പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 26 – വി. ഫെലിക്സ് I (206-274)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 269 മുതൽ 274 വരെ സഭയെ നയിച്ച ഫെലിക്സ് ഒന്നാമൻ മാർപാപ്പ 206-ൽ റോമിലാണ് ജനിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് ചരിത്രപരമായ വളരെ കുറച്ചു വിവരങ്ങൾ മാത്രമേ പിൻതലമുറയ്ക്ക് ലഭ്യമായിട്ടുള്ളൂ. ലഭ്യമായ വിവരങ്ങളുടെ ആധികാരികതയെക്കുറിച്ച് ആധുനിക സഭാചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളതും. മാർപാപ്പയാകുന്നതിന് മുൻപ് വഹിച്ച ഉത്തരവാദിത്വങ്ങൾ സഭാഭരണത്തിൽ പിന്നീട് ഫെലിക്സ് മാർപാപ്പയ്ക്ക് മുതൽക്കൂട്ടായിത്തീർന്നു. രക്തസാക്ഷികളായവരെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഭൂഗർഭ സെമിത്തേരികളിൽ ബലിയർപ്പിക്കാനുള്ള നിർദ്ദേശം ഫെലിക്സ് ഒന്നാമൻ മാർപാപ്പ പുറപ്പെടുവിച്ചുവെന്ന് “ലീബർ പൊന്തിഫിക്കാലിസ്” എന്ന ഗ്രന്ഥം പറയുന്നു. ഇവർ മരിച്ച ദിവസം തന്നെ റോമിലെ കലിസ്റ്റസ് ഭൂഗർഭ സെമിത്തേരിയിലുള്ള അൾത്താരയിലാണ് ഈ ബലിയർപ്പണം നടന്നിരുന്നത്. അങ്ങനെ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ സഭ എക്കാലവും അനുസ്മരിക്കുന്ന രീതി നിലവിൽ വരികയും ചെയ്തു.

ദൈവപുത്രനായ ക്രിസ്തുവിൽ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഐക്യപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ഒരു അപ്പസ്തോലിക ലേഖനം ഫെലിക്സ് മാർപാപ്പ എഴുതി. അതുപോലെ അന്ത്യോഖ്യയിലെ ബിഷപ്പായിരുന്ന സാമസോട്ടയിലെ പൗലോസും അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ് ദോംനൂസും തമ്മിലുള്ള ദൈവശാസ്ത്ര തർക്കം പരിഹരിക്കുന്നതിന് റോമൻ ചക്രവർത്തിയായ ഔറേലിയന്റെ സഹായം മാർപാപ്പയ്ക്ക് ലഭിച്ചു. പൗലോസ് വേദവിപരീതം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. സഭാചരിത്രകാരനായ എവുസേബിയസ് പറയുന്നത് റോമിലെ ബിഷപ്പിന്റെ നിർദേശം അനുസരിച്ചു പ്രവർത്തിക്കാൻ അന്ത്യോഖ്യയിലെ സഭയ്ക്ക് ഔറേലിയൻ നിർദ്ദേശം നൽകി എന്നാണ്.

ഔറേലിയൻ ചക്രവർത്തി ഫെലിക്സ് മാർപാപ്പയെ സഹായിച്ചിരുന്നുവെങ്കിലും ക്രിസ്തീയവിശ്വാസികളെ പീഡിപ്പിക്കുന്ന നയം തുടരുകയാണുണ്ടായത്. ക്രിസ്തുവർഷം 431-ൽ എഫേസൂസിൽ വച്ച് നടന്ന നാലാം എക്യൂമെനിക്കൽ കൗൺസിൽ രേഖകളിൽ പറയുന്നത് ഫെലിക്സ് മാർപാപ്പ മരണപ്പെടുന്നത് ചക്രവർത്തിയുടെ പീഡനങ്ങൾ കാരണമാണെന്നാണ്. പിന്നീട് റോമിലെ വിയ ഔറേലിയ എന്ന സ്ഥലത്തുള്ള ബസിലിക്കയിൽ അദ്ദേഹത്തെ അടക്കിയെന്നും ചില രേഖകളിൽ കാണുന്നു. എന്നാൽ ഫെലിക്സ് മാർപാപ്പയുടേത് സാധാരണ മരണമായിരുന്നുവെന്നും റോമിലെ കലിസ്റ്റസ് സെമിത്തേരിയിലാണ് അടക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള വിശ്വാസത്തിനാണ് ഇന്ന് കൂടുതൽ സ്വീകാര്യത. ഡിസംബർ 30-ന് ആചരിച്ചിരുന്ന ഫെലിക്സ് മാർപാപ്പയുടെ തിരുനാൾ 1960-ലെ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ആരാധന കലണ്ടർ നവീകരണത്തിന് ശേഷം മെയ് 30-ലേക്ക് മാറ്റിയിട്ടുണ്ട്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.