പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 30 – വി. മാർസെല്ലൂസ് I (255-309)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 308 മുതൽ 309 വരെ സഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ മാർപാപ്പയാണ് വി. മാർസെല്ലൂസ്. ഇറ്റലിയിലെ റോമിൽ 255-ലാണ് അദ്ദേഹത്തിന്റെ ജനനം. മാക്‌സെന്റീനൂസ് മാക്സിമസ് ചക്രവർത്തിമാരുടെ മതപീഡനം കാരണം മുൻഗായിയായ മാർസെല്ലിനസിന്റെ മരണശേഷം ഏതാണ്ട് നാല് വർഷങ്ങൾക്കു ശേഷമാണ് മാർസെല്ലൂസ് ഒന്നാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. റോമിലെ സഭയെ ഇരുപത്തിയഞ്ചു പ്രവിശ്യകളായി വിഭജിച്ച് വൈദിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശ്വാസികളുടെ ആവശ്യങ്ങൾ നിവർത്തിക്കാനുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്തു. എന്നാൽ  ക്രിസ്തീയപീഡനത്തിന്റെ മൂർദ്ധന്യാവസ്ഥയിലൂടെ കടന്നുപോയ സഭയുടെ പല പള്ളികളും സെമിത്തേരികളും നശിപ്പിക്കപ്പെട്ടപ്പോൾ വിശ്വാസികളുടെ ഒത്തുചേരൽ തന്നെ അസാധ്യമായിത്തീർന്നു. ഇക്കാലത്ത് സഭയെ നയിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു.

പീഡനം മൂലം വിശ്വാസം ഉപേക്ഷിച്ചുപോയവരെ തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളും മാർപാപ്പയുടെ ഭാഗത്തു നിന്നും ഉണ്ടായി. എന്നാൽ സഭയിലേക്കുള്ള മടങ്ങിവരവിന് ഇവർ ചില കർശന നിബന്ധനകൾ അനുഷ്ഠിക്കേണ്ടതുണ്ടായിരുന്നു. വിശ്വാസവീഴ്ച സംഭവിച്ചവർ പാപത്തിന് പരിഹാരം ചെയ്യുകയും പരസ്യമായി തങ്ങൾ പശ്ചാത്തപിച്ച് തിരികെ വരുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ചിലർ തങ്ങൾ തെറ്റുകാരല്ല എന്ന് അവകാശപ്പെട്ട് പ്രായശ്ചിത്തം അനുഷ്ഠിക്കാൻ വിസമ്മതിച്ചു. കൂടാതെ പീഡനങ്ങളിൽ പിടിച്ചുനിന്നവർ ഇവരുടെ മടങ്ങിവരവിനെ എതിർത്തു. ഇക്കാര്യങ്ങൾ സഭയിൽ വലിയ ആഭ്യന്തരപ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. ഇങ്ങനെ വിരുദ്ധചേരിയിലായ വിശ്വാസികൾ പരസ്യമായി കലഹിക്കുന്നത് റോമിൽ ക്രമസമാധാന പ്രശ്നമായി വളർന്നു.

മാക്സെന്റിനൂസ് ചക്രവർത്തി വളരെ ക്രൂരനായിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. സ്ഥാനത്യാഗം ചെയ്യുന്നതിനും റോമിലെ ദൈവങ്ങൾക്ക് ആരാധന അർപ്പിക്കാനും ഈ സമയത്ത് ചക്രവർത്തി മാർസെല്ലൂസ് മാർപാപ്പയെ പ്രേരിപ്പിച്ചു. അതിന് മാർപാപ്പ വിസമ്മതിച്ചപ്പോൾ റോമിൽ നിന്ന് പുറത്താക്കി അടിമയായി ഹൈവേ ജോലിക്കായി അയക്കുന്നു. പിന്നീട് ലൂചീന എന്ന ഒരു സ്ത്രീയുടെ കുതിരാലയത്തിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം മരിക്കുന്നത് എന്ന് പാരമ്പര്യം സാക്ഷിക്കുന്നു. അവിടുത്തെ ജോലികാഠിന്യമാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിനു കാരണം. വി. പ്രിസില്ലയുടെ പേരിലുള്ള സെമിത്തേരിയിലെ കല്ലറയിലാണ് വി. മാർസെല്ലൂസിനെ അടക്കിയത്. വി. മാർസെല്ലൂസ് മാർപാപ്പയുടെ തിരുശേഷിപ്പുകൾ ഇന്ന് റോമിലെ സാൻ മർസെല്ലോ അൽ കോർസൊ ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജനുവരി 16-ന് സഭ വി. മാർസെല്ലൂസിന്റെ തിരുന്നാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.