പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 31 – വി. എവുസേബിയസ് (?-310)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 310 ഏപ്രിൽ 18 മുതൽ ഓഗസ്റ്റ് 17 വരെ നീണ്ട നാലു മാസത്തെ സഭാഭരണത്തെക്കുറിച്ച് വളരെ വിരളമായ വിവരങ്ങളേ പിൻതലമുറക്ക് ലഭ്യമായിട്ടുള്ളൂ. എവുസേബിയസ് ഗ്രീക്ക് വംശനായിരുന്നുവെന്നും ഭിഷഗ്വരനായി പരിശീലനം നേടിയ ആളായിരുന്നുവെന്നും റോമിൽ വന്നതിനുശേഷം സഭയ്ക്ക് നേതൃത്വം നൽകാനുള്ള നിയോഗം അദ്ദേഹത്തിൽ വന്നുചേരുകയുമായിരുന്നു എന്നാണ് പാരമ്പര്യം. ഈ നാമത്തിൽ പ്രസിദ്ധ സഭാചരിത്രകാരനായ സേസറിയായിലെ എവുസേബിയസും (265-339), ആര്യൻ പാഷണ്ഡതയ്ക്കെതിരെ പോരാടിയ വേർചെല്ലിയിലെ എവുസേബിയസും (283-371) സമകാലീനരായി ഉള്ളതുകൊണ്ട് പലർക്കും ഇവരെ തമ്മിൽ മാറിപ്പോകാറുണ്ട്. ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൽ പ്രവർത്തനസ്വാതന്ത്ര്യം പ്രാപിക്കുന്നതിന് തൊട്ടുമുമ്പുള്ള മതപീഡന കാലയളവിലെ അവസാന മാർപാപ്പമാരിലൊരാളാണ് വി. എവുസേബിയസ്. ഡയോക്‌ളീഷൻ ചക്രവർത്തി മുമ്പ് പ്രഖ്യാപിച്ച ക്രിസ്തീയ മതപീഡന നയങ്ങൾ ഇക്കാലത്തും തുടരുകയും അനേകം വിശ്വാസികൾ പീഡനത്തിനിരയാവുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസികളുടെ എണ്ണം അവഗണിക്കാനാവാത്ത വിധം റോമൻ സാമ്രാജ്യത്തിലുടനീളം ഇക്കാലയളവിൽ വളർന്നു. അതിനാൽ തന്നെ അവരുടെ ഇടയിലെ വലിയ പ്രശ്നങ്ങൾ റോമിലെ ക്രമസമാധാന പ്രശ്നങ്ങളായി വളർന്നു. തന്റെ മുൻഗാമിയായിരുന്ന മാർസെല്ലൂസ് ഒന്നാമൻ മാർപാപ്പയുടെ നയങ്ങൾ തന്നെയാണ് വിശ്വാസവീഴ്ച സംഭവിച്ച് വീണ്ടും സഭയുമായി രമ്യപ്പെടാൻ ഒരുമ്പെട്ട ആളുകളുടെ കാര്യത്തിൽ എവുസേബിയസ് മാർപാപ്പയും സ്വീകരിച്ചത്. എന്നാൽ ക്രിസ്തീയ മതപരിത്യാഗികൾ ഹെരാക്ലിയൂസ് എന്നയാളുടെ നേതൃത്വത്തിൽ എവുസേബിയസ് മാർപാപ്പയുടെ പ്രായശ്ചിത്ത-അനുരഞ്ജന നയങ്ങളെ എതിർത്തു (ചില സഭാചരിത്രകാരന്മാർ ഹെരാക്ലിയൂസിനെ എതിർപാപ്പാമാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്). ഇത് വലിയ ലഹളകളായി തെരുവിലേക്ക് വലിച്ചിഴക്കപ്പടുന്ന അവസരങ്ങൾ ഉണ്ടായി.

മിക്സെന്റിനൂസ് ചക്രവർത്തി എവുസേബിയസ് മാർപാപ്പയെയും ഹെരാക്ലിയൂസിനെയും ഇറ്റലിയിലെ സിസിലി ദ്വീപിലേക്ക് നാടുകടത്തി. അവിടെയെത്തി അധിക നാൾ കഴിയും മുമ്പേ പീഢനത്താൽ മാർപാപ്പ മരണപ്പെട്ടു. എവുസേബിയസ് മാർപാപ്പയെ സഭ രക്തസാക്ഷികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പിൻഗാമി മിൽത്തിയാദസ് മാർപാപ്പ എവുസേബിയസിന്റെ ഭൗതികശരീരം വീണ്ടെടുത്ത് റോമിലെ കലിസ്റ്റസ് സെമിത്തേരിയിലെ കല്ലറയിൽ സംസ്‌ക്കരിച്ചു. കല്ലറയിലുള്ള സ്മാരകശിലയിൽ പിന്നീട് ദമാസൂസ് മാർപാപ്പ എവുസേബിയസ് നാടുകടത്തപ്പെടുകയും സഭയുടെ പഠനങ്ങളിൽ അടിയുറച്ചുനിന്ന് രക്തസാക്ഷിത്വം വരിച്ചെന്നും പറയുന്നു. ഓഗസ്റ്റ് 17-ന് വി. എവുസേബിയസ് മാർപാപ്പയുടെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.