്തെ എടുത്ത ചില നിലപാടുകൾ കാരണം സത്യവിശ്വാസ സംരക്ഷകരായ റോമിന് പുറത്തുള്ള മെത്രാന്മാരുടെ ഇടയിൽ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മങ്ങലേറ്റിരുന്നു. ഇന്നത്തെ റോമിലെ പ്രധാന നാലു ബസിലിക്കകളിലൊന്നായ മരിയ മജോറെ നിർമ്മാണം ആരംഭിച്ചതും ലിബേറിയുസ് മാർപാപ്പയാണ്. പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഓഗസ്റ്റ് 27-ന് ലിബേറിയുസിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.