പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 34 – വി. മർക്കോസ് (290-336)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 336 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള ഒൻപതു മാസക്കാലം സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വി. മർക്കോസ്. ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത് പ്രിസ്കൂസ് എന്നയാളുടെ മകനായി മർക്കോസ് റോമിൽ ജനിച്ചു എന്നാണ്. റോമിലെ പ്രസിദ്ധമായ സാൻ മാർക്കോ ദേവാലയവും ബൽബീന സെമിത്തേരിക്കടുത്തുള്ള  ബസിലിക്കായുടെയും നിർമ്മാണവും ആരംഭിച്ചത് മർക്കോസ് മാർപാപ്പയാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി ഇതിന്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലവും മറ്റു സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും രക്തസാക്ഷികളുടെയും പേരുകൾ രേഖപ്പെടുത്തുന്ന “ഡെപ്പോസിസിയോ എപ്പിസ്കോപ്പോറും”, “ഡെപ്പോസിസിയോ മർത്തീറും”, എന്നീ രണ്ടു പാരമ്പര്യങ്ങൾ തുടങ്ങിയതും വി. മർക്കോസ് മാർപാപ്പയാണ്. മാർപാപ്പാമാരെ അഭിഷേചിക്കാനുള്ള അധികാരം മർക്കോസ് മാർപാപ്പ റോമിനടുത്തുള്ള ഓസ്തിയ രൂപതയുടെ ബിഷപ്പിനു നൽകി എന്ന് ചരിത്രരേഖകളിൽ കാണുന്നു. റോമിന്റെ തന്നെ ഭാഗമായ ഓസ്തിയ രൂപതയുടെ അദ്ധ്യക്ഷൻ ഇന്നും കർദ്ദിനാൾ സംഘത്തിന്റെ ഡീനാണ്.

ആരിയൂസ് എന്ന അലക്സാൻഡ്രിയായിൽ നിന്നുള്ള പുരോഹിതൻ ദൈവപുത്രനായ യേശുക്രിസ്തു ദൈവത്തിന്റെ സൃഷ്ടി ആണെന്നും അതിനാൽ തന്നെ ദൈവത്തോടൊത്ത് ഒരേ സത്തയിൽ നിത്യതയിൽ ഉണ്ടായിരുന്നില്ല എന്നും പഠിപ്പിച്ചു. ഈ  പാഷണ്ഡത ചർച്ച ചെയ്യുന്നതിനായി കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ നിഖ്യാ സൂന്നഹദോസിൽ ഏകദേശം മുന്നൂറോളം ബിഷപ്പുമാരാണ് സംബന്ധിച്ചത്. പ്രസിദ്ധമായ നിഖ്യാ വിശ്വാസപ്രമാണം അവിടെ രൂപപ്പെടുത്തുകയും ആര്യൻ പാഷണ്ഡതയെ തള്ളിപ്പറയുകയും ചെയ്തു. എന്നാൽ ആരിയൂസ് തന്റെ ആശയങ്ങൾ തുടർന്നും പഠിപ്പിക്കുകയും അദ്ദേഹത്തെ പിന്താങ്ങുന്ന വലിയൊരു വിഭാഗം ഉദയം ചെയ്യുകയും ചെയ്തത് സഭയിലും സാമ്രാജ്യത്തിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. മർക്കോസ് മാർപാപ്പയുടെ അർദ്ധസഹോദരി കോൺസ്റ്റന്റീന വരെ ആര്യൻ പാഷണ്ഡതയുടെ സ്വാധീനത്തിലായി എന്ന് പറയപ്പെടുന്നു. സത്യവിശ്വാസ സംരക്ഷകനായ അലക്സാൻഡ്രിയായിലെ അത്തനേഷ്യസും മറ്റു ബിഷപ്പുമാരും നാടുകടത്തപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ മർക്കോസ് മാർപാപ്പ സത്യവിശ്വസത്തെ കലർപ്പു കൂടാതെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇക്കാലത്ത് നേതൃത്വം നൽകി.

ക്രിസ്തുവർഷം 336 ഒക്ടോബർ 6-ന് കാലം ചെയ്ത മർക്കോസ് മാർപാപ്പയെ ബൽബീന സെമിത്തേരിയിൽ അടക്കി എന്ന് ചരിത്രരേഖകൾ പറയുന്നു. 1048-ൽ അദ്ദേഹത്തിന്റെ തിരുശേഷിപ്പ് വല്ലേത്രി എന്ന സ്ഥലത്തേയ്ക്ക് മാറ്റി എങ്കിലും 1145-ൽ അത് റോമിലെ സാൻ മാർക്കോ ബസിലിക്കയിലെ അൾത്താരയുടെ അടിയിലായി മാറ്റി സ്ഥാപിച്ചു. സഭ വിശുദ്ധരുടെ ഗണത്തിൽ ചേർത്തിരിക്കുന്ന മർക്കോസ് മാർപാപ്പയുടെ തിരുന്നാൾ ഒക്ടോബർ 7-ന് നാം കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.