പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 35 – വി. ജൂലിയുസ് I (280-352)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 337 മുതൽ 352 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജൂലിയുസ് ഒന്നാമൻ. മർക്കോസ് മാർപാപ്പ കാലം ചെയ്തു നാല് മാസങ്ങൾക്കു ശേഷം റോമക്കാരനായ ജൂലിയുസിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. റോമിൽ നിരവധി ദേവാലയങ്ങൾ നിർമ്മിച്ചത് വി. ജൂലിയുസിന്റെ ഭരണകാലത്താണ്. കൂടാതെ യേശുവിന്റെ ജന്മദിനം ഡിസംബർ 25-ന് ആഘോഷിക്കണമെന്ന ഉത്തരവിറക്കിയതും ഇദ്ദേഹമാണ്. ഒന്നാമതായി റോമാക്കാർ ഡിസംബർ 23-നും 25-നും കൊണ്ടാടിയിരുന്ന രണ്ട് ഉത്സവങ്ങളെ ഈ ദിവസമായി പരിവർത്തനപ്പെടുത്തി. രണ്ടാമതായി യേശുവിന്റെ കുരിശുമരണദിനം തന്നെയാണ് വചനിപ്പ് തിരുനാൾ (മാർച്ച് 25) എന്ന പ്രാചീനപാരമ്പര്യത്തിൽ നിന്നും അതിനുശേഷം കൃത്യം ഒൻപത് മാസങ്ങൾ കഴിഞ്ഞുവരുന്ന ദിവസം ക്രിസ്തുമസ് എന്ന ചിന്തയും ഈ തീരുമാനത്തിന് പിന്നിലുണ്ടാവാം. വിയ ഔറേല്യയിലുള്ള കലേപോദിയൂസ് സെമിത്തേരിയിൽ അടക്കപ്പെട്ട അദ്ദേഹത്തിന്റെ തിരുനാൾ ഏപ്രിൽ 12-ന് സഭ ആഘോഷിക്കുന്നു.

ജൂലിയുസ് മാർപാപ്പ ചരിത്രത്തിൽ അറിയപ്പെടുന്നത് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ സംരക്ഷകനും അതിനുവേണ്ടി പ്രവാസം അനുഭവിക്കേണ്ടിവന്ന അത്തനേഷ്യസ് ഉൾപ്പെടെയുള്ളവരുടെ പാലകനും ആയിട്ടാണ്. ആര്യൻ പാഷണ്ഡതയുടെ വക്താക്കളായ ബിഷപ്പുമാർ സത്യവിശ്വാസ സംരക്ഷകരായ ബിഷപ്പുമാരെ അവരുടെ രൂപതകളിൽ നിന്ന് പുറത്താക്കി. അത്തനേഷ്യസിനെ രണ്ടു പ്രാവശ്യം അലക്സാൻഡ്രിയായിൽ നിന്ന് നാടുകടത്തി. അപ്പോൾ 341-ൽ ജൂലിയസ് മാർപാപ്പ റോമിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. ഇവിടെ വച്ച് സിനഡിൽ സംബന്ധിക്കാൻ വിസമ്മതിച്ച പൗരസ്ത്യ ബിഷപ്പുമാരെ ശാസിക്കുകയും തെറ്റുതിരുത്തി സത്യവിശ്വാസത്തെ പുൽകാനുള്ള ആഹ്വാനം അവർക്ക് നൽകുകയും ചെയ്തു.

ജൂലിയസ് മാർപാപ്പ പൗരസ്ത്യ-പാശ്ചാത്യ റോമൻ ചക്രവർത്തിമാരോട് ഒരു സിനഡ് വിളിച്ചുകൂട്ടാൻ ആവശ്യപ്പെടുകയും അതിൻപ്രകാരം 343-ൽ സാർദിക്ക (ഇന്നത്തെ സോഫിയ, ബുൾഗേറിയ) എന്ന നഗരത്തിൽ സമ്മേളിക്കുകയും ചെയ്തു. എന്നാൽ 76 പൗരസ്ത്യ ബിഷപ്പുമാർ അത്തനേഷ്യസിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സിനഡിൽ നിന്നും ഇറങ്ങിപ്പോവുകയും ഫിലിപ്പൊപ്പൊലീസ് എന്ന സ്ഥലത്തു കൂടി അത്തനേഷ്യസിനെയും മാർപാപ്പയെയും സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സാർദിക്ക സിനഡിൽ അവശേഷിച്ച 300 ബിഷപ്പുമാർ ആര്യൻ പാഷണ്ഡഭാഷ സഭയിൽ ഉപയോഗിക്കുന്നത് വിലക്കുകയും അവർ പുറത്താക്കിക്കിയ ബിഷപ്പുമാർക്ക് മാർപാപ്പയുടെ അരികിൽ അപേക്ഷ സമർപ്പിച്ചു തിരികെ പ്രവേശിക്കാമെന്ന് തീരുമാനിച്ചു. ഇക്കാര്യങ്ങളൊക്കെ അക്കാലത്തു തന്നെ മാർപാപ്പ ക്രിസ്തീയവിശ്വസികളുടെ പൊതു ആത്മീയനേതാവായി അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് കാണിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.