പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 28 – വി. ഗായൂസ് (245-296)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 283 മുതൽ 296 വരെ ആഗോളസഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് വി. ഗായിയൂസ്. റോമൻ സാമ്ര്യാജ്യത്തിലെ ദൽമാത്തിയ പ്രവിശ്യയിലെ സലോണ എന്ന സ്ഥലത്ത് 245-ലാണ് അദ്ദേഹത്തിന്റെ ജനനം. കായൂസ്, ഗായൂസ് എന്നീ നാമങ്ങൾ അദ്ദേഹം മാർപാപ്പ ആകുന്നതിനു മുൻപും അതിനു ശേഷവും ഉപയോഗിച്ചിരുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ സഭാഭരണ കാലയളവിലെ ആദ്യകാലങ്ങളിൽ പീഡനങ്ങൾ കുറവായിരുന്നതിനാൽ സഭയ്ക്ക് ഇക്കാലത്ത് വലിയ വളർച്ച ഉണ്ടായി. ഗായൂസ് മാർപാപ്പയുടെ റോമിലുണ്ടായിരുന്ന ഭവനം ക്രിസ്ത്യാനികൾ ഒരുമിച്ചുകൂടി പ്രാർത്ഥന നടത്തുന്ന സ്ഥലമായിരുന്നു. പിന്നീട് അത് ദേവാലയമായി പരിവർത്തനപ്പെടുത്തിയെന്നും പറയപ്പെടുന്നു. ആറാം നൂറ്റാണ്ട് മുതൽ നിലവിലുള്ള പാരമ്പര്യമനുസരിച്ച് റോമിലെ ഇന്നത്തെ സാന്താ സൂസന്നാ ദേവാലയം ആ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്.

മാർപാപ്പ എന്ന നിലയിൽ പല നിയമങ്ങളും അദ്ദേഹം പുതുതായി പ്രാബല്യത്തിൽ വരുത്തുകയും അതിനനുസരിച്ച് സഭയെ കെട്ടുറപ്പുള്ളതാക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു. അതിലൊന്ന് ഒരാളെ ബിഷപ്പായി അഭിഷേചിക്കുന്നതിനു മുൻപ് അദ്ദേഹം സബ്-ഡീക്കനും പുരോഹിതനും ഒക്കെയായി ഉത്തരവാദിത്വങ്ങൾ നിർവവഹിച്ചിരിക്കണം എന്നതായിരുന്നു. റോമൻ സഭയെ പല പ്രവിശ്യകളായി തിരിക്കുകയും ഓരോ ഭാഗത്തിന്റെയും ചുമതല ഓരോ ബിഷപ്പുമാരെ ഏൽപ്പിക്കുകയും ചെയ്തു. ഡയോക്ലിഷൻ ചക്രവർത്തിയുടെ, ക്രിസ്ത്യാനികളോടുള്ള ശത്രുത തുടർന്നെങ്കിലും ഗായൂസ് മാർപാപ്പ സഭയുടെ അതിർത്തികൾ വികസിപ്പിക്കുകയും ധാരാളം പുറജാതികൾ ക്രിസ്തീയവിശ്വാസത്തെ പുൽകുകയും ചെയ്തു. അതുപോലെ റോമിൽ പുതിയ ദേവാലയങ്ങളും സെമിത്തേരികളും നിർമ്മിക്കുകയും നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്തു.

അവസാനകാലങ്ങളിൽ ചക്രവർത്തിയുടെ ക്രിസ്തീയവിരുദ്ധ നയങ്ങൾ കാരണം റോമിലെ ഭൂഗർഭ ഭവനങ്ങളിൽ ആയിരുന്നു ഗായൂസ് മാർപാപ്പ താമസിച്ചിരുന്നത്. ഇത് അവിടെയുള്ള ക്രിസ്തീയവിശ്വാസികളെ അടുത്തറിയുന്നതിനും അവർക്ക് നല്ല ശുശ്രൂഷ നൽകുന്നതിനുമുള്ള വലിയൊരു അവസരമായി മാറി. ഗായൂസ് മാർപാപ്പ രക്തസാക്ഷിത്വം വരിച്ചു എന്നും അതല്ല അദ്ദേഹത്തിന്റേത് സാധാരണ മരണമായിരുന്നു എന്നും രണ്ടു പാരമ്പര്യങ്ങൾ ഇന്ന് നിലവിലുണ്ട്. കലിസ്റ്റസ് സെമിത്തേരിയിൽ മാർപാപ്പമാർക്കായി വേർതിരിച്ചിരുന്ന കല്ലറകൾ തീർന്നതുകൊണ്ടാകണം ഗായൂസ് മാർപാപ്പയെ അടുത്തുള്ള മറ്റൊരു സെമിത്തേരിയിലാണ് അടക്കിയത്. പിന്നീട് ഉർബൻ എട്ടാമൻ മാർപാപ്പ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ 1631-ൽ റോമിലെ വി. ഗായൂസിന്റെ നാമത്തിലുള്ള ദേവാലയത്തിലേക്കും 1880-ൽ ഈ ദേവാലയം ഇല്ലാതായപ്പോൾ ബർബറിനി കുടുംബ ചാപ്പലിലേക്കും മാറ്റിസ്ഥാപിച്ചു. ഏപ്രിൽ 22-ന് വി. ഗായൂസിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.