പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 33 – വി. സിൽവെസ്റ്റർ I (285-335)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

സഭയ്ക്ക് പ്രവർത്തനസ്വാതന്ത്ര്യം കിട്ടിയ ആദ്യകാലയളവിലെ മാർപാപ്പയാണ് ക്രിസ്തുവർഷം 314 മുതൽ 335 വരെ സഭാഭരണം കയ്യാളിയ വി. സിൽവെസ്റ്റർ. റുഫിനൂസ് എന്ന ഒരാളുടെ മകനായി റോമിൽ 285-ൽ ഇദ്ദേഹം ജനിച്ചുവെന്ന് ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നു. സഭാചരിത്രത്തിലെ എട്ടാമത്തെ നീണ്ട മാർപാപ്പാഭരണമായിരുന്നു വി. സിൽവസ്റ്ററിന്റേത്. ഈ സുപ്രധാന കാലഘട്ടത്തിൽ നീണ്ടനാൾ നേതൃസ്ഥാനം അലങ്കരിച്ചുവെങ്കിലും ചരിത്രപരമായ ചുരുങ്ങിയ വൃത്താന്തങ്ങൾ മാത്രമേ നമുക്ക് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ലഭ്യമായിട്ടുള്ളൂ.

സിൽവെസ്റ്റർ ഒന്നാമൻ മാർപാപ്പയുടെ കാലയളവിൽ ധാരാളം വലിയ ക്രിസ്തീയ ദേവാലയങ്ങളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ജറുസലേമിലെ വിശുദ്ധ കുരിശിന്റെ ബസിലിക്ക, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്ക, വി. പത്രോസിന്റെ ആദ്യത്തെ ബസിലിക്ക തുടങ്ങിയൊക്കെ നിർമ്മിക്കാൻ ആരംഭിച്ചത് ഇക്കാലയളവിലാണ്. കൂടാതെ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായും വിവിധ ദേവാലയങ്ങൾ നിർമ്മിച്ചു. കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ 325-ലെ പ്രസിദ്ധമായ നിഖ്യാ സുന്നഹദോസിൽ സിൽവെസ്റ്റർ മാർപാപ്പയ്ക്കു പകരം അദ്ദേഹത്തിന്റെ പ്രതിനിധികളായി  വിൻസെൻഷ്യസും വീത്തൂസും സംബന്ധിച്ചു. അവരുടെ റിപ്പോർട്ടിൻപ്രകാരം സിനഡിന്റെ തീരുമാനങ്ങളെ മാർപാപ്പ അംഗീകരിക്കുകയും ചെയ്തു.

സിൽവെസ്റ്റർ മാർപാപ്പയുടെ ഭരണകാലയളവിനെക്കുറിച്ച് പിന്നീട് അനേകം കഥകൾ പ്രചാരത്തിൽ വന്നു. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതപ്പെട്ട ഒരു സാങ്കൽപ്പിക കഥയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയെ മാർപാപ്പ മാമ്മോദീസാജലം തളിച്ച് കുഷ്ഠരോഗത്തിൽ നിന്നും സുഖപ്പെടുത്തി എന്നു പറയുന്നു. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട “കോൺസ്റ്റന്റിന്റെ ദാനം” എന്ന പ്രസിദ്ധമായ കഥയിൽ ചക്രവർത്തി സിൽവസ്റ്റർ മാർപാപ്പയെ റോമിന്റെയും പാശ്ചാത്യ റോമൻ സാമ്രാജ്യത്വത്തിന്റെയും അധികാരം ഏല്പിച്ചുകൊണ്ട് തന്റെ ആസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറ്റി എന്നു പറയുന്നു. കൂടാതെ, മാർപാപ്പയെ എല്ലാ പാത്രിയർക്കീസുമാരുടെയും പാശ്ചാത്യസഭയുടെയും തലവനായും നിയമിച്ചു. ഇത് മാർപാപ്പയുടെ ആത്മീയ-ഭൗതിക അധികാരങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പിന്നീടുണ്ടായ ചരിത്രപരമായ ആവശ്യകതയാൽ ഉണ്ടാക്കിയ കഥയാണെന്ന് കരുതപ്പെടുന്നു. പ്രിസില്ലായുടെ നാമത്തിലുള്ള സെമിത്തേരിയിൽ അടക്കിയ സിൽവെസ്റ്റർ മാർപാപ്പയുടെ തിരുശേഷിപ്പുകൾ പിന്നീട് റോമിലെ സാൻ സിൽവെസ്‌ത്രോ ബസിലിക്കയിൽ മാറ്റി സ്ഥാപിച്ചു. ഡിസംബർ 31-ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു. ഇന്നും ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിൽ പുതുവർഷ പുലരിക്കു മുൻപുള്ള സന്ധ്യയ്ക്ക് സിൽവസ്റ്റർ എന്നാണ് പറയുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.