പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 27 – വി. എവുത്തിക്യൻ (240-283)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 275 മുതൽ 283 വരെയുള്ള കാലങ്ങളിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് വി. എവുത്തിക്യൻ. എട്ടു വർഷവും പതിനൊന്ന് മാസവും അദ്ദേഹം മാർപാപ്പ സ്ഥാനം അലങ്കരിച്ചിരുന്നു എന്ന് “ലീബർ പൊന്തിഫിക്കാലിസ്” പറയുന്നു. ഇറ്റലിയിലെ ലൂണ എന്ന പ്രദശത്ത് 240- ലാണ് അദ്ദേഹത്തിന്റെ ജനനം. എവുത്തിക്കിയാനൂസ് എന്ന ജനനപ്പേര്‌ പിന്നീട് ചുരുങ്ങി എവുത്തിക്യൻ ആയതാണെന്ന് പറയപ്പെടുന്നു. ഫെലിക്സ് ഒന്നാമൻ മാർപാപ്പ കാലം ചെയ്ത് ഏഴു ദിവസത്തിനുള്ളിൽ എവുത്തിക്യൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നു. അദ്ദേഹം ഒരു ഡീക്കനോ, ബിഷപ്പോ ആയി സേവനമനുഷ്ഠിക്കപ്പെടുന്ന സമയത്താണ് ഈ സ്ഥാനത്തേയ്ക്ക് വിളിക്കപ്പെട്ടത്.

റോമൻ സാമ്രാജ്യത്തിലെ അക്കാലത്തെ അരക്ഷിതാവസ്ഥ സഭയുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. പല ചക്രവർത്തിമാരും കൊല്ലപ്പെടുകയോ രോഗം ബാധിച്ച് പെട്ടെന്ന് മരണപ്പെടുകയോ ചെയ്തു. റോമൻ ജനറലായിരുന്ന മഹാനായ പോംപേയ് ക്രിസ്തുവിനു മുൻപ് 64-ൽ സിറിയൻ പ്രദേശങ്ങൾ കീഴടക്കി അന്ത്യോഖ്യ ഈ പ്രദേശത്തിന്റെ തലസ്ഥാനമാക്കി. എന്നാൽ മൂന്നാം നൂറ്റാണ്ടിൽ റോമിലുണ്ടായ ഭരണ പ്രതിസന്ധിഘട്ടത്തിൽ ഈ പ്രദേശത്തിന്റെമേൽ റോമിനുള്ള നിയന്ത്രണം നഷ്ടപ്പെടുകയും സിറിയ അവരുടെ സാമ്രാജ്യം പ്രഖ്യാപിക്കുകയും ചെയ്തു. വിശാല റോമൻ സാമ്രാജ്യത്തിലെ മൂന്നാമത്തെ വലിയ നഗരമായ അന്ത്യോഖ്യയിലെ സഭയുമായി എവുത്തിക്യൻ മാർപാപ്പക്ക് പഴയതു പോലെയുള്ള ബന്ധം നിലനിർത്തുന്നതിന് സാധിക്കാതെ വന്നു.

കൃഷിസ്ഥലങ്ങൾ ആശീർവദിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് വി. എവുത്തിക്യൻ. അദ്ദേഹം റോമിലെ വിവിധ കൃഷിയിടങ്ങൾ സന്ദർശിക്കുകയും നല്ല ഫലത്തിനായി കൃഷിക്കാരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ തന്നെ മുന്തിരി, പയർ തുടങ്ങിയ ഫലമൂലാദികൾ ദേവാലയത്തിൽ കൊണ്ടുവന്ന് ആശീർവദിക്കുന്ന പാരമ്പര്യവും അദ്ദേഹം തുടങ്ങിവച്ചു (ഇവയൊക്കെ എവുത്തിക്യൻ മാർപാപ്പയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളായിരിക്കാം എന്നും ചരിത്രകാരന്മാർ പറയുന്നു). അതുപോലെ മതപീഡനകാലത്ത് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ പലർക്കും അന്നത്തെ സാഹചര്യത്തിൽ ഉചിതമായ കബറടക്കം ലഭിക്കാതെ പോയിട്ടുണ്ട്. അങ്ങനെയുള്ളവരെയെല്ലാം കണ്ടുപിടിച്ച് പ്രത്യേകം അടക്ക ശുശ്രൂഷയും മാർപാപ്പ വ്യക്തിപരമായ നടത്തി. എവുത്തിക്യൻ മാർപാപ്പയുടേത് ഒരു സാധാരണ മരണമായിരുന്നു. ചില രേഖകൾ പ്രകാരം റോമിലെ ആപ്പിയൻ വഴിയിലുള്ള കലിസ്റ്റസ് സെമിത്തേരിയിലെ മാർപാപ്പമാരുടെ പ്രത്യേക കല്ലറയിൽ അടക്കപ്പെടുന്ന അവസാനത്തെ മാർപാപ്പയാണ് ഇദ്ദേഹം. ഡിസംബർ 8-ന് സഭ വി. എവുത്തിക്യന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.